വാഷിംഗ്ടൺ: ഹംഗറി-അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപകനും ബിസിനസുകാരനുമായ ജോർജ് സോറോസിന് (94) യു.എസിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ‘ദ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം” നൽകിയതിനെതിരെ വ്യാപക വിമർശനം. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ടെസ്ല സി.ഇ.ഒ ഇലോൺ മസ്കും ബൈഡൻ ഭരണകൂടത്തിനെതിരെ രംഗത്തെത്തി. ബൈഡന്റെ നടപടിയെ പരിഹാസ്യം എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. സോറോസിന് മെഡൽ നൽകിയത് അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്ന് റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി പ്രതികരിച്ചു. ക്രിമിനലുകളെ വളർത്തുന്ന രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കാൻ കോടികൾ ചെലവഴിക്കുന്നയാളാണ് സോറോസ് എന്ന് മൊണ്ടാനയിൽ നിന്നുള്ള സെനറ്റർ ടിം ഷീഹി കുറ്റപ്പെടുത്തി. തന്റെ സമ്പത്ത് ഉപയോഗിച്ച് ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കാനാണ് സോറോസിന്റെ ശ്രമമെന്ന് റിപ്പബ്ലിക്കൻമാർ ആരോപിക്കുന്നു. 120 ലേറെ രാജ്യങ്ങളിലായുള്ള തന്റെ ഫൗണ്ടേഷനുകളിലൂടെയും പദ്ധതികളിലൂടെയും സോറോസ് മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹിക നീതി എന്നിവയെ ശക്തിപ്പെടുത്തുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു. 2023ൽ ഹിൻഡൻബർഗ് – അദാനി വിവാദവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോറോസ് വിവാദ പരാമർശം നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അദാനി വിവാദം മോദിയ ദുർബലപ്പെടുത്തുമെന്നും ഇന്ത്യയിൽ ഒരു ജനാധിപത്യ പുനരുജ്ജീവനം പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു സോറോസിന്റെ പ്രസ്താവന. സോറോസ് അടക്കം 19 പേരെയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മെഡൽ ഒഫ് ഫ്രീഡം നൽകി ആദരിച്ചത്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സോറോസിന് വേണ്ടി മകൻ അലക്സ് സോറോസ് ആണ് മെഡൽ ഏറ്റുവാങ്ങിയത്. യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ, ഫുട്ബോൾ താരം ലയണൽ മെസി, നടൻ ഡെൻസൽ വാഷിംഗ്ടൺ, ഐറിഷ് ഗായകനും ആക്ടിവിസ്റ്റുമായ ബോണോ, മുൻ ബാസ്ക്കറ്റ്ബോൾ താരം മാജിക് ജോൺസൺ, നടൻ മൈക്കൽ ജെ. ഫോക്സ്, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ തുടങ്ങിയവരാണ് മെഡലിന് അർഹരായ മറ്റുള്ളവർ. തിരക്കുകൾ കാരണം മെഡൽ സ്വീകരിക്കാൻ മെസി എത്തിയില്ല. യു.എസിനും ലോകത്തിനും നൽകിയ സംഭാവനകൾ മുൻനിറുത്തിയാണ് പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകുന്നത്.