തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സമാധിയായെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപൻ സ്വാമിയുടെ മരണത്തിൽ വ്യക്തത വരണങ്കിൽ മൂന്നു പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വെളിപ്പെടുത്തി. സമാധി സ്ഥലത്ത് വച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്നതിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം, ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തണം. ഇതിനായി ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
തലയിൽ കരുവാളിച്ച പാടുകൾ കാണുന്നുണ്ട്. ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തത വരാൻ ഹിസ്റ്റോ പത്തോളജി ഫലം വരണം. വിഷാംശം ഉണ്ടോയെന്നറിയാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കണം. ഈ പരിശോധനാഫലങ്ങൾ വന്നാൽ മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണെ എന്നതിൽ വ്യക്തത വരൂ എന്ന് ഡോക്ടർമാർ വിശദീകരിച്ചു. മരണസമയം കൃത്യമായി അറിയാനും രാസപരിശോധനാ ഫലം പുറത്തുവരണം. രാസപരിശോധനാ ഫലം കിട്ടാൻ ദിവസങ്ങളെടുക്കും.
അതേസമയം ഗോപൻ സ്വാമിയുടെ മരണത്തിൽ വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. . കുടുംബാംഗങ്ങളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് സിഐ വ്യക്തമാക്കി. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.ഇന്ന് രാവിലെയാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]