തിരുവനന്തപുരം: സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ നടി ഹണി റോസിന് പിന്തുണയുമായി മന്ത്രി ആർ. ബിന്ദു. മലയാളിയുടെ സാംസ്കാരിക ദാരിദ്ര്യമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രകടമാകുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
‘നമ്മുടെ സാമൂഹികമാധ്യമങ്ങൾ സ്ത്രീവിരുദ്ധമായ നിലയിൽ ഉപയോഗിക്കാനുള്ള ഇടങ്ങളായി തെറ്റിദ്ധരിക്കുന്നവരുണ്ട്. അതുകൊണ്ട് അത്തരം പ്രസ്താവനകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ശരിയായ കാര്യമാണ്. ഒരുപക്ഷേ പൊതുബോധത്തിൽ മാറ്റം സൃഷ്ടിക്കാനും ഇതുകൊണ്ട് സാധിച്ചേക്കാം.
സ്ത്രീകളും മനുഷ്യരല്ലേ. സ്ത്രീകളാണെന്ന ഒറ്റകാരണത്താൽ നിരന്തരം ചീത്ത വിളിക്കുകയും, ബോഡി ഷെയിമിങ് നടത്തുകയും ചെയ്യുന്നു. ഇത് ഹണി റോസിന്റെ മാത്രം കാര്യമല്ല. സാമൂഹിക മാധ്യമങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സ്ത്രീകളാണെങ്കിൽ, ഏത് നേതൃത്വപരമായ പങ്കുവഹിക്കുന്ന വ്യക്തിയാണെങ്കിലും അവരെ ഇകഴ്ത്തിക്കാണിക്കുന്ന കമന്റുകൾ കാണാനാകും. മലയാളിയുടെ സാംസ്കാരിക ദാരിദ്ര്യമാണ് പ്രകടമാകുന്നത്. അതിൽ തിരുത്തൽ വരുത്തേണ്ടതുണ്ട്’, മന്ത്രി പറഞ്ഞു.
അതിനിടെ, ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച ബോബിയെ കോടതിയില്‍ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]