കോട്ടയം: സുന്ദരിയായ പെൺകുട്ടി, ഉത്തരേന്ത്യൻ ചുവയുള്ള പേരുകൾ, ഒപ്പം സൗഹൃദ അഭ്യർത്ഥനയും. സ്വീകരിച്ചാൽ തൊട്ടുപിന്നാലെയെത്തും ഇൻബോക്സിൽ ഒരു ‘ഹായ് ‘, കൂടെ സൗഹൃദം ഉറപ്പിക്കുന്ന സന്ദേശങ്ങളും. പിന്നീട് വീഡിയോ കാൾ വഴി അവരുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നവീഡിയോകൾ പ്രദർശിപ്പിക്കും. നിങ്ങളുടെ നഗ്നത പ്രദർശിപ്പിക്കാനും ആവശ്യപ്പെടും. വഴങ്ങിയാൽ വീഡിയോ റെക്കാഡ് ചെയ്ത് സ്ക്രീൻഷോട്ടുകൾ തിരികെ അയക്കും.
പിന്നീട് സന്ദേശത്തിന്റെ സ്വഭാവം മാറും. ഭീഷണി, പണം ആവശ്യപ്പെടൽ തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കും. ഇൻബോക്സിലെ സന്ദേശത്തിലൂടെ വിശ്വാസ്യത നേടിയ ശേഷം വാട്സ് ആപ്പ് നമ്പർ കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്നവരും സജീവമാണ്. മാനഹാനി ഭയന്ന് ആരും പുറത്ത് പറയാറില്ല. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുളളവരെയാണ് ഇത്തരക്കാർ എളുപ്പത്തിൽ പിടികൂടുന്നത്. ഇപ്പോൾ ഇത്തരം ചതിയുടെ പിന്നിൽ മലയാളികളും കൂടുകയാണ്. കഴിഞ്ഞ ദിവസം വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിലായതാണ് ഒടുവിലത്തെ സംഭവം.
വൈദികൻ പ്രിൻസിപ്പലായ സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് ഫോണിലൂടെ അന്വേഷിച്ചാണ് യുവതി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വീഡിയോ കാളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രിൽ മുതൽ പലതവണകളായാണ് പണം കൈക്കലാക്കിയത്.
ചതിയിൽ വീഴരുത്
പരിചയമില്ലാത്ത സൗഹൃദ അഭ്യർത്ഥന നിരസിക്കുക
സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുത്
ബിസിനസ് പ്രമോഷന് നമ്പർ ആവശ്യപ്പെട്ടാൽ നൽകരുത്
പരിചയമില്ലാത്തവർ ഷെയർ ചെയ്യുന്ന ലിങ്കുകളിൽ പ്രവേശിക്കരുത്
ചതിയിൽപ്പെട്ടാൽ മറച്ചുവയ്ക്കാതെ പൊലീസിൽ അറിയിക്കുക
ബ്ലാക്ക് മെയിൽ മുനമ്പിൽ
മാന്യത നഷ്ടപ്പെടുമെന്ന് ഭയന്ന് ഇത്തരം പരാതികളിൽ ഭൂരിപക്ഷവും പൊലീസിന് മുമ്പാകെ എത്തുന്നില്ല. ഇതാണ് ഇത്തരക്കാർക്ക് വളമാകുന്നത്. വൻതുക നഷ്ടപ്പെടുമ്പോൾ പരാതിപ്പെടുന്നവരുമുണ്ട്. ചെറിയ തുകകൾ പലരും കണ്ണടയ്ക്കും.
”അപരിചിതരുടെ കാളുകളോ റിക്വസ്റ്റുകളോ സ്വീകരിക്കരുത്. പഴയ സുഹൃത്തുക്കളെന്ന ഭാവേന വാട്സ് ആപ്പ് സന്ദേശങ്ങൾ അയച്ച് വീഴ്ത്തുന്നതാണ് ഇപ്പോൾ തട്ടിപ്പിന്റെ രീതി. ഇത്തരം തട്ടിപ്പുകളുണ്ടായാൽ ഉടൻ സൈബർ സെല്ലിലോ പൊലീസ് സ്റ്റേഷനിലോ പരാതിപ്പെടണം.
-സൈബർ വിദഗ്ദ്ധർ
ഡിജിറ്റൽ അറസ്റ്റിലൂടെയും തേൻകെണിയിലൂടെയും രണ്ട് മാസത്തിനിടെ വൈക്കത്ത് നിന്ന് നഷ്ടമായത് 72 ലക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]