നിങ്ങള്‍ക്ക് നിങ്ങളായിരിക്കാന്‍ പറ്റുന്നുണ്ടോ? ഇഷ്ടങ്ങള്‍ക്കനുസരിച്ച്, സ്വപ്നംതേടി നീങ്ങാന്‍ പറ്റുന്നുണ്ടോ? സമൂഹത്തിലെ കീഴ്വഴക്കങ്ങള്‍ക്ക് നിങ്ങള്‍ വഴങ്ങേണ്ടി വരുന്നുണ്ടോ? അതോ അവയ്ക്കു പകരം നിങ്ങള്‍ പുതിയവ സൃഷ്ടിക്കുകയാണോ? ബോള്‍ഗാട്ടിയില്‍ കപ്പ കള്‍ച്ചറിലെ ആദ്യ ടോക് നടന്നപ്പോള്‍ പലതരം ചിന്തകള്‍ മുഖാമുഖം നിന്നു. പരിണാമങ്ങള്‍ക്ക് ഒപ്പം പുതിയ ആശയങ്ങളും കടന്നുവരുമെന്നും വ്യക്തിത്വം നഷ്ടപ്പെടാതെ അതില്‍ നല്ലതിനെ ചേര്‍ത്തുപിടിക്കണമെന്നും ടോക്കില്‍ സംസാരിച്ചവര്‍ പറഞ്ഞു. അതിന് കൂട്ടായി അനുഭവത്തിന്റെ ചൂടും ചങ്കുറപ്പും വിജയകഥകളുമുണ്ടായിരുന്നു.
വീട്ടില്‍നിന്നുള്ള കത്തുകള്‍
പ്രായംകൊണ്ടും അനുഭവങ്ങള്‍ കൊണ്ടും പാനലിലെ ഒന്നാമനായിരുന്ന സി.ജി.എച്ച്. എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക് ഓര്‍ത്തെടുത്തത് ഇന്റര്‍നെറ്റും മൊബൈലുമില്ലാത്ത കാലത്ത് മുംബൈയില്‍ ജോലി ചെയ്യുമ്പോള്‍ ആഴ്ചയിലൊരിക്കലെത്തുന്ന പിതാവിന്റെ കത്തുകളാണ്.
കത്തുകളിലെ ആവശ്യം ജോലി രാജിവെച്ച് നാട്ടിലേക്ക് വരണമെന്നതായിരുന്നു. ”ഞാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു, പിന്നീട് ഹോട്ടല്‍ വ്യവസായിയായി, കോവിഡ് വന്നപ്പോള്‍ ആദ്യം അടി കിട്ടിയത് ടൂറിസത്തിനായിരുന്നു. അതു നീണ്ടുനിന്നു. അപ്പോഴാണ് കൃഷിയിലേക്ക് ഇറങ്ങിയത്. ഇപ്പോള്‍ ടൂറിസം ശരിയായി. കൃഷിയും ഒപ്പം നടക്കുന്നു. ഓരോ പ്രതിസന്ധിയെയും സാധ്യതകളാക്കിയെടുക്കണമെന്നാണ് ജീവിതം പഠിപ്പിച്ചത്”.
സാംസ്കാരിക തനിമയും പരിസ്ഥിതിയും സംരക്ഷിച്ചു വേണം ടൂറിസമെന്ന് ജോസ് ഡൊമിനിക് പറഞ്ഞു. ”ടൂറിസം മുതലാളിത്തവും ബൂര്‍ഷ്വാ ഏര്പ്പാടുമാണെന്ന ചിന്ത മാറി. രാജീവ്ഗാന്ധി മുന്‍കൈയെടുത്ത് ലക്ഷദ്വീപിലെ ബംഗാരത്ത് ആദ്യമായി 1987-ല്‍ സ്വകാര്യ മേഖലയില്‍ വിനോദസഞ്ചാരം തുടങ്ങാന്‍ ഒരുങ്ങിയപ്പോള്‍ വലിയ കമ്പനികള്‍ മത്സരിക്കാനുണ്ടായിരുന്നു. മൂന്നു വര്‍ഷമെടുത്ത് 60 കോടിയുടെയും മറ്റു പദ്ധതികളായിരുന്നു അതെല്ലാം. എനിക്ക് അവസാനമാണ് സംസാരിക്കാന്‍ അവസരം കിട്ടിയത്. മൂന്നു മാസംകൊണ്ട് പ്രാദേശിക വിഭവങ്ങള്‍ കൊണ്ട് നാട്ടുകാരെ ചേര്‍ത്ത് ഹോട്ടലാകാമെന്നാണ് ഞാന്‍ പറഞ്ഞത്. അത് നടന്നു. പിന്നീട് അത് ഞങ്ങളുടെ ഹോട്ടല്‍ ശൃംഖലയുടെ നയവുമായി” – പുതിയ ആശയങ്ങളുണ്ടായ കഥ ജോസ് ഡൊമിനിക് പറഞ്ഞു.
ഹൈബീ, അസംബ്ലി കോളേജല്ല
പാന്റ്സും ഷര്‍ട്ടും ഷൂസുമിട്ട് ആദ്യകാലത്ത് അസംബ്ലിയില്‍ പോയപ്പോള്‍ ഇങ്ങനെ വരാന്‍ ഹൈബീ, ഇത് കോളേജല്ല എന്നാണ് മുതിര്‍ന്ന ചിലര്‍ ഉപദേശിച്ചതെന്ന് ഹൈബി ഈഡന് എം.പി പറഞ്ഞു. ഫെയ്സ്ബുക്ക് വന്നപ്പോള്‍ അത് ഉപയോഗിച്ചതിനും ചിലര്‍ വിമര്‍ശിച്ചു. അവര്‍തന്നെ പിന്നീട് പലരെയും വെച്ച് എഫ്ബി അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഞാന്‍ കണ്ടു. ആര്‍ത്തവ ശുചിത്വത്തിന് കപ്പ് ഓഫ് ലൈഫ് എന്ന പദ്ധതി കൊണ്ടുവന്നപ്പോള്‍ ചിലര്‍ പുരികം ചുളിച്ചു. പക്ഷേ, അത് ജനകീയമായി. നമുക്ക് നല്ലതെന്ന് ഉറപ്പുള്ള പുതുമകള്‍ വിജയിക്കും” – ഹൈബി ഈഡന് പറഞ്ഞു.
നിറപ്പകിട്ടുള്ള കാലം
വിവരസാങ്കേതികതയുടെ കാലം കലാകാരന്മര്‍ക്ക് നിറപ്പകിട്ടുള്ള വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക് പറഞ്ഞു. ”മുന്‍പൊക്കെ 10 വര്ഷവുംമറ്റും പ്രശസ്തരായവരുടെ ടീമില്‍ നിന്ന ശേഷമാണ് ഒരു വഴി തുറക്കാന്‍ കഴിഞ്ഞിരുന്നത്. ഇന്നതല്ല സ്ഥിതി. നമ്മളെ അറിയാനും ബന്ധപ്പെടാനും സാമൂഹിക മാധ്യമങ്ങള്‍ ഉണ്ട്”. ആര്‍ട്ടിസ്റ്റിനു മാത്രമാണ് സമൂഹം വേഷങ്ങളിലും ചിന്തകളിലുമെല്ലാം ഇളവ് നല്‍കുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു.
ആശയങ്ങളുടെ കരുത്ത്
”സൂപ്പര്‍ യങ് ആയ എനിക്ക് മൂല്യങ്ങളുടെയും ചിന്തകളുടെയും കാര്യത്തില്‍ ഒരു ശാഠ്യക്കാരിയുടെ മട്ടായിരുന്നു. എന്നാല്‍, ഇന്നത്തെ എന്നെ ഞാനാക്കിത്തീര്‍ത്തത് പല ആളുകളുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്. റേഡിയോ, പത്രം, ടി.വി. എന്നിങ്ങനെ പല മാധ്യമങ്ങളിലെ പല തലമുറകളിലുള്ളവരുടെ വീക്ഷണങ്ങള്‍. അത് അറിയുന്നത് പ്രധാനമാണ്. ശരിയായ കാര്യങ്ങളില്‍ ഉറപ്പോടെ നീങ്ങണമെന്നാണ് അച്ഛന് പഠിപ്പിച്ചത്” – മാതൃഭൂമി ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.എസ്. ദേവിക പറഞ്ഞു. ക്ലബ് എഫ്.എമ്മിലെ ആര്.ജെ. റാഫി മോഡറേറ്ററായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]