ബെംഗളൂരു: ‘‘അന്ന് ഞാൻ ക്ലാസിൽ ഒന്നാമനായിരുന്നു. 98 ശതമാനം മാർക്കുനേടിയാണ് മിഡിൽ സ്കൂൾ പാസായത്. ക്ലാസ് ലീഡറുമായിരുന്നു’’ -ബെംഗളൂരുവിലെ പ്രൈമറി സ്കൂൾകാലത്തെ ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ച് സ്റ്റൈൽമന്നൻ രജനീകാന്തിന്റെ വീഡിയോസന്ദേശം.
രജനീകാന്ത് പഠിച്ച ബെംഗളൂരുവിലെ ബസവനഗുഡി ആചാര്യ പാഠശാല സ്കൂളിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പൂർവ വിദ്യാർഥിസംഗമത്തിനാണ് ബാങ്കോക്കിൽനിന്ന് വീഡിയോസന്ദേശം അയച്ചത്.
ബാങ്കോക്കിൽ പുതിയ സിനിമയുടെ ഷൂട്ടിങ്ങിലായതിനാൽ സംഗമത്തിന് പങ്കെടുക്കാനായില്ലെന്ന ക്ഷമാപണത്തോടെയാണ് കന്നഡയിലുള്ള സന്ദേശം പങ്കുവെക്കുന്നത്. ആചാര്യ സ്കൂളിൽ നാടകമത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയുംചെയ്ത കാര്യങ്ങൾ ഓർത്തെടുത്ത് തന്റെ നടനജീവിതം ആരംഭിക്കുന്നത് അവിടെനിന്നാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഗവിപുരയിലെ കന്നഡ മീഡിയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്നാണ് പഠനത്തിൽ ഒന്നാമനായത്. പിന്നീട് തന്റെ സഹോദരൻ ഇംഗ്ലീഷ് മീഡിയം സ്കൂളായ ആചാര്യ പാഠശാലയിൽ ചേർത്തു. അവിടെ ഭാഷ വലിയപ്രശ്നമായി. പക്ഷേ, അധ്യാപകരുടെ സഹായത്തോടെ വെല്ലുവിളികളെ തരണംചെയ്തു. എട്ടും ഒൻപതും ക്ലാസുകൾ വിജയിച്ചു. പക്ഷേ, ഫിസിക്സും കെമിസ്ട്രിയും കണക്കും മോശമായതിനാൽ പത്താംക്ലാസ് വിജയിക്കാനായില്ല.
പിന്നീട് കെമിസ്ട്രി അധ്യാപകൻ സൗജന്യമായി ക്ലാസെടുത്തുതന്നു. അങ്ങനെ പത്താംക്ലാസ് വിജയിച്ചു -രജനീകാന്ത് ഓർത്തെടുത്തു. ആചാര്യ പാഠശാല കോളേജിൽ പഠിക്കുമ്പോൾ ആദിശങ്കരന്റെയും ചണ്ഡാളന്റെയും കഥപറയുന്ന നാടകത്തിൽ അഭിനയിച്ചതും അദ്ദേഹത്തിന്റെ ഓർമ്മയിലെത്തി. ചണ്ഡാളനായാണ് താൻ അഭിനയിച്ചത്. നാടകമത്സരത്തിൽ കോളേജ് ഒന്നാംസ്ഥാനം നേടി. ചണ്ഡാളനെ അവതരിപ്പിച്ച താൻ മികച്ചനടനായി. അങ്ങനെയാണ് നടനജീവിതം ആരംഭിച്ചതെന്നും രജനീകാന്ത് വിവരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]