കൊച്ചി: എരുവേലി പാല സ്ക്വയറിന് സമീപം 24 വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത് ഒന്നിലധികം സ്ത്രീകളുടെ അസ്ഥികളും തലയോട്ടിയും. ഫോറൻസിക് വിദഗ്ദ്ധരുടെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന അസ്ഥികളും തലയോട്ടിയുമാണ് കണ്ടെത്തിയതെന്നാണ് അതിലെ അടയാളപ്പെടുത്തലുകളിൽ നിന്ന് മനസിലാക്കാൻ സാധിച്ചതെന്ന് കേസന്വേഷിക്കുന്ന ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കി. വർഷങ്ങളായി ഉപയോഗിക്കുന്ന അസ്ഥികളാണവ. ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ കൃത്യമായ പ്രായം കണക്കാക്കാനാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
തലയോട്ടിയും എല്ലുകളും കവറിനുള്ളിലാക്കിയ നിലയിലായിരുന്നു. വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്ന പഞ്ചായത്ത് അംഗം ഇന്ദിരാ ധർമ്മരാജിന്റെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തലയോട്ടിയും അസ്ഥികളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
എറണാകുളത്തെ സൈക്യാട്രിസ്റ്റ് ഡോ. ഫിലിപ്പ് മംഗലശേരിയുടെ തറവാട്ടു വീടാണിത്. 14 ഏക്കറോളമുളള വളപ്പ് കാടുപിടിച്ചു കിടക്കുകയാണ്. അടുത്തകാലത്തൊന്നും ഡോക്ടർ വീട് സന്ദർശിച്ചിരുന്നില്ല. സംഭവത്തിൽ ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴിയെടുത്തു.
പിറവത്തേക്കുള്ള റോഡിൽ എരുവേലി – തുപ്പംപടി ഭാഗത്ത് വിശാലമായ വയലി ന് സമീപമാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ വീട് സ്ഥിതി ചെയ്യുന്നത്. അടുക്കള ഭാഗത്തെ വാതിൽ ദ്രവിച്ച അവസ്ഥയിലാണ്. വീട്ടുപകരണങ്ങളും ഫർണിച്ചറുകളും മറ്റും ഇവിടെയുണ്ട്. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ട് കാലങ്ങളായി. തൊട്ടടുത്ത് വേറെ വീടുകളില്ല. പ്രദേശവാസിയായ ഒരാളാണ് നോട്ടക്കാരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ് ഇവിടം. പുതുവത്സരത്തിനോട് അനുബന്ധിച്ച് പ്രദേശവാസികൾ അല്ലാത്ത പലരെയും ഈ പരിസരത്ത് കണ്ടിരുന്നു. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പഞ്ചായത്തംഗം പൊലീസ് സഹായം തേടിയത്. ഇവിടെ താവളമടിച്ചിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.