ഓലഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരൂ നീ… എന്ന് ആ ഗാനം ആരംഭിക്കുമ്പോള്‍ പി. ജയചന്ദ്രന് എന്ന ഗായകന്റെ ശബ്ദത്തിലെ പ്രണയഭാവത്തിന് കൗമാരത്തിന്റെ മഴവില്ലഴകാണ്. പ്രേമിക്കുമ്പോള്‍ നീയും ഞാനും എന്നുപാടുമ്പോള് ആ ഭാവം പകലും ഇരവുമറിയാതെ യൗവ്വനത്തിന്റെ സ്വപ്നലോകത്തേക്കാണ്
ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ശിശിരകാലമേഘമിഥുനരതിപരാഗമോ എന്ന ഗാനത്തിലേക്കെത്തുമ്പോള് പ്രണയത്തിന്റെ സ്വര്ഗീയതലങ്ങളിലേക്കെത്തിക്കുന്ന ദേവരാഗമായി മാറുന്ന ഇന്ദ്രജാലവും ജയചന്ദ്രനെന്ന ഗായകന്റെ സ്വരത്തില്‍ അനുഭവവേദ്യമാകുന്നു. പ്രായത്തിന്റെ ഇടര്‍ച്ചകളില്ലാതെ ആ ഭാവഗാനാലാപനം നമ്മെ തഴുകിയുണര്ത്തുകയും സ്വസ്ഥമായി ഉറങ്ങാനനുവദിക്കുകയാണ്. അമ്പതിലേറെ കൊല്ലങ്ങളായി തുടരുന്ന ആ സംഗീതവിരുന്ന് സംഗീതമവസാനിക്കാത്ത കാലത്തോളം സംഗീതപ്രണയികളെ ആനന്ദിപ്പിക്കുമെന്നതില് തര്‍ക്കമില്ല. ശാസ്ത്രീയമായി സംഗീതമഭ്യസിക്കാത്ത ഗായകന് ഇന്നുമെന്നും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യം.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയെത്തിയ പ്രണയത്തിന്റെ സ്വരചന്ദ്രിക
ആദ്യഗാനത്തിലൂടെത്തന്നെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശബ്ദമാണ് ജയചന്ദ്രന് എന്ന ഗായകന്റേത്. കാലങ്ങള്‍ കടന്നിട്ടും പ്രേമചകോരി എന്ന വാക്കിന് എന്തൊരു പുതുമയാണെന്ന് മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം കേള്‍ക്കുമ്പോഴെല്ലാം നമുക്ക് തോന്നും. നിന് മണിയറയിലെ…നീല നീരാളമായി മാറിയെങ്കില്‍ എന്നാശിക്കുന്ന കാമുകഹൃദയത്തിന് ജയചന്ദ്രശബ്ദമല്ലാതെ മറ്റേതുസ്വരമാണ് സംഗീതപ്രേമികള്‍ക്ക് സങ്കല്പിക്കാനാകുക! സ്വന്തം കാമുകിയെ താരാട്ടുപാടിയുറക്കുന്ന, അതും അവളെ ഏറ്റവും മനോഹരിയായി വര്‍ണിച്ചെഴുതിയ ശ്രീകുമാരന്‍ തമ്പിയെന്ന അസാമാന്യ പ്രണയഗാനരചയിതാവിന്റെ വരികളുടെ സ്വരവും ജയചന്ദ്രന്റെ സ്വരവും ഏകതാനമാണ്.
സന്ധ്യക്കെന്തിന് സിന്ദൂരം…എന്ന ഗാനത്തിലെ തങ്കമേ എന്ന ഭാഗത്തെ ആലാപനത്തില്‍ ആനന്ദിക്കാത്ത നായികയുണ്ടാകുമോയെന്നത് സംശയമാണ്. അനുരാഗഗാനം പോലെ എന്ന ഗാനത്തിന്റെ മാസ്മരിക ലഹരി പറഞ്ഞറിയിക്കാനാവാത്തതാണ്. ഏറ്റവും തരളമായി തഴുകിയൊഴുകിവരുന്ന ഗാനത്തില്‍ വെറുതെയെങ്കിലും അലിഞ്ഞില്ലാതാകാന്‍ തോന്നും ശ്രോതാക്കള്‍ക്ക്.
ഇഷ്ടപ്രാണേശ്വരീ നിന്റെ ഏദന്‍തോട്ടം എനിക്കുവേണ്ടി, ഏഴാം സ്വര്‍ഗം എനിക്കുവേണ്ടി…ചുക്ക് എന്ന ചിത്രത്തിനായി വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ ഗാനത്തില്‍ നിറഞ്ഞുതുളുമ്പുന്ന പ്രണയവും കാമുകകുസൃതിയും ജയചന്ദ്രനെന്ന ഭാവഗായകശബ്ദത്തില് ഭദ്രം. നിന് പദങ്ങളില്‍ നൃത്തമാടിടും എന്ന ഗാനത്തിന്റെ ഈണത്തിന് ജയചന്ദ്രന്റെ ശബ്ദം ഏറ്റവും ചേര്‍ച്ചയുള്ളതായി ഓരോ തവണ കേള്‍ക്കുമ്പോഴും തോന്നുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല, കാരണം ജയചന്ദ്രന് ആലപിച്ച പല ഗാനങ്ങളും അദ്ദേഹത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും.
വരികളേയും വാക്കുകളേയും അവയ്ക്ക് വേണ്ട ഭാവം പകര്‍ന്ന് ആലപിക്കുന്നതിനാലാണല്ലോ ജയചന്ദ്രന്റെ സംഗീതപ്രേമികള്‍ ഭാവഗായകനെന്ന് വിളിക്കുന്നത്. അദ്ദേഹം ആലപിച്ച ഓരോ ഗാനവും ആ വിളി അന്വര്‍ഥമാക്കുന്നതാണ്. പ്രണയം മാത്രമല്ല പ്രതീക്ഷയോ നിരാശയോ ദുഃഖമോ എന്തുമാകട്ടെ ജയചന്ദ്രസ്വരത്തില് കേള്‍ക്കുന്നതിന്റെ സുഖമൊന്നുവേറെതന്നെ. അക്ഷരങ്ങള്‍ക്കിടയില്‍, പദങ്ങള്‍ക്കിടയില്‍ വരുത്തേണ്ട സ്വരഭേദങ്ങള്‍ ജയചന്ദ്രനെന്ന ഗായകന് തന്റെ ഉത്തരവാദിത്വമെന്ന നിലയില്‍ ഏറ്റവും ഭംഗിയായി പൂര്ത്തിയാക്കുന്നതിലാകും ആ ഗാനങ്ങള്ക്കിത്ര ശ്രവണചാരുത.
അനഘസംഗീതസല്ലാപത്തിലെത്തിക്കുന്ന സ്വരത്തികവ്
ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ കടന്ന് എണ്‍പതുകളിലും തൊണ്ണൂറുകളിലേക്കുമെത്തുമ്പോള് ജയചന്ദ്രന്റെ ആലാപനശൈലിയിലും വര്ണപ്പകിട്ടേറിയില്ലേയെന്നൊരു സംശയം വരാം. തിരിച്ചറിയാവുന്ന ഒരു മാറ്റവും ആ ശബ്ദത്തിലോ ആലാപനത്തിലോ വന്നിട്ടില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന സംഗതിയാണ്. 2000 ത്തിലേക്കെത്തുമ്പോഴും ആ ശബ്ദത്തിന് യൗവനം തന്നെയാണ്. വിദ്യാസാഗറും രവീന്ദ്രനും എം ജയചന്ദ്രനുമൊക്കെ അദ്ദേഹത്തിന് ഹിറ്റുകള്‍ സമ്മാനിച്ചു.
പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍ എന്ന് എത്ര ഭംഗിയായാണ് ജയചന്ദ്രന് പാടിയിരിക്കുന്നത്. പ്രണയാലസ്യത്തില്‍ കനമില്ലാതെ നീറ്റലേക്ക് പറന്നിറങ്ങുന്ന അനുഭവമാണ് ആ ആലാപനം നമുക്കേകുന്നത്. നീയൊരു പുഴയായ് തഴുകുമ്പോള്‍ എന്ന ഗാനം കേള്‍ക്കുമ്പോള്‍ അറിയാതെ പ്രണയം വിടരുന്ന കരയായി ശ്രോതാവിനെ മാറ്റുന്നതിന് പിന്നില്‍ ജയചന്ദ്രനെന്ന പ്രതിഭയുടെ ആലാപനപ്രത്യേകതയാണ്. കണ്ണില്‍ കാശിത്തുമ്പകളും ആലിലത്താലിയും ആരാരും കാണാതെയും ശിശിരകാലവും പ്രണയത്തിന്റെ വിഭിന്ന ഭാവങ്ങളാണ് സമ്മാനിക്കുന്നത്.
ആവര്‍ത്തനവിരസതയേകാത്ത, ഓരോ തവണകേള്ക്കുമ്പോഴും പുതുമയേകുന്ന ഗാനങ്ങളാണ് ജയചന്ദ്രന്റെ സ്വരസമ്പന്നതയിലൂടെ നമ്മെ തേടിയെത്തിയിട്ടുള്ളത്. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകള്‍ മൂളിപ്പഠിച്ചിരുന്നു…ഹോ എന്തൊരു പ്രണയഭാവമാണാ വരികള്‍ക്ക് ഈ അനുഗ്രഹീതഗായകന് നല്‍കിയിരിക്കുന്നത്. ശിശിരകാലത്തിന്റെ ദേവരാഗം മലയാളസംഗീതപ്രേമികള്ക്ക് സമ്മാനിച്ച കീരവാണി യൗവ്വനതീക്ഷ്ണപ്രണയത്തിന് പിന്നണിയായി തിരഞ്ഞെടുത്തതും ജയചന്ദ്രന്റെ ആലാപനമികവുതന്നെ.
അതിര്‍വരമ്പുകളില്ലാത്ത സംഗീതം, തമിഴകത്തെ ജയചന്ദ്രാലാപനം
പ്രണയത്തില്‍നിന്ന് വേര്തിരിച്ചുനിര്ത്താനാകാത്ത വികാരവും വിചാരവുമാണ് വിരഹം.ജയചന്ദ്രന് ആലപിച്ച രാസാത്തി ഉന്നൈ കാണാത നെഞ്ച്, കാത്തിരുന്ത്, കാത്തിരുരന്ത് എന്നീ ഗാനങ്ങള്‍ തമിഴ്സിനിമാഗാനപ്പട്ടികയില് മുന്‍നിരയില്‍ത്തന്നെ. പൂ വണ്ണം പോലെ നെഞ്ചം, കാളിദാസന് കണ്ണദാസന് കവിതൈ നീ, മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍…ഗാനങ്ങളെല്ലാം പ്രണയസുന്ദരങ്ങളാണ്.
മഞ്ജള്‍ നിലാവുക്ക് ഇന്ട്ര് ഒരേസുഖം എന്ന് ജയചന്ദ്രന് ആലപിക്കുന്നതുകേള്ക്കാന് തന്നെ എന്തോ സുഖമാണ്. കൊടിയിലേ മല്ലികപ്പൂ എന്ന ഗാനത്തിന്റെ ആദ്യവരികള്‍ ഹൃദയത്തിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. വസന്തകാലങ്കള്‍ ഇസൈന്ത് പാടുങ്കള്‍…കേള്‍ക്കുമ്പോള്‍ മനം കൊണ്ടെങ്കിലും താളം പിടിക്കാത്ത എത്ര പേരുണ്ടാകും! രാജാ മഗള് റോജാ മഗള് എന്ന പാട്ടിലെ ജയചന്ദ്രസ്വരത്തിനും ആലാപത്തിനും പ്രണയത്തിന്റെ പൊന്നഴകാണ്.
അങ്ങനെ എത്രയെത്ര ഗാനങ്ങള്‍… ഒരിക്കലുമൊടുങ്ങാത്ത പ്രണയത്തിന്റെ അലകള്‍ പോലെ ആ ആലാപനചാരുതയും ഒരിക്കലും മങ്ങുന്നില്ലെന്നതാണ് വാസ്തവം. എക്കാലവും യൗവ്വനയുക്തമായി തുടരുന്ന ജയചന്ദ്രസംഗീതത്തിന് എന്നും ഇരുപത്തിയൊന്നിനഴക്.
സിനിമേതരഗാനങ്ങളിലും ജയചന്ദ്രന്റെ പ്രണയഭാവസ്പര്ശം ആസ്വദിക്കാനുള്ള ഭാഗ്യം സംഗീതപ്രേമികള്‍ക്ക് ലഭിച്ചു. ജീവന്റെ ജീവനാം കൂട്ടുകാരി, എന്തിനെന്നറിയില്ല, ഉറങ്ങാന്‍ നീയെനിക്കരികില്‍ വേണം, ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്നമായ്…അങ്ങനെ എത്രയോ ഗാനങ്ങള്‍. പ്രണയം തുളുമ്പുന്ന നിരവധി ഗാനങ്ങളിലൂടെ ജയചന്ദ്രസ്വരം നമ്മെയൊരു നേര്‍ത്ത നിലാപടലമായ് പുതച്ചുകൊണ്ടിരിക്കുകയാണ്, അനസ്യൂതം…!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]