ദുബായ്: അഫ്ഗാൻ മണ്ണിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന ഉറപ്പുമായി താലിബാൻ. ദുബായിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുട്ടാഖി ആണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തിയ ആദ്യ ഉന്നത തല ചർച്ചയായിരുന്നു ഇത്. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾ വളരാൻ അനുവദിക്കില്ല. ഇന്ത്യൻ സർക്കാർ അഫ്ഗാനിലെ ജനങ്ങൾക്ക് നൽകിയ മാനുഷിക സഹായങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മുട്ടാഖി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസം സംബന്ധിച്ചും ചർച്ച നടത്തി. അഫ്ഗാനിൽ വികസന പദ്ധതികൾ ആരംഭിക്കാനുള്ള താത്പര്യം ഇന്ത്യ അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടെയിൽ വിവിധ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനും ധാരണയായി. അതേസമയം, താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.