സംഗീതമോ സംഗീതത്തെക്കുറിച്ചോ ഒന്നും അറിഞ്ഞുകൂടാത്ത കാലത്തും പി. ജയചന്ദ്രന് എന്ന ഗായകന് എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. യേശുദാസ് എന്ന മഹാഗായകനോടൊപ്പംതന്നെ മനസ്സിന്റെ ഏതോ ഒരു പ്രത്യേക കോണിലിരുന്ന് അദ്ദേഹം എന്നെ സന്തോഷിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എല്ലാവരും യേശുദാസിന്റെ മുഖ്യധാരയില്‍ ലയിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയചന്ദ്രന് ആ ധാരയെ പിന്പറ്റാതെതന്നെ വേറിട്ടൊരു, തികച്ചും നവ്യമായ മറ്റൊരു ധാരയെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭാവഗായകന് എന്നാണ് ജയചന്ദ്രനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. യേശുദാസിനെ ഗാനഗന്ധര്വന് എന്നും. ഇതൊന്നും ഏതെങ്കിലും സംഘടനയോ സര്‍വകലാശാലയോ നല്കിയ പട്ടങ്ങളല്ല. ആസ്വാദകര്‍ നല്‍കിയതാണ്. ജയചന്ദ്രനെ ഭാവഗായകന് എന്ന് എന്തര്‍ഥത്തിലാണ് വിളിക്കുന്നത് എന്ന് ഞാനാലോചിച്ചിട്ടുണ്ട്. ഗന്ധര്വന് എന്ന പ്രയോഗം സംഗീതത്തിന്റെ ഏറ്റവും വലിയ ഉച്ചസ്ഥായിയില്‍ വിരാജിക്കുന്ന ആള് എന്ന നിലയിലായിരിക്കാം. ഭാവം എന്നത് ഒരാള്‍ക്ക് മാത്രം ചാര്‍ത്തിക്കൊടുക്കാന്‍ പറ്റുന്നതാണോ? യേശുദാസ് ഗന്ധര്വന് ആയിരിക്കെത്തന്നെ ഭാവഗായകനും കൂടിയല്ലേ? ജയചന്ദ്രനെ അങ്ങനെ പ്രത്യേകമെടുത്ത് വിളിക്കുന്നതിന്റെ കാരണം എന്താണ്? ജയചന്ദ്രന് പാടുമ്പോഴുള്ള ഒരു ഭാവതലം ആണ് മലയാളിയുടെ മനസ്സിനെ തലോടുന്നത്, ഒരിളംകാറ്റായി സ്പര്‍ശിക്കുന്നത് എന്നതായിരിക്കാം കാരണം.
വൈകാരികമായി സ്പര്‍ശിച്ച പാട്ടുകളെയല്ലേ നാം ഇഷ്ടപ്പെടുന്നത്, കൊണ്ടുനടക്കുന്നത്. എന്റെ ഒരടുത്ത സുഹൃത്ത് തന്റെ മകളുടെ അകാലമരണത്തിന്റെ ദുഃഖത്തെ അതിജീവിച്ചത് ‘അനുരാഗ നാടകത്തിന്, അന്ത്യമാം രംഗം തീര്‍ന്നു’ എന്ന ഉദയഭാനുവിന്റെ പാട്ട് കേട്ടിട്ടാണെന്ന് പറഞ്ഞിരുന്നു. ആ പാട്ടിന്റെ വരികള്‍ അദ്ദേഹം പോക്കറ്റിലിട്ട് കൊണ്ടുനടക്കുമായിരുന്നു. അപ്പോള്‍ നമ്മെ സ്പര്‍ശിക്കുന്ന എന്തോ ഒരു വൈകാരികത പാട്ടിലൂടെ ഉള്ളിലേക്കെത്തിക്കാന്‍ കഴിയുന്ന എന്തോ ഒരു പ്രത്യേകത ജയചന്ദ്രന്റെ പാട്ടിന് ഉണ്ടായിരിക്കണം. അതിനെ നാം ഭാവം എന്ന് വിളിക്കുന്നു. ആ വൈകാരികത നമ്മില്‍ എത്തിച്ച ഗായകനെ നാം ഭാവഗായകന് എന്ന് വിളിച്ചു. അപൂര്‍വമായേ ഞാന്‍ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളൂ. കവിതകള്‍ സംഗീതം നല്കി ചൊല്ലാറുണ്ട്. ‘എന്നും പ്രിയപ്പെട്ട അമ്മ’ എന്ന ഒരു സിനിമയ്ക്കുള്‍പ്പെടെ ചില ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. സിനിമയിലെ രണ്ട് പാട്ടുകളില്‍ ഒന്ന് പാടിയത് ഡോ. ബാലമുരളീകൃഷ്ണയാണ്. ‘പിബരെ രാമരസം’ എന്ന സദാശിവ ബ്രഹ്മേന്ദ്രരുടെ കൃതിയാണ്. മറ്റൊന്ന് സിനിമയുടെ സംവിധായകനായ സി.എന്‍. ശ്രീവത്സന്‍ തന്നെ രചിച്ചതാണ്. പാടിയത് ജയചന്ദ്രന്. ‘ഒരു കൂടുകൂട്ടുവാനായ്’ എന്ന ഗാനം പാടിക്കഴിഞ്ഞപ്പോള്‍ ജയചന്ദ്രന് സിനിമാസംവിധായകനോട് പറഞ്ഞു, ”പാട്ടൊക്കെ നന്നായിട്ടുണ്ട്. പാട്ടിനെ സിനിമയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ അതിനെ വെട്ടിനുറുക്കിക്കളയരുത്. പലയിടങ്ങളിലായി പാട്ടുകളെ ചേര്‍ക്കുമ്പോള്‍, രംഗത്തില്‍ അതാവശ്യമായിരിക്കാം. എന്നാല്‍ പാട്ട് പൂര്‍ണമായും ഇല്ലാതായിപ്പോകും. സംഗീതസംവിധായകനും രചയിതാവും ഉപകരണവാദ്യക്കാരും കഷ്ടപ്പെട്ട് പാട്ടുകള്‍ ചെയ്യും. നിങ്ങള്‍ അത് മുറിച്ചുമുറിച്ച് കഷണങ്ങളാക്കുമ്പോള്‍ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുന്നു”. ആ പാട്ടിന് എന്നിട്ടും ഈ ഗതിതന്നെ ഭവിച്ചു.
സിനിമാ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ രണ്ടുതവണ ഞാന്‍ അംഗമായിരുന്നിട്ടുണ്ട്. പാട്ടുകള്‍ അവാര്‍ഡുകള്‍ക്കായി പരിഗണിക്കു മ്പോഴും ഇതേ പ്രശ്നങ്ങളുണ്ട്. പാട്ട് സി.ഡി.യിലോ കാസറ്റിലോ പെന്‍ ഡ്രൈവിലോ പൂര്‍ണമായി ഉണ്ടായിരിക്കാം. ജൂറി, സിനിമയിലൂടെ കണ്ട്, കേട്ട് തരക്കേടില്ല എന്ന് തോന്നിയാല്‍ ആവര്ത്തിച്ചുകേള്ക്കുകയേ ഉള്ളൂ. അത്രയല്ലേ സാധിക്കൂ. സിനിമയില്‍ കേള്‍ക്കുമ്പോള്‍ അത് ആകര്‍ഷിക്കപ്പെടണമെങ്കില്‍ പല്ലവിയും അനുപല്ലവിയും ചരണവും ഉപകരണസംഗീതവും അതോടനുബന്ധിച്ച ചിത്രീകരണവും ഒരുമിച്ചുവരണം. അതില്ലെങ്കില്‍ നാം ഒരു പാട്ടിന്റെ വിശദാംശത്തിലേക്ക് നയിക്കപ്പെടുകയില്ല. ഈ പ്രശ്നവും കൂടിയാണ് ജയചന്ദ്രന് ഉന്നയിക്കുന്നത്.പി.ടി. മുസ്തഫ എന്ന പ്രിയ സുഹൃത്ത് എഴുതിയ ഒന്‍പത് പാട്ടുകള്‍ക്കും ഇപ്പോള്‍ പെരിന്തല്‍മണ്ണ എം.എല്‍.എ ആയ നജീബ് കാന്തപുരം എഴുതിയ പാട്ടുകള്‍ക്കും ബാലകൃഷ്ണന് കണ്ണൂക്കര എഴുതിയ പാട്ടുകള്‍ക്കുമെല്ലാം ഞാന്‍ സംഗീതം ചെയ്തിട്ടുണ്ട്.ഇതില്‍ പല പാട്ടുകളും ജയചന്ദ്രനാണ് പാടിയിട്ടുള്ളത്. ആ പാട്ടുകളുടെ ഈണങ്ങള്‍ എന്റെ ഉള്ളിലിരുന്ന് ജയചന്ദ്രന് പാടുകയായിരുന്നു. ‘ഇത്രയേയുള്ളുവെന്നറിയുവാന് നമ്മളെത്രദൂരം നടന്നു’ അല്പം ദാര്‍ശനികസ്വഭാവമുള്ള ഈ പാട്ടിന്റെ വരികള്‍ വായിച്ചപ്പോഴേ എന്റെ മനസ്സ് പറഞ്ഞു. ഇത് ജയേട്ടന്റെ പാട്ട്തന്നെ. ദേവരാജന്‍ മാസ്റ്ററുടെ ‘ഒന്നിനി ശ്രുതിതാഴ്ത്തി’ എന്ന ഗാനവും എം. ജയചന്ദ്രന്റെ ‘സ്മൃതിതന്‍ ചിറകിലേറി’ എന്ന ഗാനവും എന്നെ ഈ ഈണത്തിലേക്കും പി. ജയചന്ദ്രനിലേക്കും നയിച്ചിരിക്കാം.
അദ്ദേഹം അതിപ്രശസ്തനാവുന്നതിന് മുന്‍പുതന്നെ എനിക്കദ്ദേഹത്തെ അറിയാമായിരുന്നു. ചില റെക്കോഡിങ് വേളകളിലും ചില പരിപാടികളിലും ഒപ്പം ഉണ്ടായിട്ടുണ്ട്. സ്വകാര്യ സംഭാഷണങ്ങളില്‍ ജയചന്ദ്രനെക്കുറിച്ച് കെ. രാഘവന് മാസ്റ്റര്‍ വലിയ മതിപ്പോടെ സംസാരിക്കാറുണ്ട്. ഏതൊക്കെ പാട്ടുകള്‍ ജയചന്ദ്രന് പാടിയാല്‍ നന്നായിരിക്കും എന്നദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. കരിമുകില്‍ കാട്ടിലെ, മാനവഹൃദയം, ഏകാന്തപഥികന്, പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച് തുടങ്ങിയ ഗാനങ്ങള്‍ ഓര്‍ക്കുക. ആ പാട്ടുകളുടെ വിജയത്തില്‍ ഈ തിരഞ്ഞെടുപ്പും ഒരു ഘടകംതന്നെ.
സംഗീതം മാത്രം
‘കൊടുങ്ങല്ലൂരമ്മ’ എന്ന ചിത്രത്തിലെ പല ഗാനങ്ങളും പ്രശസ്തമാണ്. മഞ്ജുഭാഷിണി, ഭദ്രദീപം തുടങ്ങിയ ഗാനങ്ങള്‍. അതേ ചിത്രത്തില്‍ പി. സുശീല പാടിയ ഒരു ഗാനം പലരും കേട്ടിട്ടില്ലായിരുന്നു. എന്റെയും ജയേട്ടന്റെയും അടുത്ത സുഹൃത്തായ ഗായകന് ടി.കെ. ചന്ദ്രശേഖരന് ‘ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ’ എന്ന ആ ഗാനം തേടിപ്പിടിച്ച് ജയചന്ദ്രന്റെ മുന്നിലെത്തിച്ചു. അതുവരെ അദ്ദേഹവും കേട്ടിട്ടില്ലാത്ത ആ പാട്ട് അദ്ദേഹത്തെ വളരെയേറെ ആകര്‍ഷിച്ചു. ഒരുദിവസം ഞാന്‍ ഒരു പരിപാടിക്കായി പയ്യന്നൂരിലേക്ക് പോകുമ്പോള്‍ ജയേട്ടന്റെ ഫോണ്‍. ഫോണ്‍ എടുത്ത ഉടനെയുള്ള അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ഞാനദ്ഭുതപ്പെട്ടുപോയി. ”രാഘവന് മാസ്റ്റര്‍ മരിച്ചുപോയി, അല്ലേ മുരളീ” ഈ മനുഷ്യനെന്താണീ പറയുന്നത്. മാസ്റ്റര്‍ മരിച്ചപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചതല്ലേ. പിന്നെന്താണിങ്ങനെയൊരു ചോദ്യം. അദ്ദേഹം തുടര്‍ന്നു, ”മാസ്റ്ററെ എനിക്കൊന്ന് കെട്ടിപ്പിടിക്കണമായിരുന്നു”. ചന്ദ്രശേഖരന് കേള്‍പ്പിച്ച പാട്ടുകേട്ട് ആവേശഭരിതനായതാണ് എന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. ‘ഋതു കന്യക’ എന്നോട് പാടാന്‍ പറഞ്ഞു. പാട്ട് ആസ്വദിക്കുന്നതിന്റെതായ ശബ്ദങ്ങള്‍ ഞാന്‍ ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു. ആ പാട്ടിനെക്കുറിച്ച് പിന്നെ വളരെനേരം സംസാരിച്ചു. പാട്ടിനെ ഇത്രയധികം ഇഷ്ടപ്പെടുന്ന ഒരു പാട്ടുകാരനെ ഞാന്‍ കണ്ടിട്ടില്ല. ഒരു പാട്ടിഷ്ടപ്പെട്ടാല് അതേക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. റെക്കോഡിങ്ങിന് വന്നാല്‍ ആ ജോലി വേഗം തീര്‍ത്ത് പിന്നെ പാട്ടുകളെക്കുറിച്ചുള്ള സംസാരമായി. അദ്ദേഹത്തിന്റെ സിരകളിലൂടെ പ്രവഹിക്കുന്നത് സംഗീതം എന്ന ചോരയാണ് എന്ന് തോന്നിപ്പോകും. ചിലപ്പോഴൊക്കെ എന്നോട് പറയും, നീയെന്നെപ്പോലെയാണെന്ന്. തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് ശത്രുക്കളെ സമ്പാദിക്കുന്ന ശീലം എനിക്കുമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. പി. ജയചന്ദ്രന് എന്ന ഗായകനെക്കുറിച്ചാലോചിക്കുമ്പോള് എന്റെ മുന്നിലാദ്യം എത്തുന്ന കുറച്ചുപാട്ടുകളുണ്ട്. 1966-ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പി. ഭാസ്കരന് മാസ്റ്റര്‍ രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നിര്‍വഹിച്ച ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനത്തെ മാറ്റിനിര്‍ത്തി പി.ജയചന്ദ്രന്റെ ചരിത്രമോ മലയാള ഗാനശാഖയുടെ ചരിത്രമോ പറയാന്‍ കഴിയില്ല. എന്റെ കൗമാരയൗവനകാലത്തെ, സംഗീതജീവിതത്തെ സജീവമാക്കിയത് ‘സ്വാതി തിരുനാളില്‍ കാമിനി’ എന്ന ഗാനമാണ്. ശ്രീകുമാരന്‍ തമ്പി എഴുതി, വി. ദക്ഷിണാമൂര്‍ത്തി സംഗീതം നല്കിയ ഒരു രാഗമാലിക എന്ന് പറയാം. എത്രയോ വേദികളില്‍ ഞാനത് പാടിയിരിക്കുന്നു.
അംഗീകരിക്കാന്‍ മടിയില്ല
അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച മറ്റൊരു ഘടകം മറ്റുള്ളവരെ അംഗീകാരി ക്കാന്‍ മടിയില്ല എന്നതാണ്. ഒരിക്കല്‍ കൈരളി ടി.വി. യുടെ ഒരു പരിപാടിയില്‍, ജെ.ബി. ജങ്ഷന് എന്ന പരിപാടിയാണെന്നാണോര്മ, ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തോട് ചോദിച്ചു, ”ഇനി നമുക്കൊരു പാട്ടുപാടിക്കൂടേ?” അദ്ദേഹം തിരിച്ചുചോദിചു ”എന്റെ പാട്ടുതന്നെ പാടണമെന്നുണ്ടോ?” ”ജയേട്ടന് ഇഷ്ടമുള്ള ഏത് പാട്ടും പാടാം” എന്ന് ബ്രിട്ടാസ്. ഉടനെ അദ്ദേഹം ചോദിച്ചു, ”കോഴിക്കോട്ടുള്ള വി.ടി. മുരളിയെന്ന ഗായകനെ അറിയുമോ? മുരളി പാടിയ രാഘവന് മാസ്റ്ററുടെ ഒരു പാട്ട് പാടി നമുക്ക് ആരംഭിക്കാം”. ആ പാട്ട് ജയേട്ടന്റെ ആത്മമിത്രമായ ഇ. ജയകൃഷ്ണനാണ് അദ്ദേഹത്തെ പാടിക്കേള്പ്പിച്ചതെന്ന് തോന്നുന്നു. ചൊവ്വല്ലൂര്‍ എഴുതിയ പാട്ട് ആകാശവാണിക്കുവേണ്ടി ഞാന്‍ പാടിയതാണ്.
‘ഒരു വിഷുപ്പാട്ടിന്റെ ചിറകില്‍ ഞാനിന്നലെ ഒരുപാടു ദൂരം പറന്നുവന്നു’ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ മുന്നില്‍ ഞാനെത്ര നിസ്സാരന്.അങ്ങനെയുള്ള എന്റെ പാട്ടില്‍ അദ്ദേഹം ഒരു പരിപാടി ആരംഭിക്കുക. മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ ഒരു പരിപാടിക്കിടയില്‍ ഇതേ പാട്ട് അദ്ദേഹം പാടുന്നത് ഒരു സുഹൃത്ത് തത്സമയം ഫോണിലൂടെ കേള്പ്പിച്ചുതന്നതും ഞാനോര്‍ക്കുന്നു. എനിക്ക് കിട്ടിയ വലിയ അവാര്‍ഡുകളല്ലേ ഇതൊക്കെ. ഇതിന് സംഗീതം മാത്രം പോര. സംഗീതം നിറഞ്ഞു നില്ക്കുന്ന മനുഷ്യന്കൂടിയാവണം. ശാസ്ത്രീയ സംഗീതാടിത്തറയുള്ള, കര്‍ണാടക സംഗീത ഛായയുള്ള പാട്ടുകള്‍ അദ്ദേഹം പാടുമ്പോള്‍ അതിന് ഒരു പ്രത്യേക ചാരുതയുണ്ട്. അതില്‍ കര്‍ണാടക സംഗീതത്തിന്റെ രാഗഭാവങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ നിറഞ്ഞുനില്ക്കുന്നു. സാങ്കേതികമായി അല്ല, സൗന്ദര്യാത്മകമായി. അഭ്യാസബലമില്ലാതെ തികച്ചും രാഗങ്ങളെ, രാഗഭാവങ്ങളെ ആവിഷ്കരിക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നു. പി. ജയചന്ദ്രന്റെ കണ്ഠത്തില് രാഗങ്ങളും നാടന്‍ ശീലുകളും ഭാഷയും പഴയതും പുതിയതുമായ കാലവും എല്ലാം ഭദ്രമാണ്. ഇത് ആരാധനമൂത്ത് അന്ധവിശ്വാസിയായിപ്പോയ ഒരാള്‍ പറയുന്നതല്ല. പാട്ടിനെ, സംഗീതത്തെ, സാഹിത്യത്തെ, സംസ്കാരത്തെ ഏറെക്കാലമായി ശ്രദ്ധിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍ പറയുന്നതാണ്.
(സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]