ചെന്നൈ: പശുവിന്റെ മൂത്രം കുടിച്ചാൽ രോഗങ്ങൾ പെട്ടെന്ന് മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. പൊങ്കലിനോടുബന്ധിച്ച് ചെന്നൈ മാമ്പലത്ത് നടത്തിയ ഒരു ഗോപൂജാ ചടങ്ങിലായിരുന്നു രാജ്യത്തെ എഐ വിദ്ധരിൽ ഒരാൾ കൂടിയായ വി കാമകോടിയുടെ പരാമർശം. തന്റെ അച്ഛന് പനിവന്നപ്പോൾ ഒരു സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും അതുകഴിഞ്ഞ് പതിനഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പനി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. സന്യാസിയുടെ പേര് ഓർമ്മയില്ലെന്നും കാമകോടി പറഞ്ഞു. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങളുൾപ്പെടെ മാറ്റാനും ഗോമൂത്രത്തിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
വി കാമകോടിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്നായിരുന്നു കോൺഗ്രസ് നേതാവും എം പിയുമായി കാർത്തി ചിദംബരം എക്സിൽ കുറിച്ചത്. ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമിലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത് എന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, അദ്ദേഹത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വി കാമകോടി മഹത്തായ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ അദ്ദേഹത്തെ അഭിനന്ദിക്കാൻ മടി കാണിച്ചവർ ഇപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു സത്യം പറയുമ്പോൾ വിമർശിക്കുന്നത് എന്തിനാണെന്നാണ് അവർ ചോദിക്കുന്നത്.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മൈക്രോ പ്രോസസറായ ശക്തി വികസിപ്പിച്ച സംഘത്തിലെ പ്രധാനിയായിരുന്ന വി കാമകോടി ലോകത്ത് അറിയപ്പെടുന്ന വ്യക്തികൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]