കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. കൗൺസിൽ യോഗം യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
13 ഭരണസമിതി അംഗങ്ങളുള്ള നഗരസഭ എൽഡിഎഫാണ് ഭരിക്കുന്നത്. ഇന്നത്തെ അവിശ്വാസ നോട്ടീസ് നൽകിയതിന് പിന്നാലെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് എൽഡിഎഫ് തീരുമാനിച്ചത്. എന്നാൽ ഇതിനിടെ ഒരു എൽഡിഎഫ് കൗൺസിലർ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അദ്ദേഹം യുഡിഎഫ് കൗൺസിലറുടെ വാഹനത്തിലാണ് നഗരസഭയിൽ വന്നിറങ്ങിയത്. പിന്നാലെ എൽഡിഎഫ് കൗൺസിലറെ നഗരസഭ ചെയർപേഴ്സണിന്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനിൽക്കെയാണ് ഈ അതിക്രമം എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം.
കൂത്താട്ടുകുളം കുടുംബ ആരോഗ്യകേന്ദ്രത്തിൽ ഒരു കോടി 79 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഐസൊലേഷൻ വാർഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെയാണ് ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാൻ കാരണമെന്ന് യുഡിഎഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, കൗൺസിലർമാർ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]