
സ്വന്തം ലേഖകൻ
പാലാ: മൂകബധിരരുടെ സംഘടനയുടെ പേരിൽ അനധികൃതമായി പണപ്പിരിവു നടത്തുന്നതായി പരാതി. സംഘത്തിൽപ്പെട്ടയാൾ പിരിവിനായി ബധിര എംപ്ലോയീസ് ഫോറം ജില്ലാ നേതാവിന്റെ അടുത്തെത്തിയതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. പൊതുജനത്തിനോടുളള അപേക്ഷ എന്ന പേരിലെടുത്ത കുറിപ്പും ഇതിൽ ഒരു സംഘടനയുടെ കോളേജിന്റെ പേരും ചേർത്ത് മാസ്ക് ധരിച്ച യുവാവാണ് ജില്ലാ നേതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയത്. കണ്ണൂരാണ് ആസ്ഥാനമെന്നാണ് കുറിപ്പിലുള്ളത്. കുറിപ്പിൽ ആളുകളുടെ പേരും അവർ നൽകിയ തുകയും രേഖപ്പെടുത്തിയിരുന്നു.
കുറിപ്പ് ബധിര എംപ്ലോയീസ് ഫോറം ജില്ലാ നേതാവിനെയും കാണിച്ചു. സംശയം തോന്നിയ അവർ സംഘടനയുടെ മറ്റുള്ളവരുമായി ബന്ധപ്പെട്ടപ്പോൾ വ്യാജ പിരിവാണെന്ന് വ്യക്തമായി. ഇതേ തുടർന്ന് പിരിവിനെത്തിയ യുവാവിനോട് മാസ്ക് മാറ്റാനും കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനും ജില്ലാ നേതാവ് ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ കൊണ്ടുവന്ന പേപ്പർ അവിടെയിട്ട ശേഷം ഓടി രക്ഷപ്പെട്ടു.
ബധിര അസോസിയേഷൻ നേതാവും സഹപ്രവർത്തകരും ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. വ്യാജ പിരിവുകാരെ കരുതിയിരിക്കണമെന്നും സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡും ഫോൺനമ്പരുമായി സമീപിച്ചാൽ വിളിച്ച് യഥാർത്ഥ വിവരം തിരക്കിയതിന് ശേഷം മാത്രമേ പിരിവ് കൊടുക്കാവൂ എന്നും ബധിര എംപ്ലോയീസ് ഫോറം പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]