കൊച്ചി: വർണത്തലമുടികളും പിന്നിയിട്ട്, പാതിയായ പാവകളെ പുൽത്തകിടിയിലിരുന്ന് പൂർണമാക്കാനുള്ള ശ്രമത്തിലായിരുന്നു കൊച്ചുമിടുക്കികളായ അമായയും സൈറയും. ഓസ്ട്രേലിയയിൽനിന്ന് അമ്മ ടീനയുടെ ജന്മനാട് കാണാനെത്തിയതാണ്, അതുവഴി കപ്പയിലേക്കും. ആർട്ട് കൾച്ചർ വേദി കണ്ടപ്പോ കൊച്ചുകലാകാരികൾക്കൊരു മോഹം. പാവയുണ്ടാക്കി നോക്കിയാലോ, ചെന്നെത്തിപ്പെട്ടത് സ്ക്രാപ്പിൽനിന്ന് അദ്ഭുതങ്ങൾ തീർക്കുന്ന ലോസ്റ്റ് കിഡ്സ് ഗാരേജെന്ന മടയിലേക്കും. തുണിയും മറ്റ് അസംസ്കൃത വസ്തുക്കളും കൈയിലേൽപ്പിച്ച് സ്ക്രാപ്പ് ആർട്ടിന്റെ ലോകത്തേക്ക് അവരെയും വിളിച്ചു കയറ്റി. പിന്നെ ചേട്ടൻമാർ പഠിപ്പിച്ച വിദ്യകളുപയോഗിച്ച് പുൽത്തകിടിയിലിരുന്ന് അത് പൂർണമാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും ഏവരുടെയും കണ്ണിലുടക്കിയത്, കപ്പ കൾച്ചറിന്റെ പൊന്നോമനകളായത്. ഇരുവർക്കും അമ്മയുടെ ജന്മനാടും കപ്പ കൾച്ചറും ഒത്തിരി ഇഷ്ടമായി.
ക്രിസ്മസ് അവധിക്ക് അമ്മയുടെ തറവാടായ ആലപ്പുഴ പുളിങ്കുന്നിലെ പുത്തൻപറമ്പിൽ കുടുംബത്തിലെത്തിയതാണ്. ശനിയാഴ്ച രാവിലെ തിരികെ ഓസ്ട്രേലിയയിലേക്ക് പറക്കും. ബോൾഗാട്ടിയിലെ ആഘോഷത്തെ പറ്റിയറിഞ്ഞ് അമ്മയ്ക്കും അമ്മയുടെ സഹോദരി ഹനയ്ക്കുമൊപ്പമാണ് എത്തിയത്. ഹനയുടെ പാരീസിലെ സുഹൃത്തുക്കളായ അനൈസിനെയും നിക്കോളാസിനെയും ഒപ്പം കൂട്ടിയിരുന്നു. ലോക്കൽ തീവണ്ടികളിലും ബസിലും കയറി ഇന്ത്യ കറങ്ങാനെത്തിയ ഇരുവരുടെയും മനസ്സിൽ കൊച്ചിയും കപ്പ കൾച്ചറും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]