വാഷിംഗ്ടൺ: വിഖ്യാത അമേരിക്കൻ സംവിധായകൻ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുധനാഴ്ച മകളുടെ വസതിയിലായിരുന്നു അന്ത്യം. 20ന് പിറന്നാൾ ആഘോഷിക്കാനിരിക്കെയായിരുന്നു വിയോഗം. ലോസ് ആഞ്ചലസ് കാട്ടുതീയുടെ പശ്ചാത്തലത്തിൽ ലിഞ്ചിനെ അടുത്തിടെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.
1960കളുടെ അവസാനം ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ലിഞ്ച് സംവിധാനത്തിലേക്ക് കടന്നുവന്നത്. ഇറേസർഹെഡ് (1977) ആണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ മുഴുനീള ചിത്രം. ദ എലിഫന്റ് മാൻ (1980), ബ്ലൂ വെൽവെറ്റ് (1986), മൽഹോളണ്ട് ഡ്രൈവ് (2001) എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധാനത്തിലുള്ള ഓസ്കാർ നോമിനേഷൻ സ്വന്തമാക്കി. വൈൽഡ് അറ്റ് ഹാർട്ട് (1990) എന്ന ചിത്രം കാൻ ഫിലിംഫെസ്റ്റിവലിൽ ഉന്നത ബഹുമതിയായ പാം ഡിഓർ നേടിയിരുന്നു.
ഡ്യൂൺ, ലോസ്റ്റ് ഹൈവേ, ദ സ്ട്രെയ്റ്റ് സ്റ്റോറി തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. എ.ബി.സിയിലെ ട്വിൻ പീക്ക്സ് അടക്കം ടെലിവിഷൻ സീരീസുകളുടെ സ്രഷ്ടാവാണ്. 50 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിനിടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ലിഞ്ച് സ്വന്തമാക്കി. 2006ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള ഗോൾഡൻ ലയൺ പുരസ്കാരവും 2019ൽ ഓണററി ഓസ്കാറും അദ്ദേഹത്തെ തേടിയെത്തി.
സംഗീതജ്ഞൻ, ചിത്രകാരൻ, നടൻ എന്നീ നിലകളിലും ലിഞ്ച് ശ്രദ്ധനേടി. നാല് തവണ വിവാഹിതനായ ലിഞ്ചിന് സംവിധായിക ജെന്നിഫർ ലിഞ്ച് അടക്കം നാല് മക്കളുണ്ട്. നടി ഇസബെല്ല റോസല്ലിനി ലിഞ്ചിന്റെ പങ്കാളിയായിരുന്നു.