
വളരെ സാധാരണമായ ഒരു കഥയെ അസാധാരണമായ ചില വഴികളിലൂടെ നടത്തിക്കൊണ്ടുപോകുന്ന ബ്രില്യന്‍സാണ് ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി. പുതുമയുള്ള ഒരുകൂട്ടം ആശയങ്ങളാണ് സിനിമയുടെ തലം വേറെയാക്കുന്നത്. അക്കാര്യത്തില്‍ സംവിധാനവും തിരക്കഥയും ചെയ്ത അഖില്‍ പോള്‍ – അനസ് ഖാന് സഖ്യം അതിഗംഭീരമായ കൈയടിയര്ഹിക്കുന്നുണ്ട്. ഇരുവരുടെയും ആത്മാര്‍ഥമായ സമീപനം പ്രേക്ഷകര്‍ക്കുകൂടി ബോധ്യമാകുംവിധമുള്ള മെയ്ക്കിങ്ങാണ് സിനിമയുടേത്.
ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്ന പോലെത്തന്നെ, ഓരോരുത്തരുടെയും ഐഡന്റിറ്റി കഥാവഴികളിലൊട്ടുക്കു വ്യത്യസ്തമായിക്കൊണ്ടിരിക്കുന്നു. നമുക്കൊരിക്കലും പിടിതരാത്ത വിധത്തിലുള്ള മുന്നോട്ടുപോക്കാണ് ചിത്രം പ്രദാനം ചെയ്യുന്നത്. അതാവട്ടെ, ഓരോ നിമിഷങ്ങളിലും നമ്മെ ഇമവെട്ടാതെ പിടിച്ചിരുത്താന്‍ തക്കവണ്ണം ശക്തവുമാണ്. ഒരേയിരിപ്പോടെ കാണാന്‍ കഴിയുന്ന വിധം ട്വിസ്റ്റുകള്‍ ചിത്രത്തെ സമ്പന്നമാക്കിയിട്ടുണ്ട്.
ഒരു കൊലയാളിയെ തിരിച്ചറിയാനുള്ള പുറപ്പാടുകളാണ് സിനിമയുടെ ആദ്യപകുതി. പക്ഷേ, വല്ലാത്തൊരു അനിശ്ചിതത്വത്തോടെയാണ് അത് അവസാനിക്കുക. ഒരു പോലീസ് ഓഫീസറും സ്കെച്ച് ആര്‍ട്ടിസ്റ്റും ദൃക്സാക്ഷിയും ചേര്‍ന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍പോലെ തോന്നിപ്പിച്ച്, രണ്ടാംപകുതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരു സഞ്ചാര പാത സ്വീകരിക്കുകയാണ് സിനിമ. വളരെ ശാന്തനായ സ്കെച്ച് ആര്‍ട്ടിസ്റ്റായി വന്ന് ടൊവിനോ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ വിനയ് റായിയും ദൃക്സാക്ഷിയായെത്തിയ തൃഷയും കഥാപാത്രങ്ങളെ അതിമനോഹരമാക്കി.
ഒരു മുഴുനീള സംഘട്ടനം എന്നതല്ല ഐഡന്റിറ്റി. നിഗൂഢമായ ഒരു കഥയെ മുന്നിര്ത്തിപ്പോകുന്ന സിനിമ, അത്രതന്നെ നിഗൂഢമായ അനുഭവങ്ങളോടെ കണ്ടുതീര്ക്കാനാവുന്ന അനുഭവമാണത്. ഉദ്വേഗജനകമായ പല നിമിഷങ്ങളിലൂടെ കണ്ണുപായിക്കേണ്ടതായിട്ടുണ്ട്. പൊയ്മുഖങ്ങള്‍ വലിച്ചുകീറുന്നതൊക്കെ മലയാളം കണ്ടുശീലിക്കാത്ത ചില അവതരണങ്ങളിലൂടെയാണ്. ആരംഭംതൊട്ട് ഒടുക്കംവരെ നമ്മള് ആ സിനിമയില്‍ത്തന്നെ ചെലവഴിക്കും. കാഴ്ചകളോട് സമ്പൂര്‍ണ നീതി പുലര്‍ത്തുന്ന പശ്ചാത്തലസംഗീതംകൂടി അതിന് ഹേതുകമായിട്ടുണ്ടെന്നു പറയാം. അതിന്റെ ക്രെഡിറ്റ് ജേക്സ് ബിജോയിക്ക് നല്കാതിരിക്കാതെ തരമില്ല. മനോഹരമായ ഫ്രെയിമുകളോടെ ഐഡന്റിറ്റിയെ ജീവസ്സുറ്റതാക്കിയ ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജിനും ഈ സിനിമ അഭിമാനാര്‍ഹമായ നേട്ടം നല്‍കിയിട്ടുണ്ട്. വിഷ്വല്‍ ഭംഗി സിനിമയില്‍ എടുത്തുതന്നെ കാണിക്കുന്നു. പ്രൊഡക്ഷന്‍ ക്വാളിറ്റിയും കൊള്ളാം.
മലയാളത്തിന് പരിചിതമല്ലാത്ത സംഘട്ടന രംഗങ്ങള്‍ കൊണ്ടുകൂടി സമ്പന്നമാമാണ് സിനിമ. പറക്കുന്ന വിമാനത്തില്‍ അതിഗംഭീരമായ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് മലയാളസിനിമയിൽ ഒരുപക്ഷേ, ആദ്യമായിട്ടാണ്. ചില സാഹചര്യങ്ങളില്‍ ഒരു വിമാനം പ്രവര്‍ത്തിക്കുന്ന വിധവും, പൈലറ്റിന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തെ അപകടങ്ങളും പറഞ്ഞുവയ്ക്കുന്ന ചിത്രം, ഒരു ഇന്‍ഫര്‍മേറ്റീവ് കണ്ടന്റ് എന്ന രീതിയിലും വിജയിക്കുന്നുണ്ട്. കാര്‍ റേസിങ് തത്പരരെക്കൂടി ആകര്‍ഷിക്കാന്‍ സിനിമ ചിലത് ചെയ്തുവെച്ചിട്ടുണ്ട്.
ടൊവിനോ തോമസിന്റെയും വിനയ് റായിയുടെയും അഭിനയ മികവ് പ്രേക്ഷകരെ നന്നായി ആസ്വദിപ്പിക്കും. ഒരര്‍ഥത്തില്‍ ചിത്രത്തിന്റെ വിജയവും ഈ ദ്വന്ദ്വയുദ്ധമാണെന്നു പറയാം. തൃഷയും മന്ദിര ബേദിയും ഷമ്മി തിലകനും അര്‍ച്ചന കവിയുമെല്ലാം നിര്‍വഹിച്ച പങ്ക് സിനിമയെ മികച്ച അനുഭവമാക്കി മാറ്റുന്നു. അത് 2024-ല്‍ മലയാള സിനിമ ആര്‍ജിച്ച വിജയക്കൊയ്ത്തിന്റെ മാറ്റമില്ലാത്ത തുടര്ച്ചകൂടിയാവുന്നു 2025 എന്നതില്‍ മോളിവുഡിനാകെത്തന്നെയും സന്തോഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]