തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ വൈദ്യപരിശോധന പൂർത്തിയായി. ഫോർട്ട് ആശുപത്രിയിൽ എത്തിച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. കുറ്റബോധമുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താലതാഴ്ത്തി മൗനമായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. മുമ്പ് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ വളരെ കൂളായിട്ടായിരുന്നു ഗ്രീഷ്മ പെരുമാറിയിരുന്നത്.
ഗ്രീഷ്മയെ ഉടൻ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോകും. നേരത്തെ ജാമ്യം ലഭിച്ച ഗ്രീഷ്മയ്ക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ജയിലിലേക്ക് കൊണ്ടുപോകുന്നത്.
മുമ്പ് ഒരു വർഷത്തോളം ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽവച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് നൽകിയ മരണമൊഴിയിൽ കീടനാശിനി കഷായത്തിൽ കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്ന് ഗ്രീഷ്മ സമ്മതിച്ചിരുന്നു. കൊല്ലാൻ തന്നെയായിരുന്നു ഉദ്ദേശമെന്നും പ്രതി വ്യക്തമാക്കിയിരുന്നു. ഇതാണ് കേസിൽ പ്രധാന തെളിവായത്.
ഗ്രീഷ്മ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പല തവണ യുവതി ഷാരോണിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഗ്രീഷ്മ തനിക്ക് കഷായത്തിൽ കീടനാശിനി ചേർത്ത് നൽകിയെന്ന് ഷാരോൺ സുഹൃത്തിനോടും പിതാവിനോടും മാത്രമേ പറഞ്ഞിരുന്നുള്ളൂ.
കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ അമ്മയെ വെറുതെ വിട്ടു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിടരുതായിരുന്നെന്ന് ഷാരോണിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]