തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം ഇന്ന്. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിക്കും. നാമജപ ഘോഷയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുവരിക. അതിനുശേഷം പൊതുദർശനത്തിന് വയ്ക്കും.
മൂന്ന് മണിയോടെ മതാചാര്യന്മാരുടെ സാന്നിദ്ധ്യത്തിൽ മഹാസമാധി നടത്തുമെന്ന് കുടുംബം അറിയിച്ചു. ഗോപൻ സ്വാമിക്കായി കുടുംബം പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. “ഋഷിപീഠം” എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതിനുനടുവിലായി ഒരു കല്ല് വച്ചിട്ടുണ്ട്. ഇതിൽ ഗോപൻ സ്വാമിയെ ഇരുത്തും. നേരത്തെ ഒരുക്കിയ കല്ലറയ്ക്ക് സമീപമാണ് പുതിയ കല്ലറയൊരുക്കിയതെന്നാണ് വിവരം.
നിലവിൽ നെയ്യാറ്റിൻകര പൊലീസാണ് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഗോപൻ സ്വാമിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, ഫോറൻസിക്, പത്തോളജി റിപ്പോർട്ടുകളും വരും ദിവസങ്ങളിലേ ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോർട്ടുകളിൽ ദുരൂഹതയില്ലാത്തതിനാൽ അത് സാങ്കേതിക നടപടികൾ മാത്രമാണെന്നും മൃതദേഹം വിട്ടുനൽകുന്നതിന് തടസമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് മരണകാരണം കണ്ടെത്തണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ അഞ്ചോടെയാണ് ഗോപൻ സ്വാമിയുടെ സമാധി പൊളിക്കൽ നടപടികളാരംഭിച്ചത്. മൃതദേഹം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൂന്നോടെ നിംസിലെത്തിച്ച് മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]