
സ്വന്തം ലേഖകൻ
ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ പുതിയ റിപ്പോർട്ട് സർക്കാറിന് കൈമാറിയതോടെ ദൗത്യത്തിന് വീണ്ടും ജീവൻ വെച്ചു. വനം വകുപ്പിന്റെ ഓപ്പറേഷൻ അരിക്കൊമ്പൻ ഇന്ന് ചിന്നക്കനാൽ 301 കോളനിയിൽ. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വർഷങ്ങളായി അടക്കി ഭരിച്ച അരിക്കൊമ്പൻ എന്ന കാട്ടാന വനം വകുപ്പിന്റെ പദ്ധതികൾ ലക്ഷ്യം കണ്ടാൽ ഇന്നു പിടിയിലാവും.
ഇന്നു പുലർച്ചെ 4നു ദൗത്യം ആരംഭിച്ച് എട്ടോടെ പൂർത്തിയാക്കാനാണു തീരുമാനം. ഇതിനായി ചിന്നക്കനാൽ പഞ്ചായത്ത് പൂർണമായും ശാന്തൻപാറ പഞ്ചായത്തിന്റെ 1, 2, 3 വാർഡുകളിലും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ് പറഞ്ഞു. അരിക്കൊമ്പനെ എവിടേക്കു കൊണ്ടുപോകും എന്ന കാര്യം വനം വകുപ്പ് പുറത്തുവിടുന്നില്ല. പെരിയാർ ടൈഗർ റിസർവും അഗസ്ത്യാർകൂടം വനമേഖലയും പരിഗണിക്കുന്നതായാണു സൂചന.
രണ്ടരമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അപകടകാരിയായ അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകാനുള്ള അന്തിമ നടപടികളിലേക്കു കടക്കുന്നത്. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, വനം വകുപ്പ് ജീവനക്കാർ, കുങ്കിയാനകളുടെ പാപ്പാൻമാർ എന്നിവർ ഉൾപ്പെടെ 150 പേരാണു ദൗത്യത്തിൽ നേരിട്ടു പങ്കെടുക്കുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]