പാലക്കാട്: ജപ്തി ഭീഷണി ഭയന്ന് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. കീഴായൂർ സ്വദേശിയായ ജയയാണ് (48) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാട് പട്ടാമ്പിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊർണൂരിലെ സഹകരണ അർബൻ ബാങ്കിൽ നിന്ന് ജപ്തി നടത്തുന്നതിനായി ഉദ്യോഗസ്ഥർ ജയയുടെ വീട്ടിൽ എത്തിയിരുന്നു. ഇതോടെയാണ് അവർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പൊളളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് 80 ശതമാനത്തോളം പൊളളലേറ്റിട്ടുണ്ട്.
സംഭവത്തോടെ പട്ടാമ്പി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തി വച്ചു. 2015ൽ ബാങ്കിൽ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് (49) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോൾ ഉപയോഗിച്ചായിരുന്നു ഇവർ തീകൊളുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.കോടതി വിധിയെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് ഷീബയുടെ വീട്ടിൽ ജപ്തിക്കായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതോടെ ഷീബ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്ഐ ബിനോയി എബ്രഹാം(52), വനിതാ സിവിൽ പൊലീസ് ഓഫീസർ ടി അമ്പിളി(35) എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.