സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചുള്ള ചിത്രം ‘കൊറഗജ്ജ’ പ്രതിസന്ധികൾ തരണം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്നു. കർണാടകയിലെ കറാവലി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കർണാടകയിലെ ഒരുപാട് നിർമ്മാതാക്കളും സംവിധായകരും കൊറഗജ്ജ എന്ന ടൈറ്റിൽ സ്വന്തമാക്കുന്നതിനും സിനിമകൾ ചെയ്യുന്നതിനും ശ്രമിച്ചിരുന്നു എന്നാൽ ഒന്നും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ഇങ്ങനെയൊരു സിനിമ സംവിധാനം ചെയ്ത് റിലീസിന് തയ്യാറാക്കിയിരിക്കുന്നത്. ഇത് സിനിമാപ്രേമികൾക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. സക്സസ് ഫിലിംസും ത്രിവിക്രമ സിനിമാസും ചേർന്ന് മലയാളം, തമിഴ്, തെലുഗു,തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ഏകദേശം 800 വർഷങ്ങൾക്ക് മുമ്പുള്ള കാലത്തെ കഥ ആസ്പദമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തനിയ എന്ന ആദിവാസി യുവാവ് കൊറഗജ്ജനായി ദൈവികത്വം സ്വീകരിച്ചത് എങ്ങനെയെന്ന് പഠനം നടത്തിയശേഷം ‘ബൂട്ട കോല’ (ബ്ലോക്ക്ബസ്റ്റർ ‘കാന്താര’യിൽ കണ്ടത് പോലെയുള്ള ഷാമനിസ്റ്റിക് നൃത്തം) അവതരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണത്തിനായി അനുവാദം വാങ്ങിയത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ടെന്നു പറയപ്പെടുന്നു.
പ്രശസ്ത അഭിനേതാവായ കബീർ ബേദി പ്രധാന കഥാപാത്രമായ ഉദ്യാവര അരശു എന്ന രാജാവായി ചിത്രത്തില്‍ അഭിനയിക്കുന്നു. ഹോളിവുഡ് – ബോളിവുഡ്, ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യൻ ബോൾഡാൻസറുമായ സന്ദീപ് സോപാർക്കർ, ബോളിവുഡിലെ പ്രശസ്തനായ നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ, ഭവ്യ, ശ്രുതി, നവീൻ ഡി പട്ടേൽ എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുധീര്‍ അത്താവറും കബീര്‍ ബേദിയും
മലയാള സിനിമയിലെ സാങ്കേതികവിദഗ്ധർ അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം: മനോജ് പിള്ള. എഡിറ്റിങ് ജിത് -ജോഷ്, വിദ്യാദർ ഷെട്ടി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ: ബിബിൻ ദേവ്. വി എഫ് എക്സ് ലെവൻ- കുശൻ. കളറിസ്റ് ലിജു പ്രഭാകർ. പി ആർ ഓ മഞ്ജു ഗോപിനാഥ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]