മുംബയ്: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബിജെ എന്ന മുഹമ്മദ് അലിയാൻ ആണ് പിടിയിലായത്. ഇയാൾക്ക് ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ളതായാണ് പൊലീസ് പറയുന്നത്. താനെയിലെ ലേബർ ക്യാമ്പിൽ നിന്ന് പിടിയിലായ ഇയാൾ കുറ്റം സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. പൊലീസ് രാവിലെ ഒമ്പതുമണിക്ക് പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
മുംബയിലെ പബ്ബിൽ ജോലിക്കാരനാണ് പ്രതി. ഇയാളെ ബാന്ദ്രയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. രാവിലെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും.ഇയാളിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖ കണ്ടെടുത്തിട്ടുണ്ട്. അതിനാൽ ഇയാൾ ബംഗ്ലാദേശ് പൗരനാണോ എന്നും സംശയമുണ്ട്. കെട്ടിട നിർമാണ തൊഴിലാളിയായും ഇയാൾ ജോലിനോക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിലെ ദുർഗിൽ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്. ശനിയാഴ്ച മദ്ധ്യപ്രദേശിൽനിന്നും ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ദുർഗിൽ നിന്ന് കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയയാൾ അദ്ദേഹത്തെ കുത്തിയത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിന് സമീപത്തും ഉൾപ്പെടെ ആഴത്തിൽ മുറിവേറ്റിരുന്നു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നടന്റെ വീട്ടിൽനിന്ന് അക്രമി പടികൾ ഇറങ്ങുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് പോസ്റ്ററാക്കി മുംബയിലും സമീപ സ്ഥലങ്ങളിലും പതിച്ചിരുന്നു. പ്രതിയെ പിടികൂടാൻ 20 സംഘങ്ങളെയും നിയോഗിച്ചിരുന്നു.