ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയായി വേഷമിടുന്ന പുതിയ ചിത്രമായ ‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് കങ്കണ റണാവത്ത്. ലോക്സഭ എം.പി കൂടിയായ കങ്കണ പാര്‍ലമെന്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്കയെ തന്റെ സിനിമ കാണാനായി ക്ഷണിച്ചത്. രാജ്യത്തെ 21 മാസത്തെ അടിയന്തരാസ്ഥ പ്രമേയമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ സംവിധാനവും തിരക്കഥയും കങ്കണയാണ് നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പാർലമെന്റിൽ വെച്ച് പ്രിയങ്കയെ എമർജൻസി കാണാൻ ക്ഷണിച്ചതായി കങ്കണ ഐ.എ.എൻ.എസ്സിനോട് പറഞ്ഞു. ‘താൻ ചിലപ്പോൾ കണ്ടേക്കാമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. അവർ സിനിമ കാണുമോ എന്നത് കണ്ടറിയാം. രാജ്യത്ത് നടന്ന സംഭവത്തേക്കുറിച്ചും ഒരാളെക്കുറിച്ചും വളരെ ശ്രദ്ധയോടെ ചിത്രീകരിച്ച സിനിമയാണിത്. വളരെയധികം ഗവേഷണം ചിത്രത്തിന് പിന്നിലുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് നടന്ന ചില കാര്യങ്ങൾക്ക് പുറമെ, ജനങ്ങളാൽ ഏറെ സ്നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു ഇന്ദിരാഗാന്ധി. മൂന്ന് തവണ പ്രധാനമന്ത്രിയാകുക എന്നത് ചെറിയ കാര്യമല്ല. അവർ സ്നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത പ്രധാനമന്ത്രിയാണ്’, കങ്കണ കൂട്ടിച്ചേർത്തു.
ജനുവരി 17-ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. എമർജൻസിയിൽ അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപഡെയും ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ഗാന്ധിയായി വിശാഖ് നായരുമാണ് വേഷമിടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]