മലയാള സിനിമ ഇപ്പോൾ നേരിടുന്ന ഒ.ടി.ടി. പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രമുഖ നിർമാതാവ് വേണു കുന്നപ്പിള്ളി. മലയാള സിനിമാ നിർമാതാക്കളാൽ തന്നെ ഒ.ടി.ടി.ക്കാർ കബളിക്കപ്പെട്ടു. രാവിലെ റിലീസ് ചെയ്യുന്ന സിനിമ വൈകീട്ട് ടെലഗ്രാമിൽ എത്തുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
‘കുറേയധികം ഒ.ടി.ടി.ക്കാർ മലയാള ചലച്ചിത്രനിർമാതാക്കളാൽ തന്നെ പറ്റിക്കപ്പെട്ടു. അഞ്ച് കോടി രൂപയ്ക്ക് എടുത്ത സിനിമയായിരിക്കും. അവരോട് പറയുന്നത് ഇത് 15 കോടിയുടെ സിനിമയാണെന്നായിരിക്കും. എന്നിട്ട് 10 കോടി ചോദിക്കും. ഇതോടെ, ഒരു ഒമ്പത് കോടി രൂപയ്ക്ക് അവർ സിനിമയെടുക്കും. അഞ്ച് കോടിയുടെ ഗുണമേ സിനിമയ്ക്കുണ്ടാകൂ.
നാളെ തിയേറ്ററിൽ വരുമ്പോൾ ഈ സിനിമ വാഷ് ഔട്ട് ആകും. ഒ.ടി.ടി.യിൽ വരുമ്പോൾ കാണാൻ ആളുകൾ വളരെ കുറവായിരിക്കും. ഒമ്പത് കോടി രൂപയ്ക്ക് അവർ വാങ്ങിയ സിനിമയ്ക്ക് ലഭിക്കുന്ന വരുമാനം രണ്ട് കോടിയോ മൂന്ന് കോടിയോ ആയിരിക്കും. ഇത് സ്ഥിരമായി സംഭവിച്ചു. ഒ.ടി.ടി. എന്ന് പറഞ്ഞാൽ എല്ലാവരും കോർപ്പറേറ്റ് ലെവലിൽ ജോലി ചെയ്യുന്നവരാണ്. അവർക്ക് വളരെ എളുപ്പത്തിൽ കാര്യം മനസ്സിലായി.
രാവിലെ റിലീസ് ആയ സിനിമ വൈകീട്ട് ടെലഗ്രാമിൽ വരുന്നതാണ് ഏറ്റവും വലിയ ദുരന്തം. അങ്ങിനെയും വരുമാനം നഷ്ടപ്പെടുന്നു. ഇപ്പോൾ ഒ.ടി.ടി.യിൽ കൊടുത്തിരിക്കുന്ന എത്രയോ സിനിമകൾ നമുക്ക് യൂട്യൂബിൽ കാണാൻ പറ്റും. അങ്ങിനെ, ഒ.ടി.ടി.യിൽ കാഴ്ചക്കാർ കുറഞ്ഞതോടെയാണ് അവർക്ക് താത്പര്യം നഷ്ടമായത്.
ഇപ്പോൾ തിയേറ്ററിൽ നന്നായി ഓടിയാൽ അവർ ഒരു വില പറയും. മലയാള സിനിമ ഡബിൾ ഡിജിറ്റിൽ ആരും എടുക്കേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം. അതായത് 10 കോടി രൂപയ്ക്ക് മുകളിൽ ആരും എടുക്കില്ല’, വേണു കുന്നപ്പിള്ളി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]