കൊച്ചി: നിയമ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്ന് ആവർത്തിച്ച് നടി ഹണി റോസ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം വാക്കുപാലിച്ചെന്നും ഹണി റോസ് പ്രതികരിച്ചു.
‘മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസമാണിന്ന്. ഞാൻ ഭയങ്കര റിലാക്സിഡാണ്. വർഷങ്ങളായി അത്രയും വലിയ ടോർച്ചർ സോഷ്യൽ മീഡിയയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്ന് പല പരാമർശങ്ങളും ഉണ്ടായിട്ടുണ്ട്.
ഇവിടെയൊരു നിയമമുണ്ട്. ഒരു ക്രിമിനൽ ആക്ടാണ് ഇദ്ദേഹം ചെയ്തത്. പിറകെ നടന്ന് ആക്രമിക്കുകയായിരുന്നു. കുടുംബവും എല്ലാവരും ചേർന്നെടുത്ത തീരുമാനം കൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്. ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന അഭ്യർത്ഥന വച്ചിരുന്നു. അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചു. എനിക്കും കുടുംബത്തിനുമുണ്ടായ ബുദ്ധിമുട്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് തന്നിരുന്നു. അതേപോലെ ഡി ജി പിയോടൊക്കെ സംസാരിച്ചിരുന്നു.’- ഹണി റോസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുംവിധം സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഇന്നലെയാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയ നടി, അസി. പൊലീസ് കമ്മിഷണർ കെ. ജയകുമാറിനാണ് പരാതി നൽകിയത്. പരാതി നൽകിയതായി ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അൽപം മുമ്പ് വയനാട്ടിൽ വച്ച് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഉടൻ കൊച്ചിയിലേക്ക് കൊണ്ടുവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]