”അന്വേഷണോദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും. കഥാപാത്രം സ്വീകരിക്കപ്പെട്ടാല്‍ തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.” -ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ സിനിമയുടെ വിശേഷങ്ങള്‍ വിവരിച്ച് സംവിധായകന് ഗൗതം വാസുദേവ് മേനോന്. വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള ചിത്രമാണിത്
മമ്മൂട്ടി-ഗൗതം മേനോന് ചിത്രം. എങ്ങനെയാണ് ഇത്തരമൊരു ഒത്തുചേരലിലേക്കെത്തുന്നത്
= മഞ്ജു വാരിയരാണ് ഈ സിനിമയുടെ രചയിതാക്കളായ ഡോ. നീരജ് രാജനെയും ഡോ. സൂരജ് രാജനെയും എനിക്ക് പരിചയപ്പെടുത്തുന്നത്. എന്റെ സംവിധാനത്തില്‍ മഞ്ജു വാരിയര്‍ അഭിനയിക്കുന്ന ഒരു സിനിമയുടെ ചര്‍ച്ചയുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പക്ഷേ, ആ പ്രോജക്ട് നടന്നില്ല. എങ്കിലും നീരജും സൂരജുമായുള്ള എന്റെ ചര്‍ച്ചകള്‍ മറ്റു പലരീതിയിലും തുടര്‍ന്നു. അങ്ങനെയൊരിക്കല്‍ ഡൊമിനിക്കിന്റെ ത്രെഡ് അവര്‍ പറഞ്ഞു. കഥ ഇഷ്ടമായതോടെ അതിന്മേല് ഞങ്ങള്‍ ചര്‍ച്ചയാരംഭിച്ചു.
കഥ മുന്‍നിര്‍ത്തിയുള്ള സംസാരം മുന്നോട്ടുപോകവേ, ഒരുഘട്ടത്തില്‍, ഡൊമിനിക്കായി മമ്മൂക്ക എത്തിയാല്‍ നന്നാകുമെന്ന് തോന്നി. ബസൂക്ക സിനിമയില്‍ ഞാന്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന സമയമായിരുന്നു അത്. പക്ഷേ, ഒന്നിച്ചഭിനയിക്കുന്ന സമയത്ത് മറ്റൊരു സിനിമാക്കഥ പറയുന്നത് ശരിയല്ലെന്നു തോന്നി. ബസൂക്ക പൂര്‍ത്തിയായശേഷം ജോര്‍ജേട്ടനെ വിളിച്ച് കാര്യമറിയിച്ചു. കഥപറയാനായി മമ്മൂക്കയുടെ സമയം ചോദിച്ചു. മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടില്‍ച്ചെന്ന് ഞാനും രചയിതാക്കളും ചേര്‍ന്ന് കഥ വിവരിച്ചു. വിഷയം ഇഷ്ടമായെന്നും വഴിയേ അറിയിക്കാമെന്നുമായിരുന്നു ആദ്യമറുപടി. എന്നാല്‍, അടുത്തദിവസംതന്നെ വിളിച്ച് സിനിമയ്ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുതുടങ്ങാന്‍ ആവശ്യപ്പെട്ടു. അത്തരമൊരു മറുപടി ഞങ്ങളാരും മമ്മൂക്കയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയുടെ കമ്പനിതന്നെ സിനിമ നിര്‍മിക്കാന്‍ മുന്നോട്ടുവന്നു. മുപ്പതുദിവസംകൊണ്ട് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കണ്ടെത്തി ചിത്രീകരണം തുടങ്ങി. ജൂലായില്‍ ചിത്രീകരണം തുടങ്ങി സെപ്റ്റംബറില്‍ അവസാനിപ്പിച്ചു. എന്റെ സിനിമാജീവിതത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്.
അന്വേഷണോദ്യോഗസ്ഥനായി മമ്മൂക്കയെ പല ചിത്രങ്ങളിലും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ഡൊമിനിക് എങ്ങനെയാണ് വ്യത്യസ്തനാകുന്നത്
= അന്വേഷണവുമായി മുന്നോട്ടുപോകുന്ന ചിത്രംതന്നെയാണിത്. സ്കൂള്‍കാലം മുതല്ക്കേ മമ്മൂക്കയുടെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഡൊമിനിക്കിനെ ക്യാമറയിലേക്ക് പകര്‍ത്തുംമുന്‍പ് തിയേറ്ററില്‍ ആഘോഷത്തോടെ കണ്ട പല സിനിമകളും വീണ്ടും കണ്ടു. ഇവയില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന രീതികളും സ്വഭാവങ്ങളുമാണ് ഡൊമിനിക്കിന്റേത്. ഡിറ്റക്ടീവ് ജോലിചെയ്യുന്ന ഡൊമിനിക് ഒരു പേഴ്സിനുപിന്നിലെ രഹസ്യമന്വേഷിച്ച് പോകുന്നതും ആ യാത്രയിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് പ്രേക്ഷകരെ ചിത്രത്തോടടുപ്പിക്കുക. ട്രെയ്ലറില് പറയുന്നതുപോലെ ഒരു സിംപിള്‍ കേസാണ്. അവിശ്വസനീയമായതോ, നായകന് കൈയടിനേടിക്കൊടുക്കാനായി ബോധപൂര്‍വം സൃഷ്ടിച്ചതോ ആയ രംഗങ്ങള്‍ സിനിമയിലില്ല.
സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന, നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴായി നാം കണ്ടുപരിചയിച്ച വ്യക്തിയാണ് ഡൊമിനിക്. സിനിമയുടെ ചിത്രീകരണം തുടങ്ങുംമുന്പ് ഡൊമിനിക്കിന്റെ സ്റ്റൈലിനെപ്പറ്റിയും മാനറിസങ്ങളെപ്പറ്റിയും ഞങ്ങള്‍ മമ്മൂക്കയോട് സംസാരിച്ചിരുന്നു. കഥയും കഥാപാത്രവും ഡൊമിനിക്കിന്റെ മാനസികവ്യാപാരങ്ങളും മനസ്സിലായെന്നും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ സാഹചര്യത്തിനനുസരിച്ച് അതത് സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ കൊണ്ടുവരാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്വാഭാവികപ്രകടനങ്ങളുമായി കഥാപാത്രം മുന്നോട്ടുപോകുകയായിരുന്നു. അതിലൊരു പുതുമയുണ്ട്. ഡൊമിനിക് എന്ന കഥാപാത്രം സ്വീകരിക്കപ്പെട്ടാല്‍ അതിനൊരു തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഡൊമിനിക്കിന്റെ ആദ്യവരവായി ഇതിനെ കാണാം.
മമ്മൂട്ടിസിനിമയുടെ സംവിധായകന്… മറ്റൊരു മമ്മൂട്ടിച്ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം ഒരു മുഴുനീളവേഷത്തിലും എത്തുന്നുണ്ടല്ലോ…
= മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച ബസൂക്കയും പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പമൊരു മുഴുനീളവേഷം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ബസൂക്ക നല്കുന്ന വലിയ സന്തോഷം. മമ്മൂക്കയെ ക്യാമറയ്ക്കുമുന്പില് നിര്‍ത്തി സംവിധാനംചെയ്യുമ്പോഴും അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോഴും പുതിയ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാകും. ചിത്രീകരിക്കേണ്ട രംഗങ്ങളെക്കുറിച്ചെല്ലാം പൂര്‍ണമായി ചോദിച്ച് മനസ്സിലാക്കി, സംശയങ്ങളില്ലാതെ ക്യാമറയ്ക്കുമുന്നിലേക്കെത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സിലെ പല സീനുകളെക്കുറിച്ചും ഞങ്ങള്‍തമ്മില്‍ ആഴത്തില്‍ത്തന്നെ സംസാരിച്ചിരുന്നു. സംശയങ്ങള്‍ തുറന്നുചോദിക്കുകയും കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങള്‍ തുറന്നുപറയുകയും ചെയ്തു. ബസൂക്കയില്‍ അഭിനയിക്കുമ്പോള്‍ സിങ്ക് സൗണ്ടായിരുന്നു. മലയാളം അത്രമേല്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ എനിക്ക് സ്പോട്ട് ഡബ്ബിങ് വെല്ലുവിളിയായിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും അതെങ്ങനെയാണ് കഥാപാത്രത്തിന്റെ പ്രകടനം കൂടുതല്‍ മികച്ചതാക്കുന്നതെന്നും മമ്മൂക്ക വിശദീകരിച്ചു. മമ്മൂക്കച്ചിത്രവുമായി മലയാളത്തിലേക്ക് സംവിധാന അരങ്ങേറ്റം നടത്താനായതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]