കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി. ഡ്രൈവർ എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാറിനെയും (45) ഭാര്യ തുഷാരയേയുമാണ് (35) കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരൻ സുമൽജിത്ത് നടക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു.
ഇന്നലെ രാവിലെ മുതൽ കാണാതായ രജിത്തിനെയും തുഷാരയെയും ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും കോഴിക്കോട്ട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിസ് സമീപമുളള ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇന്നലെ മുറിയൊഴിഞ്ഞ് പോയി. ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രജിത് കുമാറും തുഷാരയും വീട്ടിൽ നിന്ന് പോയത്. മാമി തിരോധാനക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇരുവർക്കും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് ഇവരെ കാണാതായത്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നടക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് രണ്ടുപേരും ട്രെയിനിൽ ഗുരുവായൂർ എത്തുകയായിരുന്നുവെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.