ചെന്നൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം പ്രതീക്ഷിച്ചതിലും വൈകുന്നതിനിടെ, ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന അപ്രതീക്ഷിത ആവശ്യവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. കരുൺ നായരെ ടീമിലേക്കു പരിഗണിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് ഭുവനേശ്വർ കുമാറിനെയും പരിഗണിച്ചുകൂടാ എന്ന് ശ്രീകാന്ത് ചോദിച്ചു. ഭുവനേശ്വർ കുമാറിന്റെ പരിചയസമ്പത്ത് സിലക്ടർമാർ പരിഗണിക്കണം. ഭാഗ്യംകൊണ്ടു മാത്രം ടീമിൽ നിലനിന്നു പോകുന്ന ബോളറാണ് മുഹമ്മദ് സിറാജ് എന്ന് പറഞ്ഞ ശ്രീകാന്ത്, ശുഭ്മൻ ഗില്ലിന് വൈസ് ക്യാപ്റ്റനാകാൻ മാത്രം മികവില്ലെന്നും തുറന്നടിച്ചു.
‘‘ഭുവനേശ്വർ കുമാർ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകണം. കാരണം, അദ്ദേഹം അത്രമാത്രം പരിചയസമ്പന്നനാണ്. കരുൺ നായരേപ്പോലെ ഒരു താരത്തെ ടീമിലേക്കു പരിഗണിക്കാമെങ്കിൽ, എന്തുകൊണ്ട് ഭുവനേശ്വർ കുമാറിനെ പരിഗണിച്ചുകൂടാ? അദ്ദേഹം വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമാണ്. മാത്രമല്ല, വളരെ മികച്ച രീതിയിലാണ് ബോൾ ചെയ്യുന്നതും. 2022ലെ ട്വന്റി20 ലോകകപ്പ് നോക്കൂ, അദ്ദേഹം എത്രമാത്രം ബുദ്ധിപൂർവമാണ് ബോൾ ചെയ്യുന്നത് എന്നു മനസ്സിലാകും. സെമിഫൈനലിലെ പ്രകടനം മാറ്റിനിർത്തിയാൽ ഭുവിയുടേത് മികച്ച പ്രകടനമായിരുന്നു. അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണം’– ശ്രീകാന്ത് പറഞ്ഞു.
‘‘പരുക്കിന്റെ പിടിയിലായത് ജസ്പ്രീത് ബുമ്രയെ സംബന്ധിച്ച് തീർത്തും മോശം വാർത്തയാണ്. സ്വന്തം നിലയ്ക്ക് ടീമിനെ ഉയർത്തിക്കൊണ്ടുവരാൻ കഴിവുള്ള താരമാണ് ബുമ്ര. അദ്ദേഹത്തിന് ചാംപ്യൻസ് ട്രോഫി നഷ്ടമായേക്കാം. ഐപിഎലിൽ കളിക്കുമോയെന്നും ഉറപ്പില്ല. കായികക്ഷമതയുടെ കാര്യത്തിൽ ആലോചിച്ച് ബുദ്ധിപൂർവം അദ്ദേഹം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ബുമ്രയില്ലെങ്കിൽ അത് തീർച്ചയായും ടീമിനു തിരിച്ചടി തന്നെയാണ്. ബുമ്ര ടീമിന്റെ പ്രധാന ബോളർമാരിൽ ഒരാളാണ്. ബുമ്രയ്ക്ക് കളിക്കാനാകില്ലെങ്കിൽ നമുക്കൊന്നും ചെയ്യാനില്ല’ – ശ്രീകാന്ത് പറഞ്ഞു.
‘‘ബുമ്രയ്ക്ക് കളിക്കാനാകാത്ത സാഹചര്യം വന്നാൽ അത് ടീമിനു വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കും. ബുമ്രയുടെ പരുക്കിന്റെ കാര്യത്തിൽ വ്യക്തത ലഭിക്കാത്തതുകൊണ്ടാണോ സിലക്ടർമാർ ചാംപ്യൻസ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാത്തതെന്നു പോലും എനിക്കു സംശയമുണ്ട്.’’
‘‘ക്രിക്കറ്റിന്റെ ചരിത്രത്തിൽത്തന്നെ, മുഹമ്മദ് സിറാജിനോളം ഭാഗ്യമുള്ള ഒരു ബോളറുണ്ടായിട്ടില്ല. അത്രമാത്രം അവസരങ്ങളാണ് സിറാജിന് ലഭിച്ചത്. ഇഷ്ടംപോലെ റണ്സ് വിട്ടുകൊടുക്കുന്ന ബോളറാണ് സിറാജ്. എല്ലാം അനുകൂലമായി സംഭവിക്കുന്നതുകൊണ്ട് ഭാഗ്യവശാൽ ടീമിൽ തുടരുകയാണ് അദ്ദേഹം.’’
‘‘ശുഭ്മൻ ഗില്ലിന്റെ കാര്യത്തിൽ ഞാൻ നേരത്തേ പറഞ്ഞത് ആവർത്തിക്കുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാൻ മാത്രം മികവുള്ള താരമല്ല ഗിൽ. അദ്ദേഹം ട്വന്റ20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലും അംഗമായിരുന്നില്ല. സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് സിലക്ടർമാർ ശ്രമിക്കുന്നതെന്നു തോന്നുന്നു. ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ വലിയൊരു പിഴവാണ് സിലക്ടർമാർ വരുത്തിയത്’ – ശ്രീകാന്ത് പറഞ്ഞു.
English Summary:
Bhuvneshwar Kumar should be in India’s ODI team, says Kris Srikkanth
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Bhuvneshwar Kumar
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]