ന്യൂഡൽഹി: ഓഠ ഖോലേരാ എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തനായ നേപ്പാളി ഗായകൻ സച്ചിൻ പരിയർ (15) അന്തരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി സച്ചിൻ പരിയർ ചികിത്സയിലായിരുന്നെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബർ 28-ന് കടുത്ത പനിയും മസ്തിഷ്കാഘാതവും സംഭവിച്ചതിനെത്തുടർന്നാണ് സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകൽ, വൃക്കകളുടെ തകരാർ, എൻസെഫലോപ്പതി, ഗുരുതരമായ അണുബാധ, രക്തസ്രാവം തുടങ്ങിയ സങ്കീർണതകൾ സച്ചിൻ്റെ അവസ്ഥ വഷളാക്കി.
പീഡിയാട്രിക് ഐ.സി.യുവിൽ തീവ്രപരിചരണം, വെൻ്റിലേറ്ററി സപ്പോർട്ട്, ആൻറിബയോട്ടിക്കുകൾ, തുടങ്ങിയവ നൽകിയിട്ടും സച്ചിൻ്റെ ആരോഗ്യനില വഷളായിത്തുടർന്നു. വെള്ളിയാഴ്ച കഠിനമായ ശ്വാസകോശ രക്തസ്രാവത്തേത്തുടർന്ന് ഓക്സിജൻ കുറയുകയും തുടർന്ന് ഹൃദയസ്തംഭനത്തിനും കാരണമായി. ഇത് സച്ചിന്റെ മരണത്തിനും ഇടയാക്കിയെന്നാണ് റിപ്പോർട്ട്.
നാലു വർഷം മുൻപാണ് ഓഠ ഖോലേരാ പുറത്തിറങ്ങിയത്. 19 മില്ല്യൺ കാഴ്ചക്കാരെയാണ് ഗാനം ഇതുവരെ സമ്പാദിച്ചത്. ഇതിനുപുറമേ നിരവധി ശ്രദ്ധേയമായ ഗാനങ്ങളും സച്ചിന്റേതായി പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]