തിരുവനന്തപുരം: 16 കോച്ചുകളുള്ള പഴയ വന്ദേഭാരതിന് പകരമെത്തിയ 20കോച്ചുകളുള്ള പുതിയ വന്ദേഭാരതിന്റെ ആദ്യയാത്ര വൻ ഹിറ്റ്. ആദ്യസർവീസായ ഇന്നലെ രാവിലെ 5.15ന് ആകെയുള്ള 1,440സീറ്റുകളിലും യാത്രക്കാരെ നിറച്ചാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ആദ്യദിനം 100 ശതമാനം ബുക്കിംഗ് ലഭിച്ചത് റെയിൽവേയ്ക്കും വൻ പ്രതീക്ഷയാണ് നൽകിയത്.
അധികമായി നാല് കോച്ചുകൾ കൂടി ഉൾപ്പെടുത്തിയതോടെ 312 സീറ്റുകളാണ് അധികം ലഭിച്ചത്. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. സീറ്റുകൾ കുറവെന്ന പരാതിക്കും ഇതോടെ പരിഹാരമായി. വെള്ളിയാഴ്ച രാവിലെ 5.15നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.20ഓടെ കാസർകോടെത്തി. വരും ദിവസങ്ങളിലും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതായാണ് വിവരം.ന്യൂഡൽഹി വാരണാസി,നാഗ്പൂർ സെക്കന്തരാബാദ് റൂട്ടുകളിലാണ് ആദ്യമായി 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഉപയോഗിച്ചത്. കേരളത്തെ കൂടാതെ തിരുനെൽവേലി-ചെന്നൈ എഗ്മോർ എക്പ്രസിനും ഈ ട്രെയിനുകൾ അനുവദിച്ചിരുന്നു.
സംഭരണശേഷി കൂടുതൽ
മറ്റ് വന്ദേ ഭാരത് എക്സ്പ്രസുകളെ അപേക്ഷിച്ച് 15 ശതമാനത്തിലേറെ സംഭരണശേഷിയുള്ളവയാണ് 20 കോച്ചുള്ള വന്ദേഭാരത്. കാഴ്ച വൈകല്യമുള്ളവർക്കായി പ്രത്യേകം രൂപകല്പന ചെയ്ത സംവിധാനം,അത്യാധുനിക സൗകര്യങ്ങളുമുണ്ട്. നൂതന ഷോക്ക് അബ്സോർബറുകൾ,സസ്പെൻഷൻ സംവിധാനങ്ങൾ,ഓരോ കോച്ചിലും വീൽചെയറുകൾക്കുള്ള ഇടം,കുഷ്യനിംഗുള്ള സീറ്റുകൾ,ബ്രെയിലിഎംബോസ് ചെയ്ത സീറ്റ് നമ്പറുകൾ തുടങ്ങിയവയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]