പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ചിത്രത്തിലെ നായകന് അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും ചേർന്ന് രണ്ട് കോടി രൂപ നല്‍കും. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്ജുന് വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 36-കാരിയായ രേവതിയുടെ കുടുംബത്തിനാണ് തുക നല്‍കുക. ഗുരുതരമായി പരിക്കേറ്റ രേവതിയുടെ ഒമ്പതുകാരനായ മകന് ചികിത്സയില്‍ തുടരുകയാണ്.
രേവതിയുടെ കുടുംബത്തിന് അല്ലു അര്ജുന് ഒരു കോടി രൂപയാണ് നല്‍കുക. പുഷ്പ 2-ന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവീസും സംവിധായകന് സുകുമാറും 50 ലക്ഷം രൂപ വീതം കുടുംബത്തിന് നല്‍കും. ചലച്ചിത്ര നിര്‍മ്മാതാവും തെലങ്കാന ഫിലിം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്‍പേഴ്സണുമായ ദില്‍ രാജുവാണ് തുക രേവതിയുടെ കുടുംബത്തിന് കൈമാറുക.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദാണ് രേവതിയുടെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. രേവതിയുടെ മകനെ ഹൈദരാബാദിലെ കിംസ് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രേവതിയുടെ കുടുംബവുമായി ഇടപഴകാന്‍ പാടില്ലെന്ന നിയമോപദേശം ലഭിച്ചതിനാലാണ് ദില്‍ രാജുവിനോട് തുക കൈമാറാന്‍ ആവശ്യപ്പെട്ടതെന്ന് അല്ലു അരവിന്ദ് പറഞ്ഞു.
രേവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂറിലേറെയാണ് താരത്തെ ചോദ്യം ചെയ്തത്. പ്രധാനചോദ്യങ്ങളോടൊന്നും അല്ലു പ്രതികരിച്ചില്ല എന്നാണ് പോലീസ് പറഞ്ഞത്.
ഇതിനിടെ സംഭവദിവസം നടന്റെ സുരക്ഷാജോലിക്കാര് ആളുകളെ മര്‍ദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. രേവതിയെ സുരക്ഷാജോലിക്കാര് തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളുമുണ്ട്. വലിയ വടി ഉപയോഗിച്ച് ആളുകളെ സുരക്ഷാസേനയില്പ്പെട്ടവര് നേരിടുന്നതും കാണാം. മര്‍ദനക്കേസില്‍ അല്ലുവിന്റെ സുരക്ഷാജോലിക്കാരനായ ആന്റണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]