കൊവിഡിന് ശേഷം ജനങ്ങൾക്ക് കൂടുതൽ പരിചിതമായ ഒന്നാണ് വർക്ക് ഫ്രം ഹോം. കൊവിഡ് സമയത്ത് ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ വർക്ക് ഫ്രം ഹോമാണ് നമ്മെ തുണച്ചത്. ഓഫീസുകളിൽ പോകാതെ തന്നെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം. നിരവധി പേർക്ക് ഇത് ഒരു വരം പോലെയാണ്.
പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരുന്ന് തന്നെ ജോലി ചെയ്യാം. എന്നാൽ 2025ഓടെ ഇത് അവസാനിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ലോകമെമ്പാടുമുള്ള പല കമ്പനികളും ഇപ്പോൾ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നില്ല.
വർക്ക് ഫ്രം ഹോം
വിപ്രോ, ആമസോൺ, എടി ആൻഡ് ടി എന്നിവയുൾപ്പെട്ട നിരവധി കമ്പനികൾ ഇപ്പോൾ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നില്ല. അടുത്തിടെ ആമസോൺ ജീവനക്കാരോട് ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിൽ എത്താൻ ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ പ്രശ്സ്തമായ ഐടി കമ്പനി വിപ്രോ ജീവനക്കാർക്കുള്ള വർക്ക് ഫ്രം ഹോം കുറച്ചിരുന്നു.
ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഉറപ്പായും ഓഫീസിൽ എത്തണമെന്നാണ് ഉത്തരവിട്ടത്. ഇത് പാലിച്ചില്ലെങ്കിൽ ആ ദിവസം അവധിയായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു. യുഎസ് സർക്കാർ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് വിവരം. എന്നാൽ വർക്ക് ഫ്രം ഹോം ജീവനക്കാരുടെ ഉൽപാദനക്ഷമത വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ദിവസവും ഓഫീസിൽ വന്ന് പോകുന്ന പണവും സമയവും ജീവനക്കാർക്ക് ഇതിലൂടെ ലാഭിക്കാം. പുതിയ ജീവനക്കാരെ കമ്പനിയിലേക്ക് ആകർഷിപ്പിക്കാൻ വർക്ക് ഫ്രം ഹോം സഹായിക്കുന്നുണ്ടെന്ന് യുഎസ് ഗവൺമെൻ്റ് അക്കൗണ്ടബിലിറ്റി ഓഫീസ് കണ്ടെത്തിയിരുന്നു. സമ്മർദ്ദം കുറയ്ക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും വർക്ക് ഫ്രം ഹോം നല്ലതാണ്. ഇത്രയും ഗുണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നത്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കമ്പനി ഉടമകൾക്ക് എതിർപ്പ്
ലക്ഷങ്ങളും കോടികളും ചെലവാക്കി ഉയർന്ന നിലവാരത്തിലാണ് പലരും ഓഫീസുകൾ നിർമ്മിച്ചത്. ഇത് അനാഥമായി കിടക്കുന്നതിനാലാണ് പല കമ്പനികളും വർക്ക് ഫ്രം ഹോം നിരോധിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഫോർച്യൂൺ ന്യൂസ് പറയുന്നു. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടാനും പുതിയ ജീവനക്കാരെ എടുക്കാനുമാണ് ഇത്തരത്തിൽ ഒരു മാർഗം സ്വീകരിച്ചതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
സിഇഒമാർ കൂടുതലും ജീവനക്കാർ ഓഫീസിൽ വരാൻ ആഗ്രഹിക്കുന്നുണ്ട്. 2024ൽ ലോകമെമ്പാടുമുള്ള 1,300 സിഇഒമാരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 79 ശതമാനം പേരും വർക്ക് ഫ്രം ഹോമിന് പകരം ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യുന്നതിനെയാണ് പിന്തുണയ്ക്കുന്നത്. ടെസ്ല സിഇഒ ഇലോൺ മസ്കും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ജീവനക്കാർക്ക് പ്രിയം
മിക്ക ജീവനക്കാരും വർക്ക് ഫ്രം ഹോം ചെയ്യാൻ ആഗ്രഹിക്കുന്നു. സർവേകളിൽ 95 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം ആഗ്രഹിക്കുന്നു. ജീവിതവും ജോലിയും ഒരുപോലെ ബാലൻസ് ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് അവർ കരുതുന്നത്. നിരവധി തൊഴിലാളികളാണ് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കമ്പനികളിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്നത്.
ഇന്ത്യയിലെ ജീവനക്കാരും ഇതുപോലെ ആഗ്രഹിക്കുന്നവരാണ്. ആമസോണിൽ ഉൾപ്പടെയുള്ള കമ്പനികൾ ഓഫീസിൽ എത്തണമെന്ന ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ ജോലി ഉപേക്ഷിച്ച് മറ്റ് കമ്പനികളിൽ ജോലി തേടാൻ ജീവനക്കാർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഈ നില തുടരുകയാണെങ്കിൽ കമ്പനികളും ജീവനക്കാരും തമ്മിൽ വലിയ പ്രശ്നം ഭാവിയിൽ വന്നേക്കാം.