കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി. ജയിൽ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തിര അന്വേഷണത്തിന് ജയിൽ വകുപ്പ് തുടക്കം കുറിച്ചത്. ജയിൽ ഡിജിപിയുടെ നിർദേശപ്രകാരം തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ രാവിലെ പത്തരയോടെ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
മദ്ധ്യമേഖല ഡിഐജി അജയ് കുമാർ ബോബി ചെമ്മണൂരിനെ ജയിലിൽ നേരിട്ടെത്തി കണ്ടെന്നും കൂടെ ബോബി ചെമ്മണ്ണൂരിന്റെ സഹായികളായ മൂന്നുപേർ ഉണ്ടായിരുന്നുവെന്നുമാണ് ആരോപണം. മൂന്ന് പേരുമായി ജയിലിനകത്ത് ബോബി ചെമ്മണ്ണൂരിന് മുഖാമുഖം സംസാരിക്കാൻ അവസരമൊരുക്കി. ജയിലിൽ നിന്ന് ഫോൺ വിളിക്കാൻ 200 രൂപ കൊടുത്തു. തുടങ്ങിയ ആരോപണങ്ങളുമുണ്ട്. ഇതിലെല്ലാമാണ് വിശദമായ അന്വേഷണം.
അതേസമയം, ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതി വിമർശനം കൂടി ഉയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ തെളിവുകൾ ഉള്ള കേസായതിനാൽ മറ്റ് തെളിവുകൾ പൊലീസ് തേടുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹണി റോസിന്റെ പരാതിയിൽ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ കമന്റിട്ട 20 പേരിൽ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും. അധിക്ഷേപ പരാമർശം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി വരും. സ്തീകൾക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങളും അധിക്ഷേപങ്ങളും നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് എന്ന രീതിയിൽ കൂടിയാണ് പൊലീസ് ഈ കേസിനെ സമീപിച്ചിരിക്കുന്നത്.