മീററ്റ്: അഞ്ചംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ദമ്പതികളും മൂന്ന് പെൺമക്കളുമാണ് മരിച്ചത്. കുട്ടികളെല്ലാം പത്ത് വയസിൽ താഴെയുള്ളവരാണ്. ഉത്തർപ്രദേശിലെ മീററ്റ് ലിസാരി ഗേറ്റ് ഏരിയയിൽ ഇന്നലെ രാത്രിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രദേശവാസിയായ മോയിൻ, ഭാര്യ അസ്മ മക്കളായ അഫ്സ (8), അസീസ (4), അദിബ (1) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെയെല്ലാം തലയിൽ ഗുരുതരമായി പരിക്കുണ്ട്. ഭാരമുള്ള വസ്തു കൊണ്ട് അടികിട്ടിയതാണെന്നാണ് സൂചന. വീടിന്റെ മുൻവാതിൽ പൂട്ടിയ നിലയിലായിരുന്നു.
ദമ്പതികളുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. മരിച്ചവരിൽ ഒരാളുടെ കാലുകൾ ബെഡ്ഷീറ്റ് ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്. അടുത്തിടെയാണ് കുടുംബം ഈ പ്രദേശത്ത് താമസം ആരംഭിച്ചത്. ഇവരുടെ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്.
കൊലയാളി അല്ലെങ്കിൽ കൊലയാളികൾ കുടുംബത്തിന് അറിയാവുന്ന ആരെങ്കിലുമായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മുൻ വൈരാഗ്യമായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ബുധനാഴ്ച മുതൽ കുടുംബത്തെ വീടിനുപുറത്ത് കണ്ടിരുന്നില്ല. തുടർന്ന് മോയിന്റെ സഹോദരനും ഭാര്യയും വീട്ടിലെത്തി. പല തവണ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാനായില്ല. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വീടിനുള്ളിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]