മുംബയ്: ഇന്ത്യയിൽ സെലിബ്രിറ്റി മുഖമുള്ള കോടീശ്വരന്മാർ ആരൊക്കെയാണെന്ന് ചോദിച്ചാൽ ആദ്യം പറയുന്നത് മുകേഷ് അംബാനിയും കുടുംബത്തെയുമാണ്. സിനിമ താരങ്ങളെ പോലെ തന്നെ ഒരുപാട് ആരാധകരും ഈ കോടീശ്വര കുടുംബത്തിനുണ്ട്. അടുത്തിടെ അനന്ത് അംബാനിയുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത് അതിനൊരു ഉദാഹരണമാണ്. ലോകത്തുള്ള മിക്ക സെലിബ്രിറ്റികളും പങ്കെടുത്ത വിവാഹത്തിന് 5000 കോടിയോളം ചെലവായെന്നാണ് കണക്കാക്കുന്നത്.
മാത്രമല്ല അംബാനിയുടെ ബിസിനസ് ശൈലിക്കും ആരാധകർ ഏറെയാണ്. ഈ അടുത്ത് പുറത്തുവന്ന ഫോബ്സ് മാഗസീൻ കണക്ക് പ്രകാരം 92 ബില്യൺ ഡോളർ അംബാനിക്ക് ആസ്തിയായുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ അബാംനിയെക്കുറിച്ച് പുതിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അംബാനിയുടെ ഏറ്റവും പുതിയ ബിസിനസ് മോഡലായ ജിയോ വേൾഡ് പ്ലാസയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനവുമാണ് പ്രധാന ചർച്ച.
മുംബയിലെ ബാന്ദ്ര-കുർള കോപ്ലംക്സിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് പ്ലാസയിൽ നിന്ന് അംബാനിയുടെ അക്കൗണ്ടിലേക്ക് വാടകയായി കോടികൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ ആഡംബര മാൾ ആഗോള ഹൈഎൻഡ് ഫാഷൻ ബ്രാൻഡുകളുടെ പ്രധനപ്പെട്ട ലക്ഷ്യ സ്ഥാനമായി മാറിയിരിക്കുകയാണ്. മുംബയിലെ റീട്ടെയിൽ വിതരണത്തിന്റെ മുഖം ആകെ മാറ്റിമറിക്കാൻ ജിയോ വേൾഡ് പ്ലാസയ്ക്ക് സാധിച്ചിട്ടുണ്ട്.
ജിയോ വേൾഡ് സെന്ററിന്റെ ഭാഗമായി 2023ൽ ആണ് അംബാനി ജിയോ വേൾഡ് പ്ലാസ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ എന്ന ടാഗോട് കൂടിയാണ് വേൾഡ് പ്ലാസയെ അവതരിപ്പിച്ചത്. ലോകത്ത് പേരുകേട്ട ബ്രാൻഡുകളുടെ വസ്ത്രങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഔട്ട്ലെറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മാൾ പെട്ടെന്ന് മുംബയുടെ ഒരു സ്റ്റാറ്റസ് സിംബലായി മാറി. അതുകൊണ്ട് തന്നെ വാടക എത്ര വലിയ തുകയാണെങ്കിലും അത് മുടക്കി ആഡംബര ബ്രാൻഡുകൾ ജിയോ വേൾഡ് പ്ലാസയെ ലക്ഷ്യമാക്കി എത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫാഷൻ കമ്പനിയായ ലൂയി വിറ്റൺ ആണ് ജിയോ പ്ലാസയിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഡംബര ബ്രാൻഡുകളിൽ ഒന്ന്. 7365 സ്ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന ലൂയി വിറ്റണിന്റെ ഔട്ട്ലെറ്റ് ഒരു മാസം നൽകുന്ന വാടക 40.5 ലക്ഷമാണ്. ഡിയോർ ആണ് മറ്റൊരു പ്രമുഖ ബ്രാൻഡ്. 3317 സ്ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന ബ്രാൻഡ് ഔട്ട്ലെറ്റിന്റെ ഒരു മാസത്തെ വാടക 21.56 ലക്ഷം രൂപയാണ്. ഡിയോറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഔട്ട്ലെറ്റാണിത്. ബർബെറി, ഗൂച്ചി, കാർട്ടിയർ, ബൾഗാരി, ഐഡബ്ല്യുസി ഷാഫൗസെൻ, റിമോവ തുടങ്ങിയവയാണ് മറ്റ് പ്രമുഖ ബ്രാൻഡുകൾ. ഇവ ഓരോന്നും ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ ഓരോ മാസവും നൽകുന്നത്.
കൂടാതെ മാളിലെ മറ്റ് ചില പ്രമുഖ ബ്രാൻഡുകളുമായി റിലയൻസിന് റവന്യൂ ഷെയറിംഗ് കരാറുമുണ്ട്. ഈ ബ്രാൻഡുകളുടെ വരുമാനത്തിന്റെ 4 മുതൽ 12 ശതമാനം വരെ റിലയൻസിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.