ജക്കാർത്ത: കിഴക്കൻ ഇൻഡോനേഷ്യയിലെ ഇബു അഗ്നിപർവ്വതത്തിൽ സ്ഫോടനം. 4 കിലോമീറ്റർ ഉയരത്തിലേക്ക് ചൂട് ലാവയും ചാരവും പുകയും തെറിച്ചു. ഇന്നലെ പ്രാദേശിക സമയം രാത്രി 7.45നായിരുന്നു വിദൂര ദ്വീപായ ഹാൽമഹേരയിലുള്ള ഇബുവിൽ പൊട്ടിത്തെറിയുണ്ടായത്. അഗ്നിപർവതത്തിന്റെ 4 – 5.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇൻഡോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് ഇബു. കഴിഞ്ഞ വർഷം രണ്ടായിരത്തിലേറെ പൊട്ടിത്തെറികൾ ഇബുവിലുണ്ടായി.