
വെയിൽ താഴ്ന്നുനിന്നപ്പോൾ കൾച്ചർ വേദിയിലേക്കൊരു അതിഥിയെത്തി. യുവത്വം അയാളിലേക്ക് നിറഞ്ഞു. പിന്നെ ഒരു കൊടുമുടി കയറ്റമായിരുന്നു. ബീറ്റുകൾ നെഞ്ചിടിപ്പേറ്റി. ചുവടുകൾ ബോൾഗാട്ടിയുടെ മൈതാനത്തിലേക്ക് താളത്തിൽ പതിച്ചുകൊണ്ടിരുന്നു. സ്കെയിലുകളുടെ വിന്യാസത്തിലൂടെ ഈണത്തിന്റെയും സമന്വയത്തിന്റെയും പുത്തൻ ലോകത്തേക്ക് യുവത്വം വിരലുകളുയർത്തി. പതിഞ്ഞ താളത്തിൽ തുടങ്ങി മിന്നലടിച്ച പ്രതീതിയായിരുന്നു കൾച്ചർ സ്റ്റേജിൽ റോമൻ കൈൻ പടർത്തിയത്. ഇലക്ട്രോണിക് സംഗീതത്തിൽ സ്കെയിലുകളുടെ പ്രാധാന്യം അനുഭവിപ്പിച്ചുള്ള പ്രകടനം.
പലരും റോമന്റെ കടുത്ത ആരാധകരായിരുന്നു. ആവേശത്തിമർപ്പിനിടെ റോമൻ ‘സിഗ്നേച്ചറുകൾ’ ഒന്നൊന്നായി വന്നു. തെറെമിൻ, ബ്ലൂടൂത് മിഡി കൺട്രോളേഴ്സ്… സംഗീതത്തിന്റെ ലൈവ് സാധ്യതകൾ പുറത്തേക്ക്. ഇമോഷണൽ കണക്ഷൻ കിട്ടിയതോടെ കോഡ് പ്രോഗ്രഷനുകൾ മാറിമാറി നിറഞ്ഞു. ലൈവ് ആർട്ടിസ്റ്റ്, ഇലക്ട്രോണിക് പ്രൊഡ്യൂസർ, ക്ലാസിക്കൽ മ്യൂസിക് ആർട്ടിസ്റ്റ് എന്നിങ്ങനെ റോമനെ കേട്ടിട്ടുള്ളവരൊക്കെ മുന്നിൽ നടക്കുന്ന ലൈവിൽ ത്രില്ലടിച്ചു. ഇടയ്ക്ക് പിള്ളേർക്കു വേണ്ടി ചില പരീക്ഷണങ്ങൾ കൊണ്ടുവരാനും മടിച്ചില്ല.
മിനിറ്റുകൾക്കുള്ളിൽ നാലുവഴിക്കുനിന്നും ആസ്വാദകരുടെ തിരക്ക്. വേദിയിലെ ലൈറ്റുകൾ വർണ നിലാവ് നിറയ്ക്കുമ്പോൾ റോമന്റെ വിരലുകൾ പുതിയ ബീറ്റുകൾ തേടി. നിങ്ങളില്ലാതെ എന്ത് മ്യൂസിക് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവേശത്തിന്റെ പിന്നിൽ. ലൈവ് പെർഫോമൻസിന്റെ ഫീൽ വേഗത്തിൽ യുവാക്കളിലേക്ക് പടർന്നു കയറി. അവർ എന്ത് ആവശ്യപ്പെടുന്നോ അതിലേക്ക് പടർത്താനുള്ള തീപ്പൊരി ഈ കലാകാരന്റെ പക്കലുണ്ടായിരുന്നു. ആകാശത്തേക്കുയർന്ന കൈകളും നൂറുകണക്കിന് മുഖങ്ങളിൽ കണ്ട ആവേശത്തുടിപ്പും മതി റോമൻ എഫക്ട് എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]