ആദ്യകാഴ്ച 1984-ല്‍ കോഴിക്കോട് തിരുവണ്ണൂര്‍ കോവിലകത്ത് വെച്ചായിരുന്നു. ഊണുകഴിഞ്ഞ് ആട്ടുകട്ടിലില്‍ കാപ്പികാത്ത് പാട്ടുമൂളിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. വേഷം കസവുകര മുണ്ടും വേഷ്ടിയും. മടിച്ചിട്ടാണെങ്കിലും എന്റെ ക്യാമറയ്ക്കുമുന്നില്‍ വന്നുനിന്നു. പോക്കുവെയിലിന്റെ ഓറഞ്ചുനിറം, ചന്ദനനിറത്തിലുള്ള ശരീരം, കൂട്ടത്തില്‍ സ്വര്‍ണക്കരയുള്ള മുണ്ടും. മൂന്നുനാലു ചിത്രങ്ങളെടുത്ത് ഒരു ഉത്സാഹം വന്നോട്ടെ എന്നുകരുതി… അപരിചിതനോട് പറയാന്‍ ഒരിക്കലും പാടില്ലാത്ത ഔചിത്യമില്ലായ്മയോടെ ഞാന്‍ പതുക്കെ പറഞ്ഞു: ‘സര്, വയറേതാ കസവേതാന്ന് ക്യാമറയിലൂടെ തിരിച്ചറിയുന്നില്ല.’
മുഖം പെട്ടെന്ന് ഉണര്‍ന്നെങ്കിലും ചിത്രമെടുപ്പു കഴിഞ്ഞപ്പോള്‍ എന്റെയടുത്തുവന്ന് പറഞ്ഞു: ‘കമന്റ് എനിക്ക് സുഖിച്ചു. പക്ഷേ, എന്നോട് പറയേണ്ടതല്ലാ ട്ടോ… എനിക്ക് ഇത്തരം പതുക്കെമാത്രം പറയേണ്ട നേരമ്പോക്കുകള്‍ കേള്‍ക്കുന്നതും പറയുന്നതും ഇഷ്ടമാണ്. കുസൃതിക്കാരനാണ് അല്ലേ? പരിഭ്രമിക്കണ്ട. ഫോട്ടോ എന്റെ വിലാസത്തില്‍ പിന്നീട് അയച്ചുതരുമല്ലോ അല്ലേ?’ 1984 മുതല്‍ 2024 വരെയുള്ള നാല്‍പ്പതുകൊല്ലത്തെ സൗഹൃദ ബന്ധത്തിനിടയിലെ അലസനിമിഷങ്ങളില്‍ പകര്ത്തിപ്പോയ ചില ചിത്രങ്ങളാണിത്. ‘കാവ്യപുസ്തകമല്ലോ ജീവിതം’ എന്നു പാടിയ ഇദ്ദേഹം യൗവനത്തില്നിന്നു മധ്യവയസ്സിലേക്കും പിന്നെ വാര്ധക്യത്തിലേക്കും പരിണമിച്ചതിന്റെ ശ്ളഥചിത്രങ്ങളുമാണിത്.
പലകാലങ്ങളില്‍ പലസമയത്ത് പലരൂപത്തിലും പലവേഷത്തിലും ഭാവത്തിലും എന്റെ ക്യാമറയ്ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട ഏകവ്യക്തിയും ഇദ്ദേഹംതന്നെ. അടുത്തനിമിഷത്തില് എന്തുപറയുമെന്നോ എന്തുചെയ്യുമെന്നോ എങ്ങനെ പെരുമാറുമെന്നോ പ്രവചിക്കാനാവാത്ത സ്വഭാവമുള്ള, പൂര്‍ണമായും ശുദ്ധനും സത്യസന്ധനുമായ വ്യക്തിയും ഇദ്ദേഹംതന്നെയാണ്. മൊബൈല്‍ഫോണ്‍ വന്നതിനുശേഷം വിളിച്ചാല്‍ ആദ്യപ്രതികരണം ‘ആരാ? എന്താ വേണ്ടത്? ഒന്നും വേണ്ട’ എന്നായിരിക്കും. ‘വെറുതേ ഹൈദരാബാദില്‍നിന്നാണ്” – എന്ന് ഞാന്‍. ചെറിയ മൗനത്തിനുശേഷം ഫോണ്‍ കട്ട് ചെയ്യും. പത്തുമിനിറ്റു കഴിഞ്ഞാല്‍ തിരിച്ചുവിളിക്കും.
‘എന്നാടോ താനിനി നാട്ടിലെത്തുക? എനിക്ക് ഒന്ന് കാണണമെന്നുണ്ട്. ഉടനെ വരാന്നോക്കൂ, വൈകുന്നേരം തൃശ്ശൂരില്‍ ട്രെയിനിറങ്ങിയാല്‍ നേരേ വടക്കുന്നാഥന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ അതിര്‍ത്തിയിലുള്ള ആല്‍ത്തറയില്‍ ഇരുന്നാല്‍ മതി. ഞാന്‍ എത്തിക്കോളാം…’ അങ്ങനെ എത്രയെത്ര സായാഹ്നസന്ധ്യകളെ ധന്യമാക്കിത്തന്നു എനിക്കീ കലഹപ്രിയന്. അദ്ഭുതകരമായ ചാരുതയോടെ പാടിക്കേള്‍പ്പിക്കുന്ന പഴയതും പുതിയതുമായ സ്വന്തം ഗാനങ്ങള്‍, പിന്നെ മുഹമ്മദ് റഫിയുടെ, മുകേഷിന്റെ, പി. സുശീലയുടെ… അങ്ങനെയങ്ങനെ ചില രാത്രികള്‍ ഒന്‍പതുമണിവരെ നീളും. വാച്ചുനോക്കി പാട്ടുനിര്‍ത്തി: ‘താനെനിക്ക് ദോശ വാങ്ങിച്ചുതരുമെങ്കില് ഞാനത് കഴിച്ച്, തന്നെ അയ്യന്തോളോ കുറ്റൂരോ ഇറക്കിവിട്ട് വീട്ടില്പ്പോവാം. എഡോ, താന്‍ പ്രണയിച്ചിട്ടുണ്ടോ?’ എന്ന് ചോദിക്കും.
‘സുന്ദരികളായ പല പെണ്‍കുട്ടികളെയും ചില മുതിര്‍ന്നവരെയും അവരറിയാതെയും അറിഞ്ഞും അതിര്‍വരമ്പുകള്‍ മുറിക്കാതെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, അതിനെക്കാളേറെ മുളംകാടുകളില്‍ മഴപെയ്യുന്നതും പുഴയോരത്ത് നിലാവ് മദിച്ചുമയങ്ങുന്നതും സന്ധ്യകളില്‍ ആകാശത്ത് കാര്മേഘപ്പരപ്പിലൂടെ ഒഴുകിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങളെയും ഒക്കെയാണ് ഞാന്‍ മറ്റെന്തിനെക്കാളുമേറെ അഗാധമായി പ്രണയിക്കുന്നത് ജയേട്ടാ…’ -എന്ന് ഞാന്‍ പറയും. ആല്‍ത്തറയിലെ ഇരുണ്ടവെളിച്ചത്തില്‍ കുറച്ചുനേരം എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ട്: വെറുതെയല്ലാ ഈ ഞാന്‍ നിന്നെ ഇങ്ങനെ പ്രണയിക്കുന്നത് അല്ലേ? എന്നെക്കാള്‍ ഒരു പടി കുറവേയുള്ളൂ തന്റെ ഭ്രാന്തിന്.
സന്തോഷായി… തൃത്താല കേശവന്റെ ചെണ്ട, രാമന്‍കുട്ടിയാശാന്റെ ഹനുമാന്, എം.ഡി. രാമനാഥന്റെ ആനന്ദഭൈരവി, ബ്രിജു മഹാരാജിന്റെ നൃത്തം… സുശീലാമ്മയുടെ എല്ലാ പാട്ടുകളോടും പിന്നെ ചില നര്ത്തകികളുടെ ലാസ്യഭാവങ്ങളോടുമൊക്കെ തീരാത്ത പ്രണയമാണെനിക്ക്. ഏതായാലും ഇന്നത്തെ ദോശ എന്റെവകയാവട്ടെ.’ എനിക്ക് രണ്ടാമതും ഒരു പെണ്‍കുട്ടി ജനിച്ചു എന്ന സന്തോഷവാര്‍ത്ത ജയേട്ടനോട് ആശുപത്രി വരാന്തയില്‍നിന്നു വിളിച്ചുപറഞ്ഞപ്പോള്‍ മറുപടിതന്നത് അഭിനന്ദനമായിരുന്നില്ല. ‘എഡോ താനിനി… മുറുകെ ഉടുത്ത്… ശേഷിച്ചകാലം ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാ ഉചിതം. നിര്‍ത്തിക്കോളൂ. ഇത് ഇത്ര മതിട്ടൊ…’
എന്റെ നിയന്ത്രണമില്ലാത്ത അലസയാത്രകള്ക്കിടയ്ക്ക് ചിലപ്പോള്‍ വിളിക്കും. എന്നിട്ട് പറയും: ‘ഇന്നലെ േെറക്കാഡുചെയ്ത പാട്ടാണിത്, ഒന്ന് ശ്രദ്ധിച്ച് കേള്‍ക്ക്. താനിപ്പോള്‍ എവിടെയാണ്?’, ‘ഞാന്‍ ഹിമാലയത്തിലെ മണാലി താഴ്വരയിലാണ്.’ ‘എഡോ, എനിക്കും ഈ സ്ഥലങ്ങളൊക്കെ കാണണമെന്നുണ്ട്. തന്റെകൂടെ യാത്രചെയ്യണമെന്നും മോഹമുണ്ട്. പക്ഷേ, കഠിനതണുപ്പിനെ എനിക്ക് താങ്ങാനാവില്ലാ…’ പിന്നീട് കാശിയിലും സിംലയിലും സിക്കിമിലും ശാന്തിനികേതനത്തിലും സുന്ദര്ബന്സിലുമെല്ലാംെവച്ച് ജയേട്ടനെ ഞാന്‍ വിളിച്ച് വ്യാമോഹിപ്പിച്ചിട്ടുണ്ട്. അപ്പോഴും രാത്രികളില്‍ അസമയത്തും ഫോണിലൂടെ പാടിത്തരും… അതൊരു വാത്സല്യംനിറഞ്ഞ കരുതലായിരുന്നു.
അങ്ങനെ എത്രയെത്ര രാവുകളില്‍… കണ്ണൂരിലെയും തലശ്ശേരിയിലെയും കടപ്പുറങ്ങളില്‍… വയനാട്ടിലെ കുന്നിന്പുറങ്ങളില്… ഖജുരാഹോയിലെ നിലാവെട്ടത്ത്… ജയേട്ടന് പലതവണ പലപാട്ടുകള് സമയംമറന്ന് പാടിത്തന്നു. ‘ഫോണ്‍ ലൗഡ് സ്പീക്കറിലാണ് ജയേട്ടാ, എന്റെ ചുറ്റുമുള്ള സുഹൃത്തുക്കളെല്ലാം പാട്ട് ശ്രദ്ധിക്കന്നുണ്ട്,’ ‘എന്നു പറഞ്ഞാല്‍ ഉടനെ മറുപടിയായി: ‘എന്നാല്‍, രണ്ടെണ്ണംകൂടി കേട്ടോളൂ’. ഒരിക്കല്‍ ഒരു സൗഹൃദക്കൂട്ടായ്മയില്‍ കോഴിക്കോട്ടെ ഒരു അധ്യാപകസുഹൃത്ത് അല്പം സ്വാതന്ത്ര്യത്തോടെ ജയേട്ടനോട് ചോദിച്ചു: ‘ഇദ്ദേഹം രാത്രികളിലെ അസമയങ്ങളില്‍ സാറിനെ ഫോണില്‍ വിളിച്ച് പാടിക്കാറുണ്ട് ലേ? ഞാന്‍ പലതവണ ഉപദേശിച്ചതാ, പക്ഷേ, കേള്‍ക്കണ്ടേ?’
‘മാഷേ, താങ്കള്‍ താങ്കളുടെ ജോലിചെയ്താല്‍ മതി. വിനയന് അദ്ദേഹത്തിന്റെ ഫോണിലല്ലേ എന്നെ വിളിച്ച് പാടിക്കുന്നത്. താങ്കള്‍ക്ക് കേള്‍ക്കാനായി താങ്കളുടെ ഫോണിലൂടെയല്ലല്ലോ. താങ്കള്‍ കേള്‍ക്കണമെന്നില്ല’ – എന്നായിരുന്നു മറുപടി. ജയേട്ടന്റെ സൗഹൃദവലയത്തില്‍ ഞങ്ങള്‍ അഞ്ചുപേര്‍ സദാ ഒരുങ്ങി കളിച്ചുനടക്കുക പതിവായിരുന്നു. അതില്‍ കവി ബി.കെ. ഹരിനാരായണനെ മാത്രമേ എനിക്ക് നേരത്തേ പരിചയമുണ്ടായിരുന്നുള്ളൂ. ചേന്ദമംഗലത്തുകാരന്‍ ബാലു, കുന്നംകുളത്തുകാരന്‍ ജയകൃഷ്ണന് പൊന്നാനി, തിരുവനന്തപുരത്തുകാരന് മനോഹരേട്ടന്… ഇവരെയെല്ലാം വിശദവിവരങ്ങളോടെ പറഞ്ഞ് പരിചയപ്പെടുത്തി തന്നിട്ടുള്ളത് ജയേട്ടനായിരുന്നു. അതുപോലെത്തന്നെ എന്നെ അവര്‍ക്കും.
മൂന്നുവര്‍ഷം മുന്‍പ് ദോഹയിലെ പ്രവാസി ഗ്രൂപ്പിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡിന് ജയേട്ടനെയാണവര് തിരഞ്ഞെടുത്തത്. ഈ വിവരം ജയേട്ടനെ അറിയിക്കാന്‍ സംഘാടകരിലൊരാളായ ഷംസുദ്ദീന് എന്നെയാണ് ഏല്‍പ്പിച്ചത്. ഞാനത് വിശദമായി അദ്ദേഹത്തോട് പറഞ്ഞു: ‘എം.ടി.യാണ് ഇവരുടെ രക്ഷാധികാരി. അദ്ദേഹമാണ് താങ്കളെ തിരഞ്ഞെടുത്തത്. ഞാന്‍ ഇപ്പോള്‍ അയ്യന്തോളിലെ ഷംസുദ്ദീന്റെ വീട്ടില്‍നിന്നാണ് വിളിക്കുന്നത്’, ‘വളരെ സന്തോഷം. സ്ഥലം പറഞ്ഞുതന്നാല്‍ ഞാന്‍ അങ്ങോട്ടെത്താം,’ അരമണിക്കൂറിനുള്ളില്‍ ജയേട്ടന് എത്തി. സംസാരിച്ചിരുന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ ലോകക്ളാസിക് പുസ്തകങ്ങള്‍മാത്രം മനോഹരമായി ഒതുക്കി വെച്ചിട്ടുള്ള ഷംസുദ്ദീന്റെ ഒന്നാം നിലയിലെ ലൈബ്രറിയിലെത്തി.
കുറച്ചുനേരം അവിടെ കസേരയിലിരുന്ന് എന്നോട് കുറെ ചിത്രങ്ങളെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ഷംസുദ്ദീനോട് പറഞ്ഞു: ‘ഞാനിന്നുവരെ ഒരു കഥയോ പുസ്തകമോ പൂര്‍ണമായി വായിച്ചിട്ടില്ല. വളരെ ചെറുപ്പത്തിലേ, പുസ്തകം കൈയിലെടുത്താല്‍ ഉടനെ എനിക്ക് ഉറക്കംവരും. പിന്നെ ഞാനെന്തുചെയ്യും. ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയം സിനിമ 21 പ്രാവശ്യം കണ്ടിട്ടുണ്ട്. അതും ‘താമസമെന്തേ’ എന്ന പാട്ടുകേള്‍ക്കാന്‍ വേണ്ടി മാത്രം. എം.ടി.യുടെ ബന്ധനവും വടക്കന്‍ വീരഗാഥയും ശ്രദ്ധിച്ചിരുന്നു കണ്ടിട്ടുണ്ട്. ഇവിടെ ഈ മുറിയിലെ ലോകക്ളാസിക് പുസ്തകങ്ങളോടൊപ്പം ഫോട്ടോയെടുത്തപ്പോള്‍ എല്ലാം വായിച്ചതുപോലെയായി. താങ്കളിതൊക്കെ ശ്രദ്ധിച്ച് വായിച്ചതുകൊണ്ടാവും ഒരു സൂഫിയെപ്പോലെയായത് അല്ലേ?’
ഇതിനിടയില്‍ ഏതോ തറവാട് സാംസ്കാരിക ഗ്രൂപ്പിനുവേണ്ടി ഒരാള്‍ ജയേട്ടനെ വിളിച്ചു പറഞ്ഞു: ‘ഞങ്ങളുടെ മുത്തച്ഛന്റെപേരിലുള്ള ഈ കൊല്ലത്തെ അവാര്‍ഡിന് ഞങ്ങള്‍ താങ്കളെയാണ് തിരഞ്ഞെടുത്തത്. ഒരു സ്വര്‍ണപ്പതക്കവും പിന്നെ കനത്ത തുകയും! ത്ഥ” ജയേട്ടന്റെ അതുവരെയുണ്ടായിരുന്ന സാത്വികഭാവം ഞൊടിയിടകൊണ്ട് കൊഴിഞ്ഞുവീണു. ജയേട്ടന് മറ്റൊരാളായി. ശബ്ദം മാറി:
‘താങ്കള്‍ ആരാന്ന് എനിക്കറിയണ്ട. താങ്കളുടെ മുത്തച്ഛനെയും അദ്ദേഹത്തിന്റെ പ്രേതബാധയും അറിയണമെന്നില്ല. നിങ്ങളാരാണ് എന്നെ തിരഞ്ഞെടുക്കാന്‍? നിങ്ങളുടെ സ്വര്ണച്ചെങ്കോലും കാശുമൊന്നും എനിക്കുവേണ്ട. അത് തറവാട്ടിലെ ഏതെങ്കിലും തലമൂത്ത കാരണവര്‍ക്ക് കൊടുത്താല്‍മതി.’
ഫോണ്‍ ഓഫ് ചെയ്ത് ഞങ്ങളോട്: ‘ഇവരൊക്കെ ആരാ എനിക്ക് അവാര്‍ഡ് തരാന്‍…? സ്വര്ണപ്പതക്കമുണ്ടത്രേ.. അടുപ്പിലിടുന്നതാണ് നല്ലത്. വിദൂഷകവേഷങ്ങള്‍.’ കുറച്ചുകഴിഞ്ഞപ്പോള്‍ ശാന്തനായി.
കോഴിക്കോട്ടുവെച്ചുനടന്ന അവാര്‍ഡ് ചടങ്ങിലേക്ക് ജയേട്ടനോടൊപ്പം ഷംസുവും ഞാനും ഒരുമിച്ചാണ് യാത്രചെയ്തത്. യാത്രയിലുടനീളം എം.എസ്. വിശ്വനാഥന്, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, പിന്നെ പി. സുശീലയുടെ പാട്ടുകളും പാടിയിട്ടായിരുന്നു യാത്ര. പോകുന്നവഴി തിരുന്നാവായയിലിറങ്ങി കുറച്ചുനേരം പുഴനോക്കിനിന്ന് എന്റെ കാതില്‍ ചോദിച്ചു: ‘ഇവിടെയാവും കുറച്ചുകാലം കഴിഞ്ഞാല്‍ എന്റെ ചിതാഭസ്മവും നിമജ്ജനം ചെയ്യുക അല്ലേ?’
‘അറിയില്ലാ ജയേട്ടാ. ഞാനതിന് സാക്ഷ്യംവഹിക്കാന്‍ വരില്ലാ’ – ഞാന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആദ്യം നേരിയതോതില്‍ അസുഖംവന്ന് ഭയന്നുതളര്ന്ന് ചികിത്സതീര്ന്നപ്പോള് ജയേട്ടന് എറണാകുളത്തുനിന്നു പൂങ്കുന്നത്തെ വീട്ടിലെത്തി. ജയകൃഷ്ണനും ഞാനും പൂങ്കുന്നത്തെ ഫ്ളാറ്റിന് താഴെയെത്തി കാര്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍ സെക്യൂരിറ്റിക്കാരന് വന്നുപറഞ്ഞു: ‘ഇറങ്ങണ്ട സാറേ, മടങ്ങിപ്പോയ്ക്കോളൂ. നമ്മുടെ ഒരു മന്ത്രിയും പിന്നെ സിനിമാരംഗത്തെ ചില പ്രമുഖരും കഴിഞ്ഞദിവസങ്ങളില്‍ ഇവിടെവന്ന് നിരാശരായി തിരിച്ചുപോയതാണ്. മന്ത്രി അരമണിക്കൂറോളം കാത്തുനിന്നിട്ടും സമ്മതം കിട്ടിയില്ല. അതുകൊണ്ട് നിങ്ങള്‍ തിരിച്ചുപോകുന്നതാണ് നല്ലത്.’
ഞങ്ങള്‍ രണ്ടുപേരുംകൂടി പലതവണ ഫോണില്‍ വിളിച്ചപ്പോള്‍ ഒരുതവണ ഫോണെടുത്തു: ‘നിങ്ങളെ കാണണ്ട. മടങ്ങിപ്പൊയ്ക്കോളൂ. എനിക്കിനി ആരെയും കാണണമെന്നില്ലാ…’. ‘ജയേട്ടാ, ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നിങ്ങളെ കണ്ടേമതിയാകൂ. നിങ്ങള്‍ കണ്ണടച്ചിരുന്നോളൂ. ഞങ്ങള്‍ നിങ്ങളെ കണ്ടോളാം’ – ഞങ്ങള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ മഞ്ഞബനിയനും നീലട്രൗസറും ധരിച്ച് കോറിഡോറിലെ ചുമരുപിടിച്ച് പതുക്കെ നടന്നുവന്നു. ഞാനെന്റെ കരച്ചിലിനെ കരുത്തോടെ മറച്ചുവെച്ചു. ജയകൃഷ്ണന്റെ കണ്ണുകള്‍ കണ്ണടച്ചില്ലിനു പുറകില്‍ തിളങ്ങുന്നതുകണ്ടു. കുറച്ചുനേരം അരികിലിരുന്ന് തമാശകള്‍പറഞ്ഞ്, ചിത്രങ്ങളെടുത്ത് തിരിഞ്ഞുനോക്കാതെ തിരിച്ചുപോന്നു.
അസുഖം ഒരുവിധം ശമിച്ചുതുടങ്ങിയപ്പോള്‍ ഒരു തികഞ്ഞ കുസൃതിക്കുവേണ്ടിമാത്രം ഞങ്ങളോടാരോടും പറയാതെ ഒരു ബാര്ബറെവിളിച്ച് താടിയും മുടിയുമെല്ലാം വടിച്ച്, ശോഷിച്ചരൂപം പൂര്‍ണമായും പുറത്തുകാണിച്ച് അയാളെക്കൊണ്ടുതന്നെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യിച്ചു. കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോള്‍, ‘ആളുകള്‍ എന്നെപ്പറ്റി എന്താണ് വിചാരിക്കന്നത് എന്ന് അറിയാന്‍വേണ്ടി മാത്രം ചെയ്തതാണത്രേ..’ അതുകേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു:
‘എന്റെ പൊന്നുതമ്പുരാനെ, എന്നാലും ഇങ്ങനെ ബാര്‍ബറെ വിളിച്ച് ഇത്തരം ആഭിചാരക്രിയകള്‍ ചെയ്യുമ്പോള്‍ ഞങ്ങളെയെങ്കിലും ഒന്ന് അറിയിക്കാമായിരുന്നില്ലേ?’, മറുപടിയിതായിരുന്നു: ‘എന്തിന്? എഡോ, എന്റെ സ്വന്തം ശരീരത്തിലെ മുടികളയാന്‍ ബാലൂന്റേം തന്റേം ജെ.കെ.ന്റേം, ഹരീന്റേം സമ്മതം വേണ്ട എനിക്ക്.’ എന്റെ പ്രിയപ്പെട്ട പൊന്നുതമ്പുരാനേ, പരലോകത്തും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും അല്ലേ? ആവും എന്നെനിക്ക് ഉറപ്പുണ്ട്. അല്ലെങ്കില്‍ അത് എന്റെ പൊന്നുതമ്പുരാനാവില്ലല്ലോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]