തിരുവനന്തപുരം: സ്കൂൾ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്കരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതനുസരിച്ച് ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിലെ പരീക്ഷാ രീതി മാറും. ദേശീയ പ്രവേശനപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടുന്ന സാഹചര്യമാണ് തിരുത്തലിന് പ്രേരണ.
പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാനശേഷികൾ സ്കൂൾ തലത്തിൽ ആർജ്ജിക്കാത്തതും പരീക്ഷാരീതിയുടെ നിലവാരം ഉയരാത്തതുമാണ് പ്രശ്നമെന്ന വിലയിരുത്തലിലാണ് പൊളിച്ചെഴുത്ത്. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാവുന്ന അടുത്ത അദ്ധ്യയനവർഷം മുതൽ പരീക്ഷാ രീതി മാറും.
പരീക്ഷയെന്നാൽ കുട്ടിയുടെ ഓർമ്മശക്തി പരീക്ഷിക്കലല്ലെന്ന നിരീക്ഷണമാണ് മാറ്റത്തിന്റെ അടിസ്ഥാനം. കുട്ടിയുടെ വിശകലന ശേഷി, അപഗ്രഥനം എന്നിവയിലുള്ള കഴിവ് വികസിപ്പിക്കുന്ന തരത്തിലാവും ചോദ്യപേപ്പർ. ഓർത്തെടുത്തെടുത്ത് എഴുതുന്നതിനേക്കാൾ ചിന്തിച്ച് എഴുതേണ്ടി വരും.
പരിഷ്കരിച്ച ചോദ്യങ്ങൾ ഏപ്രിൽ അവസാനത്തോടെ എസ്.സി.ഇ.ആർ.ടിയുടെ സൈറ്രിൽ അപ്ലോഡ് ചെയ്യും. പുതിയ ചോദ്യരീതി കുട്ടികളെ പരിചയപ്പെടുത്താനാണിത്. ഏപ്രിൽ- മേയ് മാസങ്ങളിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകും.ഓണം, ക്രിസ്മസ് , വാർഷിക പരീക്ഷകളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠന പിന്തുണ നൽകി വീണ്ടും പരീക്ഷയെഴുതിക്കും. വാർഷിക പരീക്ഷയിൽ പിന്നിലാകുന്ന കുട്ടികൾക്കായി വേനലവധിക്ക് വീണ്ടും പരീക്ഷ നടത്തും. കുട്ടികൾ തോൽക്കുന്ന അവസ്ഥ ഒഴിവാക്കും.
നിരന്തര മൂല്യനിർണയത്തിന് ഇനി ഫുൾ മാർക്കില്ല
അസൈൻമെന്റ്, സെമിനാറുകൾ, പ്രോജക്ട് എന്നിവ ഉൾപ്പെടുന്ന നിരന്തര മൂല്യനിർണയത്തിന്,. റിസൾട്ട് വർദ്ധിപ്പിക്കുന്നതിനായി 90 ശതമാനം സ്കൂളുകളും മുഴുവൻ മാർക്കും നൽകുന്നുണ്ട്. ഇനി ഈ രീതിക്ക് മാറ്റം വരും. അർഹതയും നിലവാരവും നോക്കി മാത്രമേ മാർക്കിടാനാകൂ. നിരന്തരമൂല്യനിർണയം മോണിറ്റർ ചെയ്യാൻ സമിതിയെ നിയോഗിക്കും. സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാതലത്തിൽ ഡിഡിമാർ, ബി.ആർ.സി തലത്തിൽ എ.ഇ.ഒമാർ എന്നിവർ നേതൃത്വം വഹിക്കും.
നിരന്തരമൂല്യനിർണയം കുറ്റമറ്റതാക്കാൻ അദ്ധ്യാപകർക്ക് പരിശീലനവും നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]