
ബോളിവുഡ് താരദമ്പതിമാരായ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ചും മാതാപിതാക്കളെന്ന നിലയിലുള്ള കാഴ്ചപ്പാടുകളേയും അനുഭവങ്ങളേയും കുറിച്ച് എപ്പോഴും തുറന്നുസംസാരിക്കാറുണ്ട്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളാണുള്ളത്-ആരവും നിതാരയും. മകന്റേയും മകളുടേയും ചര്‍മ്മത്തിന്റെ നിറത്തിലുള്ള വ്യത്യാസത്തെ കുറിച്ചും അത് കൈകാര്യം ചെയ്യാനായി മാനസികമായി നടത്തിയ തയ്യാറെടുപ്പുകളേയും കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന. സ്ത്രീകള്‍ക്കായുള്ള അഖിലേന്ത്യ സംഘടനയായ എഫ്ഐസിസിസിഐ എഫ്എല്ഒയുമായുള്ള സംഭാഷണത്തിലാണ് ട്വിങ്കില്‍ ഇക്കാര്യം സംസാരിച്ചത്.
ആദ്യത്തെ കുഞ്ഞില്‍നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതായി താരം പറഞ്ഞു. “ആദ്യത്തെ കുഞ്ഞില്‍നിന്ന് അല്പം കൂടി അനുഭവപരിചയം ലഭിക്കും. എന്റെ രണ്ടാമത്തെ കുട്ടിയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്… അവള് ഒരു സാധാരണ ഇന്ത്യന്‍ പെണ്‍കുട്ടിയെപ്പോലെയാണെന്ന് ഞാന്‍ കരുതി, ചര്‍മ്മത്തിന്റെ നിറത്തിലോ അതുപോലുള്ള കാര്യങ്ങളിലോ അവളും അവളുടെ സഹോദരനും തമ്മില്‍ എപ്പോഴും ഈ താരതമ്യം ഉണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചു. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന കാര്യങ്ങളായതിനാല്‍ ഞാനങ്ങനെ കരുതി. താന്‍ ശരിക്കും ഒരു വിസ്മയമാണെന്ന് അവള് വിശ്വസിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. അവള്‍ക്ക് കൂട്ടുപുരികം ഉണ്ടെങ്കില്‍, ചിത്രകാരിയായ ഫ്രിഡ കഹ്ലോയെപ്പോലെ സുന്ദരിയാണെന്നും അവളുടെ ചര്‍മ്മത്തിന് തവിട്ടുനിറമാണെങ്കില്‍ അത് പൊന്നിന്നിറമാണെന്നും ഞാന്‍ അവളോട് പറയുമായിരുന്നു”, ട്വിങ്കിള്‍ ഖന്ന പറഞ്ഞു.
“എനിക്കേറ്റവും അഭിമാനം തോന്നിയ നിമിഷം, ഞങ്ങളന്ന് ബിച്ചില്‍ പോകുകയായിരുന്നു. ആരവാകട്ടെ വെയിലിനെ പ്രതിരോധിക്കാന്‍ സണ്‍സ്ക്രീന്‍ പുരട്ടുകയായിരുന്നു. അടുത്തിരുന്ന നിതാര പറഞ്ഞു, “എന്റെ ചര്‍മ്മം നിന്റേതിനേക്കാള്‍ മികച്ചതാണ്, അതുകൊണ്ട് എനിക്ക് സണ്സ്ക്രീനൊന്നും ആവശ്യമില്ല. വെള്ള നിറത്തിലുള്ള ടി-ഷര്‍ട്ടില്‍ വേഗത്തില്‍ അഴുക്ക് പുരളും, എന്നാല്‍ ബ്രൗണ്‍ നിരത്തിലുള്ളതില് അഴുക്ക് പുരളുകയോ ഇല്ല. നിനക്കത് കാണാനാകില്ല, ഞാനാണ് കൂടുതല്‍ ഗ്രേറ്റ്”,” ട്വിങ്കിള്‍ ഓര്‍മിച്ചു.
2001 ലാണ് അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും വിവാഹിതരായത്. 2002 ലാണ് ആരവ് ജനിച്ചത്. മകള്‍ നിതാര ജനിച്ചത് 2012 ലും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]