കോടികളുടെ നഷ്ടമെന്ന് നിർമാതാക്കൾ പറയുമ്പോഴും മലയാളസിനിമയ്ക്കിത് കുതിപ്പിന്റെ കാലമെന്ന് കണക്കുകൾ. രാജ്യത്തെ വിവിധഭാഷകളിലെ സിനിമകളുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തുന്ന ഓർമാക്സ് ബോക്സ്ഓഫീസ് റിപ്പോർട്ടുപ്രകാരം 2024-ൽ മലയാളസിനിമ വിപണിവിഹിതം ഇരട്ടിയാക്കി. 2023-ലെ അഞ്ചുശതമാനത്തിൽനിന്ന് പത്തുശതമാനമായി.
രാജ്യത്ത് കഴിഞ്ഞവർഷം മിന്നുന്നപ്രകടനത്തിലൂടെ സൂപ്പർതാരപദവിയിലെത്തിയ ഏകഭാഷ മലയാളമാണ്. 1000 കോടി ഗ്രോസ് കളക്ഷനെന്ന സുവർണനേട്ടത്തിലെത്തിയ വർഷം, മലയാളത്തിൽ 26 സിനിമകൾ പത്തുകോടി നേട്ടം പിന്നിട്ടു. 2023-ന്റെ ഇരട്ടിയാണിത്.
ഹിന്ദിക്കും തമിഴിനും കന്നഡയ്ക്കും വരുമാനത്തിൽ ഇടിവുസംഭവിച്ച 2024-ൽ, മലയാളസിനിമയ്ക്കുണ്ടായ വർധന 104 ശതമാനമാണ്. 2023-ലെ 572 കോടിയിൽനിന്ന് 1165 കോടിയിലേക്ക് കുതിച്ചുചാടി. ഗുജറാത്തിയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഭാഷ (66 ശതമാനം). മലയാളസിനിമാപ്രേക്ഷകരുടെ എണ്ണത്തിലും വൻവർധനയുണ്ട്. 2023-ലെ 6.7 കോടിയിൽനിന്ന് 12.6 കോടിയിലേക്ക്(88 ശതമാനം).
മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങിയ സിനിമകൾ ഇതരസംസ്ഥാനങ്ങളിലും ഹിറ്റായതോടെയാണ് പ്രേക്ഷകരുടെ എണ്ണംകൂടിയത്. രാജ്യത്ത് കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ 15 സിനിമകളുടെ പട്ടികയിൽ 170 കോടിയുമായി മഞ്ഞുമ്മൽ ബോയ്സ് പതിന്നാലാംസ്ഥാനത്തുണ്ട്. പുഷ്പ 2 ആണ് ഒന്നാമത് (1403 കോടി).
ബോളിവുഡ് തകർന്ന 2024
2024-ൽ ദയനീയമായിരുന്നു ബോളിവുഡിന്റെ പ്രകടനം. സിനിമകളുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തുന്ന ഓർമാക്സ് ബോക്സ് ഓഫീസ് റിപ്പോർട്ടുപ്രകാരം ഹിന്ദിസിനിമയ്ക്ക് വിപണിവിഹിതത്തിൽ നാലുശതമാനത്തിന്റെ കുറവാണുണ്ടായത്. വരുമാനം 5380 കോടിയിൽനിന്ന് 4679 കോടിയായി.അതുമാത്രമല്ല, ഹിന്ദി സിനിമകളുടെ വരുമാനത്തിന്റെ 31 ശതമാനവും തെന്നിന്ത്യൻഭാഷകളിൽനിന്ന് ഡബ്ബ് ചെയ്തെത്തിയവയിലൂടെയാണ്.
ഹിന്ദിഭാഷയിലിറങ്ങിയ സിനിമകളുടെ മാത്രം കണക്കെടുത്താൽ ബോളിവുഡിനുണ്ടായ ബോക്സ്ഓഫീസ് ഇടിവ് 37 ശതമാനമാകും. തെലുഗു (20), തമിഴ് (15), കന്നഡ (മൂന്ന്) എന്നിവകൂടിയാകുമ്പോൾ 48 ശതമാനത്തിലേക്കെത്തുന്നു തെന്നിന്ത്യൻ ഭാഷകളുടെ ബോക്സ് ഓഫീസ് വിഹിതം. ഒരുകാലത്ത് ഇന്ത്യൻ സിനിമയെ അടക്കിഭരിച്ച ബോളിവുഡിന്റേത് 40 ശതമാനം മാത്രവും. എട്ടുശതമാനമാണ് ഹോളിവുഡ് സിനിമകളുടെ ബോക്സ് ഓഫീസ് വിഹിതം.
2024-ൽ ഇന്ത്യയിലെ സിനിമാവ്യവസായം നേടിയത് 11,833 കോടിയുടെ ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷനാണ്. 2023-ൽ ഇത് 12,226 കോടിയായിരുന്നു. മൂന്നു ശതമാനത്തിന്റെ കുറവ്.
നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തിടെ പുറത്തുവിട്ട കണക്കുപ്രകാരം മലയാളസിനിമയ്ക്ക് കഴിഞ്ഞവർഷമുണ്ടായ നഷ്ടം 700 കോടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]