മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് (54) കുത്തേറ്റ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരൺ കെട്ടിടത്തിലെ നടന്റെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് അലിഖാൻ അപകടനില തരണംചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ, കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാന്ദ്രയിലെ താരത്തിന്റെ വസതിയിലെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായക്.
1990-കളിൽ ബോംബെ നഗരത്തെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കന്മാരെ വധിച്ചതോടെയാണ് ദയാ നായക് എന്ന പേര് ജനങ്ങൾ ശ്രദ്ധിച്ചുതുടങ്ങുന്നത്. 80-ലധികം പേരെ നായക് വധിച്ചതായാണ് റിപ്പോർട്ടുകൾ. ഛോട്ടാ രാജന്റെ രണ്ട് ഗുണ്ടാസംഘങ്ങളും ഇതിൽ ഉൾപ്പെടുന്നു. സെയ്ഫിന്റെ വസതിയിൽ കറുത്ത ടീ ഷർട്ടും ജീൻസും ധരിച്ച് നിൽക്കുന്ന നായകിന്റെ ചിത്രം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. അദ്ദേഹത്തിന്റെ ജീൻസ് പോക്കറ്റിൽ ഒരു തോക്കും കാണാം.
കർണാടക ഉഡുപ്പിയിലെ ഒരു കൊങ്കണി സംസാരിക്കുന്ന കുടുംബത്തിലാണ് ദയാ നായക് ജനിക്കുന്നത്. ഏഴാം ക്ലാസ് വരെ പഠിച്ചശേഷം ജോലി തേടി മുംബൈയ്ക്ക് കയറാനുള്ള തീരുമാനമാണ് അദ്ദേഹത്തിന്റെ തലവര മാറ്റിയത്. മുംബൈയിലെ ഒരു ഹോട്ടൽ ജീവനക്കാരനായാരുന്നു ആദ്യനാളുകളിൽ ദയാ. ഇതേ ഹോട്ടലിൽ ജോലിചെയ്ത് താമസിച്ച് ഗോരേഗാവ് മുനിസിപ്പൽ സ്കൂളിൽ നിന്ന് അദ്ദേഹം 12-ാം ക്ലാസ് പഠനം പൂർത്തിയാക്കി. തുടർന്ന്, അന്ധേരിയിലെ സിഇഎസ് കോളേജിൽ ബിരുദത്തിന് ചേർന്നു. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ മനസ്സിൽ പോലീസ് ഉദ്യോഗസ്ഥനാകാനുള്ള ആഗ്രഹമുദിക്കുന്നത്.
ഒടുവിൽ, പോലീസ് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ദയാ 1995-ൽ ജുഹു പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി നിയമിതനായി. മുംബൈ അധോലോകം ജനങ്ങളുടേയും നിയമപാലകരുടേയും ഉറക്കംകെടുത്തിയിരുന്ന നാളുകളായിരുന്നു അത്. അധോലോകത്തെ അമർച്ച ചെയ്യുന്നതിന് മുംബൈ പോലീസ് ശ്രമങ്ങളാരംഭിച്ചതും ഇതേ കാലത്താണ്. തുടർന്ന്, ദയാ നായക് നടത്തിയ ഇടപെടലുകളും എൻകൗണ്ടറുകളുമാണ് പോലീസ് സേനയ്ക്കുള്ളിൽ അദ്ദേഹത്തെ വേണ്ടപ്പെട്ടവനാക്കുന്നത്.
എന്നാൽ, ജനപ്രിയനാകുന്നതിനോടൊപ്പം തന്നെ ദയാ നായകിനെ വിവാദങ്ങളും വേട്ടയാടി. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ഇദ്ദേഹം നിരന്തരം നിരീക്ഷണത്തിലായിരുന്നു. 2004-ൽ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് കോടതി നായക്കിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാൻ അഴിമതി വിരുദ്ധ ബ്യൂറോയോട് ഉത്തരവിട്ടു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ മുംബൈയിലും കർണാടകയിലുമായി നായകിന് രണ്ട് ആഡംബര ബസ്സുകളുണ്ടെന്ന് കണ്ടെത്തി. പിന്നാലെ, നായക് അറസ്റ്റിലാവുകയും ചെയ്തു. പിന്നീട്, 2012-ലാണ് അഡീഷണൽ കമ്മിഷണർ ഓഫ് പോലീസ് (വെസ്റ്റ്) കൺട്രോൾ റൂമിലേക്ക് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]