മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. നിലവിൽ പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയിൽ കയറിപ്പറ്റിയതെന്നും ഡി.സി.പി. ദീക്ഷിത് ഗെദാം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി. സെയ്ഫിന്റെ ഹൗസിങ് സൊസൈറ്റിയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ തൊഴിലാളികളെയും ചോദ്യം ചെയ്യാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ഹൗസിങ് സൊസൈറ്റിയിലേക്ക് അനധികൃതമായി ആരും കയറുന്നതായി കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി ഗാർഡ് പോലീസിനെ അറിയിച്ചത്. വീട്ടിലെ സഹായിയാണോ അക്രമിക്ക് വീടിനുള്ളിൽ കയറിപ്പറ്റാനുള്ള സഹായം നൽകിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പുലർച്ചെ രണ്ടരയോടെയാണ് സെയ്ഫ് അലി ഖാന്റെ വീട്ടിൽ സംഭവം നടക്കുന്നത്. കള്ളൻ കുട്ടികളുടെ മുറിയിൽ കയറിയതായി വീട്ടിലെ സഹായികളിലൊരാൾ മുന്നറിയിപ്പ് നൽകിയതോടെയാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സെയ്ഫിന് ആറ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച സഹായിയെ അഡ്മിറ്റ് ആക്കിയെങ്കിലും പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ പിന്നാലെ വിട്ടയച്ചു.
സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂർ മുമ്പുള്ള സി.സി. ടി.വി. ദൃശ്യങ്ങളിൽ നിന്ന് അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് മുമ്പ് സെയ്ഫും കരീനയും സുഹൃത്തുക്കളോടൊപ്പം ഡിന്നറില്‍ പങ്കെടുത്തിരുന്നു.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.
സെലിബ്രിറ്റികള്‍ പോലും സുരക്ഷിതരല്ലെങ്കില്‍ നഗരത്തിന്റെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ചോദ്യം ചെയ്ത് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]