
കൊച്ചി: അരനൂറ്റാണ്ടിലേറെക്കാലം മലയാളിയെ ആനന്ദത്തിലാഴ്ത്തിയ മധുരഗാനങ്ങള്‍ക്ക് ശബ്ദമായി മാറിയ ഭാവഗായകന് പി. ജയചന്ദ്രന് ഇനി ഓര്മ. അദ്ദേഹത്തിന്റെ തറവാടു വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന് ദിനനാഥന് ചിതയ്ക്ക് തീ കൊളുത്തി.
1944 മാര്‍ച്ച് മൂന്നിന് പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന് തമ്പുരാന്റെയും മകനായ ജയചന്ദ്രന്റെ ബാല്യ കാലം പാലിയത്തെ ഈ തറവാട്ടിലായിരുന്നു. അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗം, ലളിതഗാനം എന്നിവയില്‍ സമ്മാനം നേടി.
1965ല്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു. ‘രാജീവ നയനേ നീയുറങ്ങൂ’, ‘കേവലം മര്‍ത്യഭാഷ കേള്‍ക്കാത്ത’ പോലുള്ള അനശ്വരഗാനങ്ങളാല്‍ പഴയകാലത്തെ ത്രസിപ്പിച്ചപോലെ ‘പൂവേ പൂവേ പാലപ്പൂവേ, ‘പൊടിമീശ മുളയ്ക്കണ പ്രായം,’ ‘ശാരദാംബരം…’ തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.
പി. ജയചന്ദ്രന് പാലിയത്ത് ഒരുക്കിയ ചിത| Photo: Shihab Thangal
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ സംസ്ഥാന പുരസ്കാരം. നാലുതവണ തമിഴ്നാട് സംസ്ഥാന പുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.
ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-നായിരുന്നു മരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]