ബോളിവുഡില്‍ ഏറ്റവുമധികം ഫാസ്റ്റ് നമ്പേഴ്സ് ആലപിച്ച ഗായിക എന്ന വിശേഷണത്തിനര്ഹ ആശ ഭോസ്ലെ തന്നെയാണ്. പ്രായം തൊണ്ണൂറ് കഴിഞ്ഞെങ്കിലും സ്റ്റേജ് ഷോകളിലൂടെയും മറ്റും തന്റെ ആരാധര്‍ക്കായി ആശ ഭോസ്ലെ എത്താറുണ്ട്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സംഗീതപരിപാടിയില്‍ 2024 ലെ ഹിറ്റ് ചാര്‍ട്ടിലിടം നേടിയ തോബ തോബ എന്ന ഗാനമാലപിച്ച് സംഗീതപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഗായിക. മാത്രമല്ല ആലാപനത്തിനിടെ ഗാനത്തിലെ ഹുക്ക് സ്റ്റെപ്പുകള്‍ അനുകരിക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ് പരിപാടിയുടെ വീഡിയോ.
കറുത്ത ബോഡറുള്ള വെള്ളസാരിയുടുത്താണ് ഗായിക സ്റ്റേജിലെത്തിയത്. ഗാനത്തിടയ്ക്ക് മൈക്രോഫോണ്‍ മാറ്റിവെച്ച് തോബാ തോബയുടെ ഹുക്ക് സ്റ്റെപ്പ് പെര്‍ഫോം ചെയ്യുകയും ചെയ്തു. ഇത് സദസ്സില്‍ വലിയ കരഘോഷം ഉയരാനിടയാക്കുകയും ചെയ്തു. തോബ തോബ ആലപിച്ച കരണ്‍ ഓജ്ല ആശ ഭോസ്ലെയ്ക്ക് നന്ദിയറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു. .
“ആശ ഭോസ്ലെ ജി, ജീവിച്ചിരിക്കുന്ന സംഗീതദേവത, തോബ തോബ ആലപിച്ചിരിക്കുന്നു. ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന, സംഗീതത്തിന്റെ ഒരു ജീവിതപശ്ചാത്തലവുമില്ലാത്ത, സംഗീതോപകരണങ്ങളെ കുറിച്ച് ഒരറിവുമില്ലാത്ത ഒരു എളിയ കുട്ടിയാണ് ആ ഗാനം രചിച്ചത്. ആ ഗാനത്തിന് ആരാധകരില്നിന്നുമാത്രമല്ല സംഗീതജ്ഞരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ ഈ നിമിഷം തികച്ചും അവസ്മരണീയമാണ്. ഈ അനുഗ്രഹത്തിന് ഞാനെന്നും കടപ്പെട്ടിരിക്കും. നിങ്ങള്‍ക്കായി കൂടുതല്‍ ഗാനങ്ങള്‍ ചെയ്യാന്‍ എനിക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്”, കരണ്‍ കുറിച്ചു. “27 മത്തെ വയസ്സിലാണ് ഞാനീ ഗാനം രചിച്ചത്, 91 മത്തെ വയസ്സില്‍ എന്നേക്കാള്‍ മികച്ച രീതിയില്‍ അവര്‍ പാടിയിരിക്കുന്നു” എന്ന കുറിപ്പോടെ കരണ്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
ഗായിക അദിതി സിങ് ശര്‍മ, സംഗീതസംവിധായകന് പലാഷ് മുച്ഛല്‍, നടന് എല്ലി അവ്രാം തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ആശ ഭോസ്ലെയുടെ തോബ തോബേയോട് പ്രതികരിച്ചു. ഗായകന് സോനു നിഗമിനോടൊപ്പമായിരുന്നു ദുബായിലെ സംഗീതപരിപാടിയില്‍ ആസ ഭോസ്ലെ പങ്കെടുത്തത്.
ബാഡ് ന്യൂസ് എന്ന ചിത്രം ബോക്സ്ഓഫീസില്‍ നിരാശയായിരുന്നെങ്കിലും ചിത്രത്തിനുവേണ്ടി കരണ്‍ ഓജ്ല എഴുതി ഈണമിട്ട് ആലപിച്ച ഗാനം വമ്പന്‍ ഹിറ്റായിരുന്നു. ബോസ്കോ-സീസര്‍ കോറിയോഗ്രാഫി ചെയ്ത് വിക്കി കൗശല്‍ ചുവടുവെച്ച ഗാനത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ നൂറുകണക്കിന് വൈറല്‍ റീലുകള്‍ക്ക് വഴിവെക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]