വൈറൽ താരങ്ങളാണ് ഹണി റോസും ബോബി ചെമ്മണ്ണൂരും. തെരുവിലും സൈബർ തെരുവിലും ആളെ കൂട്ടുന്നവർ. ഒരാൾക്ക് സിനിമയുടേയും ഉദ്ഘാടന മാമാങ്കങ്ങളുടേയും പരിവേഷമാണെങ്കിൽ വ്യവസായ വിജയവും നന്മമരമെന്ന ഖ്യാതിയും കൊച്ചു വികൃതികളുമാണ് അടുത്തയാളെ താരമാക്കുന്നത്. ഇരുവരും ഒന്നരപ്പതിറ്റാണ്ടായി പൊതുസമൂഹത്തിലുണ്ടെങ്കിലും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് താരമൂല്യം കുതിച്ചുയർന്നത്. ബോചെയുടെ പബ്ലിസിറ്റി നമ്പറുകളും ഹണിയുടെ മേക്കോവറും ഇതിന് സഹായിച്ചു.
ഇരുവരും സൗഹൃത്തിലായിരുന്നു കുറച്ചുനാൾ മുമ്പുവരെ. ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്ന ദിവസം വരെ. അന്ന് ബോചെ തമാശമട്ടിൽ നടത്തിയ കമന്റുകളാണ് കുഴപ്പമായത്. ഇതിൽ നീരസം അറിയിച്ചിരുന്ന ഹണിറോസ്, സാഹചര്യങ്ങൾ വഷളായതോടെ നിയമപരമായി നീങ്ങുകയായിരുന്നു. പ്രതിരോധിക്കാനാകും മുമ്പെ ബോചെ അറസ്റ്റിലാവുകയും ചെയ്തു.
വാവിട്ട വാക്കുകൾ
ക്രൗഡ് പുള്ളർ ഉദ്ഘാടന മാമാങ്കങ്ങളാണ് ബോബി ചെമ്മണ്ണൂർ ജൂവലറികളുടെ സവിശേഷത. ഫുട്ബോൾ ഇതിഹാസം മറഡോണയെ അടക്കം എത്തിച്ച് ബോചെ ആളെ കൂട്ടിയിരുന്നു. ഇത്തരമൊരു ബിസിനസ് തന്ത്രത്തിന്റെ ഭാഗമായാണ് ഹണി റോസിനേയും ഉദ്ഘാടനത്തിന് ക്ഷണിച്ചത്. നാലുമാസം മുമ്പ് കണ്ണൂർ ആലക്കോട് നടന്ന ചടങ്ങിൽ വച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഹണിയെ കുന്തീദേവിയോട് ഉപമിച്ച് സംസാരിച്ചതിന്റെ വീഡിയോ വൈറലായിരുന്നു. ഇത് ദ്വയാർത്ഥ പ്രയോഗമാണെന്നതു കൊണ്ട് ഹണി അതിന് പിന്നാലെ ബോചെയുടെ മാനേജരെ വിളിച്ച് അതൃപ്തിയറിയിക്കുകയും ചെയ്തു.
എന്നാൽ തുടർന്നും ബോചെ ഈ പരാമർശങ്ങൾ നടത്തുകയും തന്റെ പരിപാടികളിൽ പിൻതുടർന്നെത്തി മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. ബോചെയുടെ പരാമർശത്തിന്റെ ചുവടുപിടിച്ച് സൈബർ ലോകത്ത് കമന്റുകളും അപകീർത്തി വീഡിയോകളും വ്യാപകമായതോടെയാണ് പൊലീസ് കേസായത്. ആദ്യം മോശം കമന്റുകൾ നൽകിവർക്കെതിരേയാണ് ഹണി പരാതിപ്പെട്ടത്.
ബോചെയുടെ പേരു പറയാതെ ഇൻസ്റ്രാഗ്രാമിൽ തനിക്ക് പറയാനുള്ളത് വ്യക്തമാക്കുകയും ചെയ്തിരുന്നു. അശ്ലീല ഭാഷാ പണ്ഡിതർക്കെതിരായ യുദ്ധം തുടങ്ങിവയ്ക്കുന്നതായി അറിയിച്ച് ഹണി റോസ് അടുത്തദിവസം തന്റെ നിലപാട് ശക്തമാക്കുകയായിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി നൽകിയ പരാതിയിലാണ് ബോചെ അറസ്റ്റിലായത്.
മുന്നറിയിപ്പുകൾ
തന്റെ വിഷമം പങ്കുവയ്ക്കുന്ന രീതിയിലായിരുന്നു ഹണി റോസ് തന്റെ ആദ്യ പ്രതികരണം പോസ്റ്റ് ചെയ്തത്. അത് ഇങ്ങനെയായിരുന്നു: ”ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പമുള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ വരികയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവൃത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥമില്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.” ഈ പ്രതികരണത്തിലെ വിഷമസന്ധി തിരിച്ചറിയാൻ സമൂഹത്തിലെ ഒരു വിഭാഗം സഹിഷ്ണുത കാട്ടിയില്ലെന്നാണ് അതിന് ചുവടെ വന്ന കമന്റുകൾ സൂചിപ്പിച്ചത്. ഇങ്ങനെ രൂക്ഷമായി ആക്രമിച്ചവർക്കെതിരേയാണ് ഹണി ആദ്യം പരാതി നൽകിയത്. സൈബർ അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തിട്ടും ആക്ഷേപങ്ങൾ അടങ്ങാതെ വന്നപ്പോഴാണ് താരം പരസ്യമായ യുദ്ധപ്രഖ്യാപനവുമായി രംഗത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുൻകൂർ ജാമ്യം തേടിയില്ല
നേരിട്ടും സമൂഹമാദ്ധ്യമങ്ങൾ വഴിയും ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീലകമന്റുകളും വാരി വിതറുന്നവർക്ക് അതുസംബന്ധിച്ച നിയമ വ്യവസ്ഥകളുടെ ശക്തി ബോദ്ധ്യപ്പെടുന്നില്ല. ബോബി ചെമ്മണ്ണൂർ പോലും പ്രശ്നം അത്ര ഗൗരവമായെടുത്തിരുന്നില്ലെന്നാണ് ആദ്യഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നടിയെ താൻ ഒരു ദേവിയോടാണ് ഉപമിച്ചത്. അതിൽ കുറ്റമില്ലെന്ന രീതിയിലാണ് അദ്ദേഹത്തിന് ലഭിച്ച നിയമോപദേശം. അതിനാൽ മുൻകൂർ ജാമ്യം തേടിയതുമില്ല. കൂടുതൽ ചിന്തിക്കാൻ ഇടനൽകാതെ പൊലീസ് കൈയോടെ പൊക്കുകയായിരുന്നു.
ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഐ.ടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ്. ഹണി റോസിനെ അപമാനിച്ച് കമന്റുകളിടുകയും യുട്യൂബ് വീഡിയോകൾ ഇറക്കുകയും ചെയ്ത മുപ്പതോളം പേരും പ്രതികളാണ്. ഇതിൽ ചിലർ അറസറ്റിലാവുകയും ചെയ്തു. ലൈംഗികാതിക്രമക്കുറ്റം ചുമത്തുന്നതിന് ശാരീരികമായ ഉപദ്രവം നിർബന്ധമില്ലെന്നതാണ് വസ്തുത. ലൈംഗിക നിറത്തോടെയുള്ള പരാമർശങ്ങളും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരും. മൂന്നുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. കഴിഞ്ഞദിവസം മറ്റൊരു കേസിൽ ഹൈക്കോടതി ഈ വിഷയത്തിന്റെ ഗൗരവം ആവർത്തിച്ചിരുന്നു.
സഹപ്രവർത്തകയുടെ ശരീരവടിവിനെ പ്രശംസിച്ച കെ.എസ്.ഇ.ബി മുൻ ജീവനക്കാരനെതിരേ ലൈംഗികാതിക്രമക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കുന്ന ഉത്തവിലാണിത്. ബോചെ കേസുമായി ചേർത്തുവായിക്കാവുന്ന ഉത്തരവായിരുന്നു ഇത്. ഏതായാലും അപകീർത്തികരമായ കമന്റുകളും ഗുരുതര കുറ്റമാണെന്ന് ഹണി റോസിന്റെ കേസിൽ നിന്ന് ഇപ്പോൾ പലർക്കും വ്യക്തമായിട്ടുണ്ട്. ഒറിജിനൽ പ്രൊഫൈലിൽ നിന്ന് പ്രതികരണം പോസ്റ്റു ചെയ്യുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മോശം കമന്റിടാൻ തുടങ്ങുമ്പോൾ കൈവിറയ്ക്കുന്ന അവസ്ഥയും…