പ്രവൃത്തികളിലൂടെ ശക്തനായി മാറിയ നേതാവായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. തുടർച്ചയായി രണ്ടു തവണയാണ് (2004 മുതൽ 2014വരെ) അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്. അതിനുമുൻപും വിവിധ പ്രധാന സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. സാമ്പത്തിക രംഗത്തും അടിസ്ഥാനവർഗത്തിന്റെ ക്ഷേമത്തിനുമായി നിരവധി നിയമനിർമാണങ്ങളും അദ്ദേഹം നടപ്പിലാക്കിയിരുന്നു. വിവാരാവകാശ നിയമവും സംവരണ നിയമങ്ങളുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.
മാദ്ധ്യമങ്ങൾ തൊടുത്തുവിട്ട പല ചോദ്യങ്ങൾക്കും പ്രസ്താവനകൾക്കും കൃത്യമായ ഉത്തരവും അഭിപ്രായങ്ങളും ശക്തമായി പറഞ്ഞ നേതാവാണ് മൻമോഹൻ സിംഗ്. എന്നിട്ടും പല ഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചിലർ അദ്ദേഹത്തെ മൃദു ഭാഷിയെന്നും മൗനിയെന്നൊക്കെ അഭിസംബോധന ചെയ്തിരുന്നു.
എന്നാൽ ഈ വിമർശനങ്ങളെ കാറ്റിൽപറത്തുന്ന കാഴ്ചയായിരുന്നു 2014 ജനുവരി മൂന്നിന് മൻമോഹൻ സിംഗ് നടത്തിയ അവസാനത്തെ പത്രസമ്മേളനം പറഞ്ഞുവയ്ക്കുന്നത്. അന്ന് നൂറോളം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മൻമോഹൻ സിംഗ് ഉത്തരം നൽകിയത്. ഒരു ചോദ്യങ്ങൾ പോലും മുൻപ് തയ്യാറാക്കിയവരായിരുന്നില്ല. ഇന്ന് ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനങ്ങളോട് മുഖം തിരിക്കുമ്പോൾ മൻമോഹൻ മാദ്ധ്യമങ്ങളെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മോദി ഒരു വാർത്താസമ്മേളത്തിൽ പോലും അഭിസംബോധന ചെയ്തിട്ടില്ല. മാസങ്ങൾക്ക് മുൻപ് മാദ്ധ്യമപ്രവർത്തകൻ പങ്കജ് പച്ചൗരി പങ്കുവച്ച ഒരു എക്സ് പോസ്റ്റിലാണ് കൂടുതൽ വിവരങ്ങൾ ഉളളത്. 2014ൽ മൻമോഹൻ സിംഗ് നടത്തിയ പ്രസംഗത്തിൽ മൻമോഹൻ സിംഗ് ബിജെപി സർക്കാരിനെയും നരേന്ദ്രമോദിയുടെ ഭരണവികാരത്തെയും കടന്നാക്രമിച്ചിരുന്നു. മോദിയെ ഒരു ദുരന്തമായാണ് മൻമോഹൻ സിംഗ് അന്ന് ചിത്രീകരിച്ചത്. തന്റെ ഭരണകാലത്തെക്കുറിച്ചും ഉണ്ടായ നേട്ടങ്ങളെക്കുറിച്ചും മൻമോഹൻ സിംഗ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
സമകാലിക മാദ്ധ്യമങ്ങളെക്കാളും പാർലമെന്റിലെ ഇടതുപക്ഷത്തേക്കാളും ചരിത്രം തന്നോട് ദയ കാണിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. മാദ്ധ്യമങ്ങൾ തൊടുത്തുവിട്ട 62 ചോദ്യങ്ങൾക്കാണ് മൻമോഹൻ സിംഗ് ആർജവത്തോടെ ഉത്തരം നൽകിയത്. ആ ഉത്തരങ്ങളെല്ലാം അദ്ദേഹത്തിന് ഇന്ത്യൻ രാഷ്ട്രീയത്തോടുളള സുതാര്യതയും ഉത്തരവാദിത്തവും എടുത്തുകാണിക്കുന്ന തരത്തിലുളളതായിരുന്നു. അഴിമതിക്കെതിരെയാണ് സർക്കാർ നീണ്ട പത്ത് വർഷം ഭരണം നടത്തിയതെന്നും അദ്ദേഹം മറുപടികളിലൂടെ വ്യക്തമാക്കിയിരുന്നു. പൊതുസേവനത്തിനായി ജീവിതത്തിൽ നീണ്ട കാലയളവ് മാറ്റി വച്ച വ്യക്തിയാണ് താനെന്നും മൻമോഹൻ സിംഗ് പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യഘട്ടത്തിൽ മാദ്ധ്യമങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിൽ നിർണായക സ്ഥാനം വഹിച്ചിരുന്നു. മോദിയെക്കാളും മാദ്ധ്യമങ്ങളുമായി അടുത്ത് ഇടപെഴകിയ വ്യക്തിയായിരുന്നു മൻമോഹൻ സിംഗ്. മാദ്ധ്യമങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളോട് മോദിക്ക് വിമുഖത ഉണ്ടായിട്ടും 2023ൽ അമേരിക്കയിൽ വൈറ്റ് ഹൗസ് സന്ദർശിക്കാനെത്തിയ അദ്ദേഹത്തോട് മാദ്ധ്യമ പ്രവർത്തകർ രണ്ട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. അവയ്ക്ക് മോദി നൽകിയ ഉത്തരം ദി വയറിലെ ഒരു ലേഖനത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്.
മുൻകൂട്ടി തയ്യാറാക്കാത്ത ചോദ്യങ്ങളോട് മോദി പ്രതികരിച്ചത് വലിയ വാർത്തായായിരുന്നു. അന്ന് ഇന്ത്യയിലെ പല മാദ്ധ്യമങ്ങളും ഇതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. രാജ്യത്തുളള പൊതുവിഷയങ്ങളെക്കുറിച്ച് സാധാരണഗതിയിൽ മൻകീബാത്ത് എന്ന റേഡിയോ പരിപാടിയിലൂടെയാണ് മോദി അഭിസംബോദന ചെയ്യാറുളളത്. 2024ലെ തിരഞ്ഞെടുപ്പ് സമയങ്ങളിലും മോദി മാദ്ധ്യമങ്ങളുമായി നേരിട്ട് സംവദിക്കാത്തത് ബിജെപിയുടെ നേതൃത്വത്തെയും ഉത്തരവാദിത്തെത്തയും ചോദ്യം ചെയ്യുന്നതായിരുന്നുവെന്ന് അന്ന് പല നേതാക്കളും വിമർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയത്താണ് മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ 117 തവണ മാദ്ധ്യമങ്ങളുമായി നേരിട്ട് അഭിസംബോധന ചെയ്തിട്ടുണ്ടെന്ന് കോൺഗ്രസ് എംപി മനീഷ് തീവാരി ചൂണ്ടിക്കാണിച്ചത്. അവയിൽ 72 എണ്ണം വിദേശയാത്രയ്ക്കിടയിലും പത്തെണ്ണം വർഷം തോറും, 23 എണ്ണം ആഭ്യന്തര സന്ദർശനം നടത്തിയപ്പോഴും 12 എണ്ണം തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലുമായിരുന്നു.