സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ നടി ഹണി റോസിന് പിന്തുണയുമായി നിർമാതാവ് ജോളി ജോസഫ്. മോൺസ്റ്റർ എന്ന ചിത്രത്തിൽ ഹണി റോസിനൊപ്പം അഭിനയിച്ചതിന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നിർമാതാവ് തന്റെ പിന്തുണ അറിയിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
സംവിധായകൻ ജയരാജും എംജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. അജു കെ നാരായണനുമൊത്ത് കോട്ടയത്ത് എത്തിയ ഒരു ദിവസമായിരുന്നു തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയുടെ വിളിയെത്തുന്നത്. ”അത്യാവശ്യമായി കൊച്ചിയിൽ എത്തണം, വളരെ സീരിയസായ കാര്യമാണ്…” പെട്ടെന്നുള്ള വിളിയിൽ ഉൾക്കിടലമുണ്ടായെങ്കിലും നടന്നുകൊണ്ടിരിക്കുന്ന സിനിമയിൽ നടിക്കാമെന്നേറ്റ നടന് കോവിഡ് ആയതിനാൽ ആ പോലീസ് വേഷത്തിന് ‘ മണ്ടൻ ‘ മുഖമുള്ള എന്നെ വേണമെന്ന ആവശ്യത്തിന് സമ്മതംമൂളി.
മോൺസ്റ്റർ സിനിമ. ഹരിയാണ സ്വദേശിയായ പോലീസ് ഇൻസ്പെക്ടറുടേതാണ് വേഷം. ഡയലോഗൊന്നുമില്ല. മോഹൻലാൽ പടത്തിലെ എന്റെ അരങ്ങേറ്റം ഗംഭീരമാക്കണം, ഞാൻ മനസ്സിൽ പറഞ്ഞു. മട്ടാഞ്ചേരിയിലെ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഇടയിലൂടെ നടന്ന് സംവിധായകൻ വൈശാഖിന്റേയും ഉദയ് കൃഷ്ണയുടേയും മുന്നിലെത്തി. യാതൊരു പരിചയവുമില്ലാത്ത സാങ്കേതിക പ്രവർത്തകർ എന്നെ ഹരിയാണ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാക്കി.
സദാചാര കമ്മറ്റി കൂട്ടത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ രക്ഷിക്കാമായിരിന്നിട്ടും അതിലൊരു പെൺകുട്ടിയെ നിർദാക്ഷിണ്യം വിവസ്ത്രയാക്കി അപമാനിച്ച പവൻ ചാഹർ എന്ന പോലീസ് ഓഫീസറായി ഞാൻ അഭിനയിച്ചു. അന്ന്, സീൻ നന്നാവുന്നതിനായി കാര്യങ്ങൾ കൃത്യതയോടെ പറഞ്ഞുതന്നത് നടി ഹണി റോസും. മൂന്നാലു വട്ടം റിഹേഴ്സൽ ചെയ്തുകൊണ്ട് പ്രോത്സാഹിപ്പിച്ച് അവർ എന്നെ കൂടെനിർത്തി.
‘മോൺസ്റ്റർ ‘ എന്ന സിനിമ ഹണി റോസ് എന്ന ഗംഭീര കലാകാരിയുടേതാണ്. ലവലേശം തലക്കനമില്ലാതെ അവരുടെ ജോലിയോടുള്ള പ്രതിബദ്ധതയും അനായാസം കഥാപാത്രമാകാനുള്ള കഴിവും ഞാൻ നേരിൽ കണ്ടതാണ്. വ്യക്തിജീവിതത്തിൽ താൻ നേരിട്ട ദ്വയാർഥ പ്രയോഗങ്ങൾക്കെതിരേ സ്വന്തം നിലപാടുകൾ ചങ്കുറപ്പോടെ കൃത്യതയോടെ വ്യക്തമാക്കിയ ഹണി റോസിന് നന്മകൾ നേരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]