കണ്ണൂർ: സി.ഐ.ടി.യുവിനെതിരെ ജാതിവിവേചനമടക്കമുള്ള ആരോപണങ്ങൾ ഉയർത്തുകയും ഓട്ടോ കത്തിച്ച സംഭവങ്ങളിലടക്കം പ്രതികരിച്ച് ശ്രദ്ധ നേടുകയും ചെയ്ത എട്ടാട്ട് സ്വദേശിനി ചിത്രലേഖയുടെ ഓട്ടോയ്ക്ക് മരണശേഷം കോർപറേഷൻ നമ്പർ അനുവദിച്ചുകിട്ടി. മകൾ മേഖയുടെ പേരിലാണ് പുതുവൽസര ദിനത്തിൽ നമ്പർ അനുവദിക്കപ്പെട്ടത്. ഇതോടെ ആം ആദ്മി പാർട്ടിയുടെ വനിതാവിഭാഗത്തിന്റെ സഹായത്തോടെ കുടുംബത്തിന് ലഭിച്ച ഓട്ടോ കോർപറേഷൻ പരിധിയിലെ സ്റ്റാൻഡുകളിൽ വയ്ക്കാൻ അനുമതിയായി.
കഴിഞ്ഞ ജൂൺ 25നാണ് ചിത്രലേഖ നേരിട്ട് പുതിയ ഓട്ടോയ്ക്ക് കെ.എം.സി നമ്പർ ലഭിക്കാൻ അപേക്ഷ നൽകിയത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആർ.ടി.ഒ ഇത് നിരസിക്കുകയായിരുന്നു. ചിത്രലേഖ മരിച്ചതിനു ശേഷം ഭർത്താവ് എം.ശ്രീഷ്കാന്തും മേഖയും പല തവണ ആർ.ടി.ഒയെ കണ്ടെങ്കിലും പല തടസ വാദങ്ങൾ ഉന്നയിച്ചു. കോടതിയെ സമീപിക്കാനുള്ള നീക്കത്തിനൊടുവിലാണ് അനുകൂല തീരുമാനം.
നിലവിൽ 2689, 2690 കെ.എം.സി നമ്പറുകൾ ചിത്രലേഖയുടെ ഓട്ടോകളുടേതാണ്. ഇതിൽ കെ.എൽ 13 എ.പി 740 ഓട്ടോറിക്ഷ കാട്ടാമ്പള്ളിയിലെ വീട്ടിനു മുന്നിൽ വച്ച് തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിപ്പോൾ വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലാണുള്ളത്. മറ്റൊരു ഓട്ടോ കെ. എൽ 13 എക്സ് 7998 നമ്പർ വീടു നിർമ്മാണത്തിന്റെ ആവശ്യത്തിനായി വിൽക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടിയുടെ മഹിള വിഭാഗമാണ് വായ്പ പ്രകാരം പുതിയ ഓട്ടോ ഇറക്കിക്കൊടുത്തത്. എന്നാൽ കെ.എം.സി നമ്പറില്ലാത്തത് കാരണം കണ്ണൂർ നഗരത്തിൽ ഓടാനായില്ല. ഏക വരുമാനം നിലച്ചത് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. മകൾ മേഖയുടെ പേരിലാണ് പുതിയ ഓട്ടോ. നിലവിലുള്ള കെ.എം.സി നമ്പറുകളിലൊന്ന് മാറ്റി നൽകി പരിഹരിക്കാവുന്ന പ്രശ്നമാണ് ഇത്രയും നാൾ നീട്ടിക്കൊണ്ടുപോയത്. ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്കാന്താണ് ഈ ഓട്ടോ ഓടിക്കുന്നത്. ഓടിക്കാൻ പറ്റാത്തതിനാൽ ഈ ഓട്ടോയുടെ വായ്പ തിരിച്ചടവ് അഞ്ചു മാസമായി മുടങ്ങിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഎമ്മിന്റെ നേതൃത്വത്തിൽ കത്തിച്ചുവെന്നാരോപിച്ച് നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണ് ചിത്രലേഖ ശ്രദ്ധനേടിയത്. 2004ലാണ് ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കമുണ്ടായത്. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോയ്ക്ക് തീയിട്ടിരുന്നു. ക്യാൻസർ ബാധിച്ച് കണ്ണൂരിലെ ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ ചിത്രലേഖ കഴിഞ്ഞ ഒക്ടോബറിൽ മരണപ്പെട്ടു. 47വയസായിരുന്നു.