ടെൽ അവീവ്: 15 മാസത്തെ യുദ്ധത്തിനൊടുവിൽ ആശ്വാസം. 2023 ഒക്ടോബർ 7ന് ആരംഭിച്ച ഗാസയിലെ ഇസ്രയേൽ യുദ്ധം 46,700 പാലസ്തീനികളുടെ ജീവനാണെടുത്തത്. യുദ്ധം പശ്ചിമേഷ്യയെ ആകെ ഭീതിയിലാഴ്ത്തിയ സമയത്താണ് വെടിനിറുത്തൽ തീരുമാനം. വെടിനിറുത്തലിനും ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ മോചനത്തിനുമായി ഖത്തർ, ഈജിപ്റ്റ്, യു.എസ് എന്നീ മദ്ധ്യസ്ഥ രാജ്യങ്ങൾ കഠിനമായി പരിശ്രമിച്ചു. ദോഹയിൽ ആരംഭിച്ച ചർച്ചകളിൽ മദ്ധ്യസ്ഥ രാജ്യങ്ങൾ ആദ്യം മുതൽ ശുഭപ്രതീക്ഷയാണ് പുലർത്തിയത്. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദവും വെടിനിറുത്തലിന് നിർണായകമായി. 20ന് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും മുമ്പ് വെടിനിറുത്തൽ ധാരണയിലെത്താനായിരുന്നു യു.എസ് ശ്രമം. സത്യപ്രതിജ്ഞയ്ക്ക് മുന്നേ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ വഷളാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. കരട് രേഖയോട് ഹമാസ് ആദ്യമേ അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ ഇസ്രയേലിന്റെ ഭാഗത്തെ പ്രതികരണമായിരുന്നു നിർണായകം.
സമ്മർദ്ദത്തിന് വഴങ്ങി
നെതന്യാഹു
ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായും പിൻവാങ്ങണമെന്നതായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാൽ ബന്ദികളെ വിട്ടുകിട്ടാതെയും ഹമാസിനെ ഉന്മൂലനം ചെയ്യാതെയും പിന്മാറില്ലെന്നായിരുന്നു ഇസ്രയേൽ മുമ്പ് പറഞ്ഞിരുന്നത്. ഇതിനിടെ ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് കാട്ടി ഇസ്രയേൽ ജനതയുടെ പ്രതിഷേധം ശക്തമായി. മറുവശത്ത് മന്ത്രിസഭയുടെ ഭാഗമായ തീവ്ര വലതുപക്ഷ പാർട്ടികളുടെ എതിർപ്പും. ഹമാസുമായുള്ള കരാർ, കീഴടങ്ങലിന് തുല്യമാണെന്നാണ് ധനമന്ത്രി ബെസാലൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വറും പ്രതികരിച്ചത്. അധികാരം കൈയിൽ നിറുത്താൻ ഇവരുടെ പിന്തുണ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അനിവാര്യമാണ്. ട്രംപിന്റെ ഇടപെടൽ കൂടിയായപ്പോൾ നെതന്യാഹു കടുത്ത സമ്മർദ്ദത്തിലായി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസ് തലവൻ യഹ്യാ സിൻവാറിനെ വധിച്ചതിന് പിന്നാലെ ഇസ്രയേൽ വെടിനിറുത്തലിന് തയ്യാറാകുമെന്ന് കരുതിയിരുന്നു. ഹമാസിന്റെ മുൻ തലവൻ ഇസ്മയിൽ ഹനിയേ, സഖ്യകക്ഷിയായ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസ്രള്ള എന്നിവരെയും ഇസ്രയേൽ വധിച്ചിരുന്നു. യു.എസും ഫ്രാൻസും മുന്നോട്ടുവച്ച മദ്ധ്യസ്ഥ കരാർ അംഗീകരിച്ച ഇസ്രയേൽ നവംബറിൽ ലെബനീസ് അതിർത്തിയിൽ ഹിസ്ബുള്ളയുമായി വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു. ഗാസ യുദ്ധം നീട്ടിക്കൊണ്ടു പോകുന്നതിൽ ഇസ്രയേൽ നേതാക്കൾക്കിടയിലും അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം പരസ്യമായി ഉന്നയിച്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]